സുസ്ഥിരവികസനത്തില്‍ സാങ്കേതികവിദ്യയുടെ പങ്ക്

സുസ്ഥിരവികസനത്തില്‍ സാങ്കേതികവിദ്യയുടെ പങ്ക്

പട്ടിണി, ആരോഗ്യപരിപാലനം, ഊര്‍ജം തുടങ്ങിയ വെല്ലുവിളികളെ നേരിടാന്‍ സാങ്കേതികവൈദഗ്ധ്യത്തിനു കഴിയുമോ

ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തില്‍ തയാറാക്കിയ കാലികപ്രാധാന്യമുള്ള പരിപാടികളെയാണ് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ്.ഡി.ജി.കള്‍) എന്നു പറയുന്നത്. ദാരിദ്ര്യനിര്‍മാര്‍ജ്ജനം, പരിസ്ഥിതി സംരക്ഷണം, സമാധാനവും ക്ഷേമവും കൈവരിക്കല്‍ എന്നിവയില്‍ ഊന്നിയുള്ള പരിപാടിയാണിത്. 2015- 2030 കാലഘട്ടത്തില്‍ കൈവരിക്കാന്‍ പദ്ധതിയിടുന്ന പരിപാടിയില്‍ ആകെ 17 ലക്ഷ്യങ്ങളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

സംപൂര്‍ണ ദാരിദ്രനിര്‍മാര്‍ജ്ജനം, പട്ടിണിയില്ലാതാക്കല്‍, നല്ല ആരോഗ്യവും ജീവിതവും നേടുക, ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുക, ലിംഗസമത്വം, എല്ലാവര്‍ക്കും ശുദ്ധജലവും ശുചിത്വവും ഉറപ്പു വരുത്തുക, പുനരുപയോഗഊര്‍ജ്ജമാര്‍ഗങ്ങളുടെ കണ്ടെത്തലും ഉപയോഗവും, മെച്ചപ്പെട്ട തൊഴിലവസരങ്ങളും സാമ്പത്തികവളര്‍ച്ചയും സൃഷ്ടിക്കുക, വ്യവസായവും ഇന്നൊവേഷനും അടിസ്ഥാനസൗകര്യങ്ങളും വികസിപ്പിക്കുക, സാമ്പത്തിക അസമത്വം കുറയ്ക്കുക, സുസ്ഥിരനഗരങ്ങളുടെ നിര്‍മാണം, ഉത്തരവാദിത്ത ഉപയോഗവും ഉല്‍പ്പാദനവും പ്രകടിപ്പിക്കുക, കാലാവസ്ഥാവ്യതിയാനത്തെ പ്രതിരോധിക്കുക, കടലിന്റെയും കടല്‍ജീവികളുടെയും സംരക്ഷണം ഉറപ്പു വരുത്തുക, കരയിലെ ജൈവവൈവിധ്യം സംരക്ഷിക്കുക, സമാധാനവും നീതിയും ഉറപ്പുവരുത്താന്‍ ശക്തമായ സ്ഥാപനങ്ങള്‍ ഉണ്ടാക്കുക, മേല്‍പ്പറഞ്ഞ ലക്ഷ്യങ്ങള്‍ നേടാന്‍ ഏവരുടെയും പങ്കാളിത്തം വര്‍ധിപ്പിക്കുക എന്നിവയാണ് 17 ഇന പരിപാടി.

സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നതിന് മനുഷ്യപ്രയത്‌നത്തിനൊപ്പം സാങ്കേതികവിദ്യയുടെ പ്രാധാന്യവും കാണാതിരുന്നു കൂടാ. പ്രകൃതിയും സമൂഹവും ഇന്നു നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സും (ഐ.ഒ.ടി) നിര്‍മിതബുദ്ധിയും (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സുപ്രധാന പങ്കു വഹിക്കുന്നു. ഈ സാങ്കേതികവിദ്യകള്‍ കൂടുതല്‍ വ്യാപകമാവുന്നത് ഒരിക്കല്‍ അസാധ്യമെന്ന് തോന്നിയേക്കാവുന്ന പ്രശ്‌നങ്ങളുടെ പരിഹാരത്തിന് ഏറെ സഹായകമാകും. ഇത്തരം നേട്ടങ്ങളില്‍ വലിയ പങ്കാളിത്തം വഹിക്കുന്ന ചില സാമൂഹ്യസംരംഭങ്ങളെ പരിചയപ്പെടാം

