2030ല്‍ ഡെല്‍ഹി ടോക്കിയോയെ കടത്തിവെട്ടും

2030ല്‍ ഡെല്‍ഹി ടോക്കിയോയെ കടത്തിവെട്ടും

2030 ഓടുകൂടി ലോകത്താകെയുള്ള ജനസംഖ്യയുടെ 60 ശതമാനം നഗരങ്ങളിലാകുമെന്നു റിപ്പോര്‍ട്ട്. ജനസംഖ്യ അടിസ്ഥാനമാക്കി ടോക്കിയോയെ മറികടന്ന് ഡെല്‍ഹി ലോകത്തിലെ ഏറ്റവും വലിയ നഗരമായി മാറുമെന്നും യുഎന്‍ഡിഇഎസ്എ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു

ലോകജനസംഖ്യയില്‍ ഇന്ത്യ ഇപ്പോള്‍ രണ്ടാംസ്ഥാനത്താണ്. നഗരങ്ങളിലും ഗ്രാമങ്ങളിലും ജനസംഖ്യ വലിയ തോതില്‍ കുറവില്ലാത്ത സാഹചര്യത്തില്‍ 2030 ഓടുകൂടി ഇന്ത്യയുടെ തലസ്ഥാനനഗരി, ജനസംഖ്യയുടെ കാര്യത്തില്‍ ടോക്കിയോയെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ നഗരമായി മാറുമെന്നാണ് യുഎന്‍ റിപ്പോര്‍ട്ട്. യുഎന്നിന്റെ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ് (യുഎന്‍ഡിഇഎസ്എ) ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ലോകമെമ്പാടും നഗരങ്ങളില്‍ ജനബാഹുല്യം ഏറിവരികയാണ്. 2018-ല്‍ ലോകത്താകെയുള്ള ജനസംഖ്യയുടെ 55.3 ശതമാനം ആളുകള്‍ നഗരങ്ങളിലാകും താമസമാക്കിയിരിക്കുകയെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 2030 ഓടുകൂടി ഈ തോത് 60 ശതമാനമായി ഉയരും. മാത്രമല്ല ആഗോളകണക്കുകളില്‍ മൂന്നില്‍ ഒരാള്‍ നഗരവാസിയാകുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

നഗരങ്ങളിലേക്ക് ജനശ്രദ്ധ ഇത്ര വലിയ തോതില്‍ കൂടുന്നതിനും കാരണങ്ങളുണ്ട്. ജീവിതനിലവാരം കൊണ്ടും സൗകര്യങ്ങള്‍ കൊണ്ടും നഗരങ്ങള്‍ മെച്ചപ്പെട്ടതായി മാറുന്നു. മാത്രമല്ല, തൊഴില്‍ സാഹചര്യങ്ങള്‍, വരുമാനം എന്നിവ കണക്കിലെടുത്താലും നഗരങ്ങളോടാണ് പ്രൊഫഷണലുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രിയമേറുന്നത്. സുരക്ഷാസൗകര്യങ്ങള്‍ കണക്കിലെടുത്താലും നഗരങ്ങള്‍ തന്നെയാണ് മെച്ചം. സര്‍ക്കാര്‍ ഹബ്ബുകള്‍, വാണിജ്യം, ഗതാഗതാസൗകര്യങ്ങള്‍ എന്നിവ കൊണ്ടെല്ലാം സമ്പന്നമാണ് നഗരങ്ങളെന്നത് ഏതൊരാളും സമ്മതിക്കുകയും ചെയ്യുന്നു.

വന്‍നഗരങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ്

2000 ല്‍ ലോകത്തിലാകെ 371 നഗരങ്ങളിലാണ് പത്തുലക്ഷം ആളുകളോ അതില്‍ കൂടുതലോ ഉണ്ടായിരുന്നത്. എന്നാല്‍ 2018ല്‍ ഇത് ഏകദേശം 548 ആയി മാറിയിരിക്കുന്നു. 2030 ഓടുകൂടി കുറഞ്ഞത് പത്തുലക്ഷം ആളുകളുള്ള നഗരങ്ങളുടെ എണ്ണം 706 ആയി മാറുമെന്നാണ് വിലയിരുത്തല്‍. പത്ത് ദശലക്ഷം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരങ്ങള്‍ മെഗാനഗരങ്ങളുടെ പട്ടികയിലേക്ക് മാറ്റപ്പെടും. നിലവില്‍ 33 മെഗാനഗരങ്ങളാണ് ഈ നിരയിലുള്ളത്. മെഗാനഗരങ്ങളുടെ എണ്ണം 2030 ആകുമ്പോഴേക്കും 43ല്‍ എത്തുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

2018-ല്‍ 48 നഗരങ്ങളിലെ ജനസംഖ്യ 5 മുതല്‍ 10 ദശലക്ഷത്തിനിടയ്ക്കാണ്. 2030 ഓടുകൂടി ഇതില്‍ പത്തു നഗരങ്ങള്‍ മെഗാനഗരങ്ങളുടെ പട്ടികയിലേക്ക് കടക്കും. മാത്രമല്ല 28 നഗരങ്ങളില്‍ ജനസംഖ്യ 2030 ഓടുകൂടി വര്‍ധിച്ച് 5 ദശലക്ഷം കടക്കുമെന്നും സൂചനയുണ്ട്. ഇതില്‍ പത്തു നഗരങ്ങള്‍ ഏഷ്യയിലും പത്തെണ്ണം ആഫ്രിക്കയിലുമാണ്. 2030-ല്‍ 5 മുതല്‍ 10 ദശലക്ഷം ആളുകള്‍ വസിക്കുന്ന നഗരങ്ങളുടെ എണ്ണം 68 ആയി മാറും.

