‘ഇന്ത്യയുടെ റഫേല്‍’ ആദ്യമായി പറന്നു; 2019 സെപ്റ്റംബറില്‍ വിമാനങ്ങള്‍ കൈമാറാനാരംഭിക്കും

‘ഇന്ത്യയുടെ റഫേല്‍’ ആദ്യമായി പറന്നു; 2019 സെപ്റ്റംബറില്‍ വിമാനങ്ങള്‍ കൈമാറാനാരംഭിക്കും

2022 ഏപ്രിലില്‍ കരാര്‍ കാലാവധി അവസാനിക്കുന്നതോടെയേ സാങ്കേതിക വിദ്യയോടൊപ്പം ഈ വിമാനം കൈമാറൂ; കരാര്‍ പ്രകാരമുള്ള ശേഷിക്കുന്ന 35 റഫേല്‍ വിമാനങ്ങളുടെ കൈമാറ്റം അടുത്ത വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ആരംഭിക്കും.

ന്യൂഡെല്‍ഹി: പ്രതിരോധ കരാര്‍ പ്രകാരം ഇന്ത്യക്ക് കൈമാറാന്‍ വേണ്ടി ഫ്രാന്‍സിലെ ദസ്സോ ഏവിയേഷന്‍ നിര്‍മിക്കുന്ന 36 റഫേല്‍ യുദ്ധവിമാനങ്ങളില്‍ ആദ്യത്തേത് വിജയകരമായി പരീക്ഷണപ്പറക്കല്‍ നടത്തി. ഒക്‌റ്റോബര്‍ 30ന് വിമാനം ഫ്രാന്‍സിലെ നിര്‍മാണ ശാലയില്‍ നിന്ന് പറന്നുയര്‍ന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്ന പ്രത്യേക സാങ്കേതിക വിദ്യകളും മറ്റും ഉള്‍ച്ചേര്‍ത്ത വിമാനമാണ് പരിക്ഷണ പറക്കല്‍ ആരംഭിച്ചത്. 2022 ഏപ്രിലില്‍ കരാര്‍ കാലാവധി അവസാനിക്കുന്നതോടെയേ സാങ്കേതിക വിദ്യയോടൊപ്പം ഈ വിമാനം കൈമാറൂ. അതുവരെ ഫ്രാന്‍സില്‍ പരീക്ഷണ പറക്കല്‍ നടത്തും. അതേസമയം കരാര്‍ പ്രകാരമുള്ള ശേഷിക്കുന്ന 35 റഫേല്‍ വിമാനങ്ങളുടെ കൈമാറ്റം അടുത്ത വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ആരംഭിക്കും. പ്രത്യേക സാങ്കേതിക വിദ്യകള്‍ ഉള്‍ച്ചേര്‍ത്തതാവില്ല ഈ വിമാനങ്ങള്‍. അവസാന വിമാനവും കൈമാറുന്ന ഘട്ടത്തിലായിരിക്കും ഇന്ത്യ പ്രത്യേകം ആവശ്യപ്പെട്ട ഈ സാങ്കേതിക വിദ്യകള്‍ കൈമാറുക. ഇന്ത്യയില്‍ നിര്‍മിച്ച് വിമാനങ്ങളില്‍ ഘടിപ്പിക്കുകയായിരിക്കും ചെയ്യുക. ഓരോ മാസത്തിലും ഏഴ് വിമാനങ്ങളില്‍ വീതം ആധുനിക സാങ്കേതിക ഉള്‍ച്ചേര്‍ക്കല്‍ നടത്താനാണ് പദ്ധതി.