സേവാമോബ്

സാങ്കേതികവിദ്യയെ സേവനരംഗവുമായി വിളക്കിച്ചേര്‍ക്കുന്ന ഇന്ത്യന്‍ സാമൂഹ്യ സംരംഭമാണ് സേവാമോബ്. സമൂഹത്തിന്റെ താഴെത്തട്ടിലുള്ള ഏറ്റവും അര്‍ഹരായവരിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ജീവിതനിലവാരം ഉയര്‍ത്തിക്കൊണ്ടു വരുന്ന സംരംഭമാണിത്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ജോര്‍ജിയ എന്നിവിടങ്ങളില്‍ നൂറിലധികം പ്രദേശങ്ങളില്‍ പ്രാഥമിക ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്ന ഒരു സംരംഭമാണു സേവാമോബ്. പ്രാദേശിക കഌനിക്കുകള്‍ സ്ഥാപിച്ച് പാവപ്പെട്ടവരുടെ ആരോഗ്യപരിപാലനരംഗത്ത് പ്രവര്‍ത്തിക്കുന്ന സംരംഭമാണിത്. ഗ്രാമീണതൊഴിലാളികളടക്കമുള്ള വലിയ വിഭാഗം പാവപ്പെട്ട ജനങ്ങളിലേക്ക് സേവാമോബിന് എത്താനാകുന്നു. കേവലം വൈറ്റമിന്‍ അപര്യാപ്തത മുതല്‍ ഗുരുതരമായ മലമ്പനി പോലെയുള്ള അസുഖങ്ങള്‍ വരെ ക്ഷണനേരത്തിനുള്ളില്‍ കണ്ടെത്തുന്നതിന് ഇവിടെ നിര്‍മിതബുദ്ധി ഉപയോഗിക്കുന്നു.

വൈദ്യസേവനങ്ങള്‍ സ്വീകരിക്കാന്‍ കഴിയാത്ത പിന്നാക്കജനതയ്ക്ക് ഇതു വലിയൊരു അനുഗ്രഹമാണ്. സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങള്‍ അനുവദിക്കാത്തതിനാല്‍ മികച്ച ആശുപത്രികളിലെ ചികില്‍സയോ വിദഗ്ധ ഡോക്റ്റര്‍മാരുടെ സേവനമോ ഇവര്‍ക്ക് അപ്രാപ്യമാകുന്നു. രോഗികളില്‍ നിന്നു ശേഖരിക്കുന്ന സാംപിളുകള്‍ ദൂരെയുള്ള ലബോറട്ടറികളിലേക്ക് അയയ്ക്കുന്നതിനു ഭീമമായ ചെലവു നേരിടുന്നതും തല്‍ഫലമായി ചികില്‍സ വൈകുന്നതുമായ സാഹചര്യത്തില്‍ ഇത് തീര്‍ച്ചയായും നിര്‍ണായകമായ ഒരു ഇടപെടല്‍ തന്നെയാണ്. നിര്‍മിത ബുദ്ധിയുടെ ഉപവിഭാഗമായ മെഷീന്‍ ലേണിംഗ് സാങ്കേതികവിദ്യയാണ് സേവാമോബ് ഉപയോഗിക്കുന്നത്.

ഇന്‍പുട്ട് ഡേറ്റ മനസിലാക്കി, മെച്ചപ്പെടുത്തി രോഗലക്ഷണങ്ങളിലൂടെ രോഗിയുടെ അടിയന്തരസ്ഥിതി, പരിശോധനാരീതികള്‍, രക്താണു നിര്‍ണയം എന്നിവയും കാഴ്ച, സ്പര്‍ശം, രക്തം എന്നിവയുടെ സ്‌ക്രീനിംഗും സാധ്യമാക്കുന്നു. ഉദാഹരണത്തിന്, ഒരു രക്തസാംപിളിന്റെ ലാബിലെ സൂക്ഷ്മദര്‍ശിനി പരിശോധനയ്ക്കു ശേഷം സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വിളര്‍ച്ചയാണോ മലേറിയയാണോ രോഗിയെ ബാധിച്ചിരിക്കുന്നതെന്ന് ഉടന്‍ കണ്ടുപിടിക്കാന്‍ കഴിയും. രക്തപരിശോധനയിലൂടെ മാത്രം 50-ലധികം രോഗാവസ്ഥകള്‍ കണ്ടെത്തുന്നതിനുള്ള മോഡല്‍ വികസിപ്പിച്ചതായി കമ്പനി സ്ഥാപകയും സിഇഒയുമായ ഷെല്ലി സക്‌സേന അവകാശപ്പെടുന്നു.

