ഇന്ത്യന്‍ ഹോട്ടല്‍ ശൃംഖല ലെമണ്‍ട്രീ ദുബായിലെത്തുന്നു

ഇന്ത്യന്‍ ഹോട്ടല്‍ ശൃംഖല ലെമണ്‍ട്രീ ദുബായിലെത്തുന്നു

അല്‍ വലീദ് റിയല്‍ എസ്‌റ്റേറ്റുമായി സഹകരിച്ചാണ് ലെമണ്‍ ട്രീ ഹോട്ടല്‍സ് ദുബായ് വിപണിയിലേക്ക് രംഗപ്രവേശം ചെയ്യുന്നത്

ദുബായ്: ഇന്ത്യയിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി കമ്പനിയായ ലെമണ്‍ട്രീ ഹോട്ടല്‍സ് ലിമിറ്റഡ് ദുബായില്‍ തങ്ങളുടെ ആദ്യ ഹോട്ടല്‍ തുറക്കുന്നു. ലെമണ്‍ ട്രീയുടെ ഉപകമ്പനിയായ കാര്‍നേഷന്‍ ഹോട്ടല്‍സ് വഴിയാണ് ദുബായ് വിപണിയിലെ പരീക്ഷണം. പുതുബിസിനസിനായി അല്‍ വലീദ് റിയല്‍ എസ്റ്റേറ്റും ലെമണ്‍ട്രീ ഹോട്ടല്‍സും തമ്മില്‍ കരാര്‍ ഒപ്പുവെച്ചു.

അല്‍ വസല്‍ റോഡിലാണ് ലെമണ്‍ട്രീ ഹോട്ടല്‍ വരുന്നത്. 114 റൂമുകളും സ്യൂട്ടുകളും മള്‍ട്ടി ക്യുസിന്‍ റെസ്റ്ററന്റും കോണ്‍ഫറന്‍സ് റൂമും സ്വിമ്മിംഗ് പൂളുമെല്ലാം അടങ്ങുന്നതാണ് ഹോട്ടല്‍. അല്‍ വലീദ് റിയല്‍ എസ്‌റ്റേറ്റുമായി ചേര്‍ന്ന് ദുബായ് വിപണിയിലേക്ക് പ്രവേശിക്കാന്‍ സാധിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഇത് യുഎഇയിലെ ഞങ്ങളുടെ ആദ്യത്തെ ഹോട്ടലാണ്. അതുകൊണ്ടുതന്നെ വലിയ ബിസിനസ് സാധ്യതകള്‍ ഇതിനുണ്ടെന്ന് കരുതുന്നു-ലെമണ്‍ട്രീ ഹോട്ടല്‍സിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്ററും കാര്‍നേഷന്‍ ഹോട്ടല്‍സിന്റെ ഡയറക്റ്ററുമായ രത്തന്‍ കെസ്വാനി പറഞ്ഞു.

ഇടത്തരം വിഭാഗത്തില്‍ പെട്ട ഹോട്ടലുകള്‍ക്ക് ഈ വിപണിയില്‍ വലിയ ആവശ്യകതയുണ്ട്. അതുകൊണ്ടുതന്നെ ലെമണ്‍ട്രീ ഹോട്ടല്‍സുമായുള്ള പങ്കാളിത്ത പദ്ധതി ഗുണം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ദുബായ് ടൂറിസത്തെ സംബന്ധിച്ചിടത്തോളം ഇന്ത്യ മികച്ച ഉറവിട വിപണിയാണെന്നതും ഇതിനോട് ചേര്‍ത്ത് വായിക്കണം-അല്‍ വലീദ് റിയല്‍ എസ്‌റ്റേറ്റ് സിഇഒ മുഹമ്മദ് അബ്ദുള്‍റസാഖ് അബ്ദുള്‍ അസീസ് അല്‍ മുറ്റവ പറഞ്ഞു.

2004 മേയിലാണ് ലെമണ്‍ട്രീ ആദ്യമായി ഹോട്ടല്‍ സംരംഭം തുറന്നത്. നിലവില്‍ 31 നഗരങ്ങളിലായി 51 ഹോട്ടലുകളും 5,000ത്തോളം റൂമുകളും ലെമണ്‍ട്രീ ഹോട്ടല്‍സിനുണ്ട്.

Comments

comments

Categories: Arabia