2022 സെപ്റ്റംബറോടെ പൂര്‍ണമായും സജ്ജമായ 36 റഫേല്‍ വിമാനങ്ങളുടെ സ്‌ക്രാഡ്രണ്‍ ഇന്ത്യയുടെ പക്കല്‍ ഉണ്ടാവും. ഇസ്രയേല്‍ നിര്‍മിത സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ സംവിധാനം, താഴ്ന്ന ബാന്‍ഡ് വിഡ്ത്തിലുള്ള ജാമര്‍, ഉന്നത ശേഷിയുള്ള എഞ്ചിന്‍, പ്രത്യേക മോഡുകളുള്ള റഡാര്‍ അടക്കമുള്ള സാങ്കേതിക വിദ്യകളാണ് ഇന്ത്യയുടെ ആവശ്യപ്രകാരം ഘടിപ്പിക്കുന്നത്. തന്ത്രപരമായ പ്രതിരോധ രഹസ്യമായതിനാല്‍ വിമാനത്തിന്റെ ശേഷിയെക്കുറിച്ചും ഘടിപ്പിക്കുന്ന സാങ്കേതിക സംവിധാനങ്ങളെ കുറിച്ചും മറ്റ് വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഫ്രഞ്ച് വ്യോമസേനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന റഫേല്‍ വിമാനങ്ങളേക്കാള്‍ സാങ്കേതികമായി മുന്നിട്ടു നില്‍ക്കുന്നതാവും ഇന്ത്യക്ക് ലഭിക്കുന്ന വിമാനങ്ങളെന്നാണ് ദസ്സോ കമ്പനി നല്‍കിയിരിക്കുന്ന സൂചന.

ആദ്യ വിമാനമെത്താന്‍ ഒരു വര്‍ഷം മാത്രം ശേഷിക്കെ ഇന്ത്യന്‍ വ്യോമസേന തയാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. റഫേല്‍ വിമാനങ്ങള്‍ക്കായുള്ള അടിസ്ഥാന സൗകര്യ വികസനമാണ് നടക്കുന്നത്. ഹരിയാനയിലെ അംബാലയിലും ബംഗാളിലെ ഹസിമാരയിലുമുള്ള വ്യോമതാവളങ്ങളിലാണ് 18 വീതം റഫേല്‍ വിമാനങ്ങളുടെ സ്‌ക്രാഡ്രണുകള്‍ രൂപീകരിക്കുക. പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നും 220 കിലോമീറ്റര്‍ ദൂരെയുള്ള അംബാലയിലാവും ആദ്യ സ്‌ക്രാഡ്രണ്‍ എത്തുക. ജാഗ്വാര്‍ യുദ്ധവിമാനങ്ങളുടെ താവളമാണ് നിലവില്‍ അംബാല. 400 കോടിയിലേറെ രൂപ ചെലവാക്കി റഫേല്‍ വിമാനങ്ങള്‍ക്കായുള്ള കോണ്‍ക്രീറ്റ് താവളങ്ങളാണ് നിര്‍മിക്കപ്പെടുന്നത്.

നിലവില്‍ വ്യോമസേനയുടെ ആറംഗ സംഘമാണ് റഫേല്‍ പറത്താനുള്ള പരിശീലനത്തിനായി പാരീസിലുള്ളത്. ഒരു പൈലറ്റും എഞ്ചിനീയറും നാല് സാങ്കേതിക വിദഗ്ധരുമാണ് സംഘത്തിലുള്ളത്. കിഴക്കന്‍ ഫ്രാന്‍സിലെ സെന്റ്്-ഡിസിയന്‍ വ്യോമ താവളത്തിനാണ് ഇവര്‍ക്ക് പരിശീലനം ലഭിക്കുന്നത്. വൈകാത നിരവധി സംഘങ്ങളെ വ്യോമസേന പരിശീലനത്തിനായി ഫ്രാന്‍സിലേക്കയക്കും. ഈ ഇന്ത്യന്‍ സംഘങ്ങളായിരിക്കും ഇന്ത്യയിലേക്ക് റഫേല്‍ വിമാനങ്ങള്‍ പറത്തിക്കൊണ്ട് വരിക.

Comments

comments

Categories: Current Affairs
Tags: Raphael