ഒരു അടിസ്ഥാനവേദിയാണ് വികസിപ്പിച്ചെടുത്തിരിക്കുന്നതെന്നും ഭാവിയില്‍ ഏത് രോഗാവസ്ഥയും ഇതിനോട് കൂട്ടിച്ചേര്‍ക്കാനാകുമെന്നും സക്‌സേന പറയുന്നു. ഇത് ഇനിയുമേറെ വികസിപ്പിക്കേണ്ടതുണ്ട്, കൂടുതല്‍ രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കുകയും ആ ഡേറ്റ ഉപയോഗിക്കാനാകുന്ന മോഡല്‍ നിര്‍മ്മിക്കുകയുമാണ് വേണ്ടതെന്നാണ് അവരുടെ വാദം.

എവെയര്‍

യുഎസ് ആസ്ഥാനമാക്കി പ്രവത്തിക്കുന്ന എവെയര്‍ എന്ന സ്ഥാപനവും അത്യാധുനിക സാങ്കേതികവിദ്യയാണ് സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഉപയോഗിക്കുന്നത്. എന്നാല്‍, ഇവിടെ ഉപഭോക്താക്കളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിനു പകരം അവര്‍ക്കിടയില്‍ ഡേറ്റ വിതരണം ചെയ്യുകയാണ്. ഒട്ടും പ്രവചിക്കാനാകാത്ത കാലാവസ്ഥാ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്ന ആഫ്രിക്കയിലെയും ഏഷ്യയിലെയും ചെറുകിട കര്‍ഷകരെ സഹായിക്കാനായി പ്രവചനാത്മക നിര്‍മിതബുദ്ധി, പ്രൊപ്രൈറ്ററി അല്‍ഗരിതങ്ങള്‍, വിപുലമായ അപഗ്രഥനം എന്നിവയാണ് കമ്പനി ഉപയോഗപ്പെടുത്തുന്നത്.

കാലാവസ്ഥാവ്യതിയാനം മൂലം കാലാവസ്ഥാപ്രവചനങ്ങള്‍ തെറ്റുന്നതായും താപനില കൂടുതല്‍ ചഞ്ചലമാകുന്നതായും കണ്ടുവരുന്നുണ്ട്. ഉപജീവനമാര്‍ഗത്തിനായി കൃഷിയെ ആശ്രയിക്കാത്തവര്‍ക്ക് രൂക്ഷമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഘട്ടങ്ങളില്‍ മാത്രമേ ഇത്തരം മാറ്റങ്ങള്‍ വ്യക്തമായി കാണാനാകൂ. എന്നാല്‍ ചെറുകിട കര്‍ഷകര്‍ക്ക് കൃഷിയിടത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും ശരിയായി അപഗ്രഥിക്കാനാകുന്നു. അതായത്, രാത്രിയിലെ താപനിലയിലെ നേരിയ വ്യതിയാനം, പ്രാണികളുടെ ഉപദ്രവം, വിളരോഗങ്ങള്‍ തുടങ്ങി വിളനാശത്തിനു കാരണമായ ഒട്ടുമിക്ക കാര്യങ്ങളും ചെറുകിടകര്‍ഷകനു മനസിലാക്കാനാകുന്നു. ഇവിടെ കൃത്യമായ കാലാവസ്ഥാ പ്രവചനമടക്കമുള്ള വിവരങ്ങള്‍ ലഭ്യമാക്കുകയാണ് എവെയര്‍ ചെയ്യുന്നത്. കൃതകൃത്യമായ കാലാവസ്ഥാ പ്രവചനത്തിലൂടെ കര്‍ഷകര്‍ക്ക്, രൂക്ഷമായകാലാവസ്ഥാ മാറ്റത്തിനിടയിലും കൃഷിയിലെ വെല്ലുവിളികള്‍ വിദഗ്ധമായി കൈകാര്യം ചെയ്യാനാകുന്നു.