2018ല്‍ ലോകത്താകെ ഒന്നു മുതല്‍ അഞ്ച് ദശലക്ഷം ആളുകളുള്ള നഗരങ്ങള്‍ 467 ആണ്. 2030 ഓടുകൂടി 597 നഗരങ്ങളില്‍ ഈ തോതിലുള്ള ജനസംഖ്യയുണ്ടാകുമെന്നും യുഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലെ സാഹചരത്തില്‍ 5 ലക്ഷത്തിനും പത്ത് ലക്ഷത്തിനും ഇടയില്‍ ജനസംഖ്യയുള്ള നഗരങ്ങളുടെ എണ്ണം 2030-ല്‍ 710 ല്‍ എത്തുമെന്നാണ് പ്രതീക്ഷ.

ഗ്രാമീണ ജനസംഖ്യയില്‍ നേരിയ കുറവ്

നിലവില്‍ 1.7 ബില്യണ്‍ ആളുകള്‍, അതായത് ലോകജനസംഖ്യയുടെ 23 ശതമാനത്തോളം, പത്ത് ലക്ഷം ആളുകള്‍ താമസിക്കുന്ന നഗരങ്ങളിലാണ് ഉള്‍ക്കൊള്ളുന്നത്. 2030ല്‍ ഈ തോത് 28 ശതമാനമായി ഉയരും. 2018നും 2030 നും ഇടയ്ക്ക് ലോകത്ത് എല്ലാ വിഭാഗത്തിലുമുള്ള നഗരങ്ങളിലും ജനസംഖ്യ ഉയരുമെന്നാണ് സൂചന. എന്നാല്‍ ഗ്രാമീണ ജനസംഖ്യയില്‍ നേരിയ കുറവ് രേഖപ്പെടുത്തും. ഈ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ലോക ജനസംഖ്യയുടെ 45 ശതമാനം ഗ്രാമീണ പ്രദേശങ്ങളില്‍ വസിക്കുന്നവരാണ്. ഇത് 2030 ഓടുകൂടി കുറഞ്ഞ് 40 ശതമാനമായി മാറുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിലവില്‍ ലോകജനസംഖ്യയുടെ 6.9 ശതമാനം ആളുകള്‍ മെഗാനഗരങ്ങളിലാണ് താമസം, ഈ തോത് 2030 ആകുമ്പോഴേക്കും 8.8 ശതമാനമായി മാറും. നിലവില്‍ മെഗാനഗരങ്ങളില്‍ താമസിക്കുന്നവരുടെ എണ്ണം 529 ദശലക്ഷത്തില്‍ നിന്നും 2030ഓടെ 752 ദശലക്ഷമായി മാറും.

നഗരവല്‍ക്കരണത്തിന് പൊതുവെ എല്ലാ വിഭാഗം ജനങ്ങളും പച്ചക്കൊടി കാണിക്കുന്ന സാഹചര്യമാണ് കാണാനാവുക. സാമ്പത്തികപരമായി മികച്ച നിലവാരവും ശരിയായ ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം എന്നിവയെല്ലാം നഗരങ്ങളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നുണ്ട്. നഗരങ്ങളില്‍ ആവശ്യമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്നു എന്നതും എടുത്തുപറയേണ്ടതു തന്നെ. 2030ല്‍ 43 മെഗാനഗരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതില്‍ ഏറെയും വികസ്വര രാജ്യങ്ങളിലാകുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഡെല്‍ഹിയുടെ കുതിപ്പ്

2018നും 2030 നും ഇടയ്ക്ക് ഡെല്‍ഹിയിലെ ജനസംഖ്യയില്‍ കാര്യമായ വര്‍ധനവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഡെല്‍ഹിയിലെ ജനസംഖ്യ 10 ദശലക്ഷമായി കുതിച്ചുയരുമ്പോള്‍ ടോക്കിയോയില്‍ ഇത് 900,000 മാത്രമായിരിക്കുമെന്നാണ് വിലയിരുത്തല്‍. ഈ വര്‍ഷം ജനസംഖ്യയില്‍ ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളില്‍ പത്താം സ്ഥാനത്തുള്ള ജപ്പാനിലെ ഒസാക്ക, 2030ല്‍ ആദ്യ പത്തു നഗരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കോംഗോയിലെ കിന്‍ഷാസയാകും ആഗോള റാങ്കിംഗ് പട്ടികയില്‍ പത്താം സ്ഥാനത്തുണ്ടാകുക.

Comments

comments

Categories: World
Tags: Population