ഇന്‍ഫോസിസ് സുസ്ഥിരം; നോട്ടം ഭാവിയിലേക്ക്: നന്ദന്‍ നിലേക്കനി

ഇന്‍ഫോസിസ് സുസ്ഥിരം; നോട്ടം ഭാവിയിലേക്ക്: നന്ദന്‍ നിലേക്കനി

കമ്പനിയുടെ ഓഹരി വില ഈ വര്‍ഷം 30 ശതമാനം വര്‍ധിച്ചു; സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ രണ്ട് ബില്യണ്‍ ഡോളറിലധികം മൂല്യം വരുന്ന ഇടപാടുകള്‍ ഒപ്പിച്ചു

ബെംഗളൂരു: പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ്, ഒരു വര്‍ഷം മുന്‍പ് അകപ്പെട്ട പ്രതിബന്ധങ്ങളെ തരണം ചെയ്‌തെന്ന് ചെയര്‍മാന്‍ നന്ദന്‍ നിലേക്കനി. ഏറെ പ്രതീക്ഷകളോടെ ഭാവിയിലേക്ക് ഉറ്റുനോക്കുകയാണ് കമ്പനിയെന്നും സിംഗപ്പൂരില്‍ ബ്ലൂംബെര്‍ഗ് സംഘടിപ്പിച്ച ദ്വിദിന ന്യൂ ഇകണോമിക് ഫോറത്തില്‍ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. ‘ഒരു വര്‍ഷത്തിലധികായി ഞാന്‍ ഇന്‍ഫോസിസ് ചെയര്‍മാനായി സ്ഥാനമേറ്റിട്ട്. സലില്‍ പരേഖിലൂടെ നമുക്ക് ഒരു മികച്ച ചീഫ് എക്‌സിക്യൂട്ടീവിനെ ലഭിച്ചു. കമ്പനി സ്ഥിരതയോടെ പ്രതീക്ഷയുടെ പാതയില്‍ മുന്നേറുകയാണ്,’ നിലേക്കനി പറഞ്ഞു.

ബാംഗ്ലൂര്‍ ആസ്ഥാനമായ കമ്പനിയുടെ ഓഹരി വില ഈ വര്‍ഷം 30 ശതമാനം വര്‍ധിച്ചിട്ടുണ്ട്. 2017 ല്‍ 3.1 ശതമാനം മൂല്യ വര്‍ധന മാത്രമാണ് ഓഹരികള്‍ക്കുണ്ടായിരുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഇന്‍ഫോസിസ് രണ്ട് ബില്യണ്‍ ഡോളറിലധികം മൂല്യം വരുന്ന ഇടപാടുകളുടെ കരാറില്‍ ഒപ്പിട്ടിട്ടുണ്ട്. കമ്പനിയുടെ അറ്റവരുമാനവും പ്രവചനങ്ങളെ കടത്തി വെട്ടി മുന്നേറിയിട്ടുണ്ട്.

ഇന്ത്യയുടെ ഐടി സേവനങ്ങളുടെ ഭാവി ശോഭനമാണെന്ന് നിലേക്കനി അഭിപ്രായപ്പെട്ടു. ‘ആഗോള തലത്തില്‍ വ്യവസായ മേഖലയും സര്‍ക്കാരുകളും വലിയൊരു ഡിജിറ്റല്‍ പരിവര്‍ത്തനത്തിലൂടെ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഓട്ടോബൊബീല്‍, റീട്ടെയ്ല്‍, സാമ്പത്തിക സേവനങ്ങള്‍ തുടങ്ങി ഏത് വ്യവസായ മേഖലയിലും വലിയതോതിലുള്ള പുനര്‍നിര്‍മാണം നടക്കുകയാണ്,’ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്‍ഫോസിസ് പോലുള്ള കമ്പനികള്‍ക്ക് മികച്ച അവസരവും പൗരന്‍മാര്‍ക്ക് ശാക്തീകരണത്തിനുള്ള ഉപകരണവുമാണ് രാജ്യത്തിന്റെ ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനമായ ആധാറെന്നും നിലേക്കനി അഭിപ്രായപ്പെട്ടു. സ്വന്തം ഡാറ്റ ഡിജിറ്റല്‍ രൂപത്തില്‍ ഉപയോഗപ്പെടുത്താന്‍ പൗരന്‍മാരെ സഹായിക്കുന്ന ഇന്ത്യയുടെ വിശിഷ്ടമായ അടിസ്ഥാന സൗകര്യമാണ് ആധാറും അത് സംബന്ധിച്ച നിയമങ്ങളുമെന്ന് യുഐഡിഎഐ ചെയര്‍മാന്‍ കൂടിയായിരുന്ന അദ്ദേഹം ചൂണ്ടിക്കാട്ടി.

2017 ആഗസ്റ്റ് 24 നാണ് ഇന്‍ഫോസിസിന്റെ ചെയര്‍മാനായി നിലേക്കനി നിയമിതനായിരുന്നത്. വിശാല്‍ സിക്കയുടെ പുറത്തു പോകല്‍ സൃഷ്ടിച്ച വന്‍ പ്രതിസന്ധി തരണം ചെയ്യാനായിരുന്നു അദ്ദേഹത്തെ കൊണ്ടുവന്നിരുന്നത്. ജനുവരിയില്‍ ഔദ്യോഗികമായി ചുമതലയേറ്റെടുന്ന സലില്‍ പരേഖ്, കമ്പനിയുടെ ബോര്‍ഡും സഹ സ്ഥാപകരും തമ്മിലുള്ള പൊരുത്തക്കേടുകള്‍ രമ്യപ്പെടുത്തി കൂടുതല്‍ സ്ഥിരത കൈവരിക്കുന്നതിനാണ് ശ്രദ്ധകേന്ദ്രീകരിച്ചത്.

Comments

comments

Categories: Business & Economy
Tags: Infosys