സേവാമോബില്‍ നിന്ന് വ്യത്യസ്തമായി, സാമ്പത്തിക പിരമിഡിന്റെ അടിത്തറയില്‍ നിന്നു കൊണ്ടു മാത്രം കര്‍ഷകര്‍ക്ക് സേവനം നല്‍കുന്ന ബിസിനസ് മാതൃകയല്ല എവെയറിന്റേത്. ഇതൊരു സ്റ്റാര്‍ട്ടപ്പ് അല്ല, മറിച്ച് ആഗോള കമ്പനിയാണ്. അതിന്റെ ഉപഭോക്താക്കളില്‍ കാര്‍ഷികവ്യാപാരികള്‍, ചരക്ക് കടത്ത് വ്യാപാരികള്‍, ഭരണാധികാരികള്‍ എന്നിവരും ഉള്‍പ്പെടുന്നു. വിപുലമായി ഈ നിര എവെയറിനോട് ബിസിനസില്‍ ഇടപെടാനും ദൗത്യനിര്‍വ്വഹണത്തിലൂടെ വളരാനും ആവശ്യപ്പെടുന്നു.

എന്‍വിറോഫിറ്റ് ഇന്റര്‍നാഷണല്‍

ഊര്‍ജ്ജകമ്പനിയായ എന്‍വിറോഫിറ്റ് ഇന്റര്‍നാഷണല്‍ ഐഒടി സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. സാമ്പത്തിക പിരമിഡിന്റെ അടിത്തറയില്‍ വെച്ചുന തന്നെ ഉപഭോക്താക്കളിലേക്കു കടക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പാചകവാതകമടക്കം എല്ലാം ചെറിയ അളവില്‍ വാങ്ങാനാണ് ഐഒടി ഉപയോഗിക്കുന്നത്. വിറകടുപ്പിനെയും കല്‍ക്കരിയെയും ഇന്നും ആശ്രയിക്കുന്ന കുടുംബങ്ങള്‍ക്ക് ശുദ്ധമായ ഇന്ധനവും ഊര്‍ജ പരിഹാരങ്ങളും ഉണ്ടാക്കിക്കൊടുക്കുന്ന കമ്പനിയാണ് എന്‍വിറോഫിറ്റ്. ഉപഭോക്താക്കളില്‍ നിന്ന് ഉപയോഗത്തിനനുസരിച്ച് ചെറിയതുക മാത്രം സ്വീകരിക്കുന്ന സ്മാര്‍ട്ട്ഗ്യാസ് ആണ് അവരുടെ ഏറ്റവും പുതിയ കണ്ടുപിടിത്തം. വളര്‍ന്നുവരുന്ന വിപണികളില്‍ ഉപഭോക്താക്കള്‍ സാധനങ്ങള്‍ വാങ്ങുന്നത് ദൈനംദിന ഉപയോഗത്തിനുള്ള ചെറിയ അളവിലാണെന്ന് കമ്പനിയുടെ കമ്യൂണിക്കേഷന്‍ വിഭാഗം മേധാവി ജെസ്സിക്ക അല്‍ഡര്‍മാന്‍ പറയുന്നു.

ഇത് സാങ്കേതികവിദ്യയുടെ വളര്‍ച്ചയുടെ കാര്യം മാത്രമല്ല, മറിച്ച് വളര്‍ന്നുവരുന്ന ഒരു സേവനമാതൃക കൂടിയാണെന്ന് ആല്‍ഡര്‍മാന്‍ ചൂണ്ടിക്കാട്ടുന്നു. ഉപയോക്താക്കളുടെ വീട്ടില്‍ ഒരു സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിച്ചിട്ടാണ് എന്‍വിറോഫിറ്റ് ആദ്യത്തെ ഗ്യാസ് സിലിണ്ടര്‍ നല്‍കുന്നത്. കമ്പനിയുടെ പ്രതിനിധികള്‍ ഉപകരണങ്ങള്‍ സുരക്ഷിതമായി എങ്ങനെ പ്രവര്‍ത്തിപ്പിക്കണമെന്ന് ഉപയോക്താക്കളെ പഠിപ്പിക്കുന്നു. ആവശ്യാനുസരണം പണം നല്‍കി ഗ്യാസ് വാങ്ങാന്‍ ഫോണില്‍ ഒരു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം. ക്രെഡിറ്റ് തുകയ്ക്കനുസരിച്ചുള്ള വാതകം മീറ്ററിലൂടെ സിലിണ്ടറിലേക്ക് നിറയ്ക്കുന്നു. അടച്ച പണത്തിനനുസരിച്ചുള്ള ഗ്യാസ് സിലിണ്ടറില്‍ നിറയും. കണ്ടെയ്‌നര്‍ നിറയും മുമ്പ്, ഉപയോക്താവിന് ഒരു മുന്നറിയിപ്പ് ലഭിക്കുന്നതിനാല്‍ പുതിയ ടാങ്ക് ഓര്‍ഡര്‍ ചെയ്യാനാകും.

