ടൂറിംഗ് ആവശ്യങ്ങള്‍ക്ക് ഹീറോ എക്‌സ്പള്‍സ് 200ടി

ടൂറിംഗ് ആവശ്യങ്ങള്‍ക്ക് ഹീറോ എക്‌സ്പള്‍സ് 200ടി

സ്റ്റാന്‍ഡേഡ് എക്‌സ്പള്‍സ് 200 ഈ വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു

മിലാന്‍ : പുതിയ ബൈക്കുമായി ഹീറോ മോട്ടോകോര്‍പ്പ് രംഗത്ത്. മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ എക്‌സ്പള്‍സ് 200ടി എന്ന പുതിയ ബൈക്ക് ഹീറോ മോട്ടോകോര്‍പ്പ് അനാവരണം ചെയ്തു. സ്റ്റാന്‍ഡേഡ് എക്‌സ്പള്‍സ് 200 ഈ വര്‍ഷത്തെ ഇന്ത്യാ ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. രണ്ടാമത്തെ വേരിയന്റാണ് മിലാനില്‍ അനാവരണം ചെയ്തത്. സ്റ്റാന്‍ഡേഡ് ബൈക്ക് ഓഫ്-റോഡ് റൈഡിംഗിനാണ് ഉപകരിക്കുന്നതെങ്കില്‍ പുതിയ വേരിയന്റ് ടൂറിംഗ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം.

ഗ്രൗണ്ട് ക്ലിയറന്‍സ് 30 മില്ലി മീറ്റര്‍ കുറച്ചതിനാല്‍ ഹീറോ എക്‌സ്പള്‍സ് 200ടിയുടേത് വ്യത്യസ്തമായ സ്റ്റാന്‍സാണ്. സീറ്റ്, ഹാന്‍ഡില്‍ ബാര്‍ എന്നിവയും മാറ്റിസ്ഥാപിച്ചു. റോഡിന് കൂടുതലായി ഇണങ്ങുന്ന 17 ഇഞ്ച് വീലുകള്‍ മുന്നിലും പിന്നിലും നല്‍കിയിരിക്കുന്നു. എക്‌സ്പള്‍സ് 200 മോട്ടോര്‍സൈക്കിളിന് മുന്നില്‍ 21 ഇഞ്ച് വലുപ്പമുള്ള ചക്രവും പിന്നില്‍ 18 ഇഞ്ച് ചക്രവുമാണ് നല്‍കിയത്. ആധുനിക സാങ്കേതികവിദ്യയും റെട്രോ സ്‌റ്റൈലിംഗും സമ്മേളിക്കുന്ന ടൂററാണ് എക്‌സ്പള്‍സ് 200ടി എന്ന് ഹീറോ മോട്ടോകോര്‍പ്പ് പ്രസ്താവിച്ചു. സുഖകരമായ റൈഡിംഗ് പൊസിഷനാണ് മോട്ടോര്‍സൈക്കിള്‍ സമ്മാനിക്കുന്നത്. വലിയ ലഗേജ് പ്ലേറ്റ് നല്‍കിയതിനാല്‍ ലോഡിംഗ് ശേഷി കൂടുതലാണ്.

എക്‌സ്പള്‍സ് 200 പോലെ, സിംഗിള്‍ ചാനല്‍ എബിഎസ്, എല്‍ഇഡി ലൈറ്റിംഗ്, ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ എന്നിവ 200ടിയുടെ ഫീച്ചറുകളാണ്. വ്യത്യസ്തമായ ഫ്‌ളൈസ്‌ക്രീന്‍ കാണാം. എക്‌സ്പള്‍സ് പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയ നാല് കസ്റ്റം മോട്ടോര്‍സൈക്കിളുകളും ഹീറോ മോട്ടോകോര്‍പ്പ് പ്രദര്‍ശിപ്പിച്ചു. കഫേ റേസര്‍ കണ്‍സെപ്റ്റ്, ഡെസേര്‍ട്ട് കണ്‍സെപ്റ്റ്, സ്‌ക്രാംബ്ലര്‍ കണ്‍സെപ്റ്റ്, ഫഌറ്റ്-ട്രാക്ക് കണ്‍സെപ്റ്റ് എന്നിവയാണ് അണിനിരത്തിയത്.

Comments

comments

Categories: Auto
Tags: Hero X pulse