ഫെസ്റ്റിവല്‍ പ്ലാസ പ്രൊജക്റ്റില്‍ ലുലു ഹൈപ്പര്‍മര്‍ക്കറ്റും

ഫെസ്റ്റിവല്‍ പ്ലാസ പ്രൊജക്റ്റില്‍ ലുലു ഹൈപ്പര്‍മര്‍ക്കറ്റും

ജെബെല്‍ അലിയില്‍ നിര്‍മാണം പുരോഗമിക്കുന്ന അല്‍ഫുട്ടയിമിന്റെ പുതിയ ഷോപ്പിംഗ് ഡെസ്റ്റിനേഷനില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റും

ദുബായ്: അത്യാഡംബര ഷോപ്പിംഗ് ഡെസ്റ്റിനേഷനെന്ന നിലയിലാണ് ജെബെല്‍ അലിയില്‍ അല്‍ ഫുട്ടയിമിന്റെ ഫെസ്റ്റിവല്‍ പ്ലാസ ഒരുങ്ങുന്നത്. വന്‍കിട ബ്രാന്‍ഡുകളെയെല്ലാം ഫെസ്റ്റിവല്‍ പ്ലാസയില്‍ അണിനിരത്താനുള്ള ശ്രമത്തിലാണ് അല്‍ ഫുട്ടയിം. പ്ലാസയിലെ ഹൈപ്പര്‍മാര്‍ക്കറ്റ് ഏത് ബ്രാന്‍ഡായിരിക്കണമെന്ന കാര്യത്തില്‍ അല്‍ഫുട്ടയിമിന് യാതൊരുവിധ സംശയവുമില്ല. മലയാളിയുടെ അഭിമാനമായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്് തന്നെയായിരിക്കും ഫെസ്റ്റിവല്‍ പ്ലാസയിലും ഉപഭോക്താക്കള്‍ക്ക് വിസ്മയം സമ്മാനിക്കാന്‍ പ്രവര്‍ത്തനമാരംഭിക്കുക.

ദുബായിലെ രണ്ടാമത് ഐക്കിയ സ്റ്റാറും ഫെസ്റ്റിവല്‍ പ്ലാസയിലുണ്ടാകും. എസിഇ ഹാര്‍ഡ് വെയറും പ്ലാസയില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് അല്‍ ഫുട്ടയിം പ്രഖ്യാപിച്ചിട്ടുണ്ട്.

2017 മാര്‍ച്ചിലായിരുന്നു ഫെസ്റ്റിവല്‍ പ്ലാസയ്ക്ക് ജെബെല്‍ അലിയില്‍ തറക്കല്ലിട്ടത്. അതിവേഗത്തിലാണ് പദ്ധതിയുടെ നിര്‍മാണം പുരോഗമിക്കുന്നത്. 2019ലെ നാലാം പാദത്തില്‍ പ്ലാസ പ്രവര്‍ത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അല്‍ ഫുട്ടയിം വ്യക്തമാക്കിയിട്ടുണ്ട്.

ലുലു ഹൈപ്പര്‍മാര്‍ക്കറ്റുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതിന്റെ ആവേശത്തിലാണ് ഞങ്ങള്‍. ഫെസ്റ്റിവല്‍ പ്ലാസയിലേക്ക് ലുലുവിനെ സന്തോഷപൂര്‍വം സ്വാഗതം ചെയ്യുന്നു. ഇതിലൂടെ ഏറ്റവും മികച്ച റീട്ടെയ്ല്‍ അനുഭവം ജനങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ദുബായ് സൗത്തിനെ സംബന്ധിച്ചിടത്തോളം നവ്യാനുഭവമാകും ഫെസ്റ്റിവല്‍ പ്ലാസ-അല്‍ ഫുട്ടയിം റിയല്‍ എസ്റ്റേറ്റിന്റെ റീട്ടെയ്ല്‍ മാള്‍സ് (എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജീസ്) ഗ്രൂപ്പ് ഡയറക്റ്റര്‍ തിമോത്തി ഏണെസ്റ്റ് പറഞ്ഞു.

ദുബായ് സൗത്തിലെ പുതിയ ഷോപ്പിംഗ് ഡെസ്റ്റിനേഷന്റെ റീട്ടെയ്ല്‍ പദ്ധതിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് ഡയറക്റ്ററായ അഷ്രഫ് അലി എം എ പറഞ്ഞു. അത്യാധുനിക റീട്ടെയ്ല്‍ അന്തരീക്ഷത്തിലൂടെ ഉപഭോക്താക്കള്‍ക്ക് പുതിയ രീതികള്‍ പരിചയപ്പെടുത്താനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Arabia
Tags: Lulu