രണ്ടാം പാദത്തില്‍ ഫോര്‍ട്ടിസിന്റെ നഷ്ടം 167 കോടി

രണ്ടാം പാദത്തില്‍ ഫോര്‍ട്ടിസിന്റെ നഷ്ടം 167 കോടി

ഗുരുഗ്രാം: ഏഷ്യയിലെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ സേവന ദാതാവായ ഐഎച്ച്എച്ച് ഹെല്‍ത്ത് കെയര്‍ ഏറ്റെടുത്ത പ്രമുഖ ഇന്ത്യന്‍ ഹോസ്പിറ്റല്‍ ശൃംഖലയായ ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ ലിമിറ്റഡിന് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ 167 കോടി രൂപയുടെ നഷ്ടം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ സമാന കാലയളവില്‍ 45.9 കോടി രൂപയുടെ അറ്റനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇന്ത്യക്ക് പുറമെ ദുബായ്, മൗറീഷ്യസ്, ശ്രീലങ്ക എന്നിവിടങ്ങളിലും ഗ്രൂപ്പിന് ആശുപത്രികളുണ്ട്.

സെപ്റ്റംബര്‍ പാദത്തില്‍ 900 കോടി രൂപയാണ് ഹോസ്പിറ്റല്‍ വ്യവസായത്തില്‍ നിന്നുള്ള കമ്പനിയുടെ വരുമാനം. കഴിഞ്ഞ വര്‍ഷം ഇത് 966 കോടി രൂപയായിരുന്നു. എബിറ്റ്ഡ (പലിശ, നികുതികള്‍,ചെലവ് എന്നിവ ഉള്‍പ്പെടുത്താതെയുള്ള വരുമാനം) 88 കോടി രൂപയാണ്. കമ്പനിയുടെ സംയോജിത അറ്റവരുമാനം അഞ്ച് ശതമാനം ഇടിഞ്ഞ് 1,140 കോടി രൂപയായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,197 കോടി രൂപയായിരുന്നു കമ്പനിയുടെ നഷ്ടം. മാത്രമല്ല ഇക്കാലയളവില്‍ കമ്പനിയുടെ ഒറ്റത്തവണ നഷ്ടം 96.07 കോടി രൂപയായിരുന്നു.

അടുത്തിടെയാണ് മലേഷ്യ-സിംഗപ്പൂര്‍ കമ്പനിയായ ഐഎച്ച്എച്ച് ഹെല്‍ത്ത് കെയറിന് ഫോര്‍ട്ടിസിന്റെ ഓഹരികള്‍ സ്വന്തമാക്കുന്നതിന് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ അംഗീകാരം നല്‍കിയത്. കരാറിന്റെ ഭാഗമായി ഐഎച്ച്എച്ച് ഹെല്‍ത്ത് കെയര്‍ മുന്‍ഗണനാ അലോട്ട്‌മെന്റ് പ്രകാരം 4,000 കോടി രൂപയാണ് ഫോര്‍ട്ടിസില്‍ നിക്ഷേപിക്കുക. പണം കൈമാറ്റം ഉടന്‍ പൂര്‍ത്തിയാകുമെന്നാണ് കണക്കാക്കുന്നത്.

Comments

comments

Categories: Business & Economy
Tags: Fortis