സ്മാര്‍ട്ട്ഗ്യാസ് ടെക്‌നോളജി ഉപഭോക്താക്കള്‍ക്കിടയില്‍ വളരെയധികം സ്വാധീനമുണ്ടാക്കുമെന്ന് അല്‍ഡര്‍മാന്‍ പറയുന്നു. കാരണം ഇത് അതീവസുരക്ഷയും എളുപ്പത്തിലുള്ള ലഭ്യതയും ചെലവുകുറവും ഉറപ്പാക്കുന്നു. ഇത് ഉപഭോക്താവിനു മാത്രമല്ല, നിക്ഷേപകരെ സംബന്ധിച്ചിടത്തോളവും ഇത് വിപ്ലവകരമായൊരു സാങ്കേതികവിദ്യയാണ്. മുടക്കുന്ന പണത്തിന് കൃത്യമായ വരുമാനം പദ്ധതി ഉറപ്പു വരുത്തുന്നു.

സ്മാര്‍ട്ട് മീറ്റര്‍, ഫോണ്‍ ആപ്പുകള്‍ എന്നിവ വ്യക്തമായി ഗ്യാസ് ഉപയോഗത്തെ ട്രാക്ക് ചെയ്യുന്നതിനാല്‍ ഉപയോഗത്തിന് കൃത്യമായ കണക്കുണ്ടാകും. പാചകത്തിന് എത്ര ചെലവു വന്നുവെന്ന് മനസിലാക്കാനാകുന്ന ഒരു മാനകം ഈ വ്യവസായത്തില്‍ പുതിയതാണ്. ഇങ്ങനെ അളക്കുന്നത് സാമൂഹികവും പാരിസ്ഥിതികവുമായ കര്യങ്ങളില്‍ താല്‍പര്യമുള്ളവര്‍ക്കും സാമ്പത്തിക മെച്ചം കാംക്ഷിക്കുന്നവര്‍ക്കുമിടയില്‍ ഒരേപോലെ പ്രിയം നേടും. അതിനാല്‍ ഒരു അളവുപകരണം ലഭിക്കുന്നതും നിക്ഷേപത്തിനു നല്ല പ്രോത്സാഹനം കിട്ടുന്നതും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടുന്നതിനുള്ള മല്‍സരത്തില്‍ കൂടുതല്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിനു പ്രോല്‍സാഹനമാകും.

വിഭവങ്ങളുടെ അമിതചൂഷണം നിയന്ത്രിച്ചും പാരിസ്ഥിതിക ആഘാതങ്ങള്‍ കുറച്ചും കൈവരിക്കുന്ന വികസനത്തേയാണ് പൊതുവെ സുസ്ഥിര വികസനം എന്ന് പറയുന്നത്. വിഭവങ്ങളുടെ അമിത ചൂഷണം നിയന്ത്രിക്കുന്നതിലൂടെ അവ വരും തലമുറയ്ക്കു കൂടി പ്രയോജനപ്പെടുത്താന്‍ സാധിക്കും എന്ന് ഉറപ്പുവരുത്തുന്നു. ഭാവി തലമുറയുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള പര്യാപ്തതയ്ക്ക് വിട്ടുവീഴ്ചയില്ലാതെ ഈ തലമുറയുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താന്‍ ഉതകും വിധമുള്ള വികസനമാണ് സുസ്ഥിര വികസനം.

ഭൂമിയില്‍ മനുഷ്യജീവിതത്തിന്റെ അന്തസുയര്‍ത്തുകയും ആവാസവ്യവസ്ഥയുടെ അതിജീവനവുമാണ് സുസ്ഥിരവികസനലക്ഷ്യങ്ങള്‍ നേടുന്നതിലൂടെ യുഎന്‍ ഉദ്ദേശിക്കുന്നത്. ഈ ലക്ഷ്യത്തിനു വേണ്ട പദ്ധതികള്‍ ഓരോ രാജ്യവും നടപ്പിലാക്കണമെന്നാണു നിര്‍ദേശം. സുസ്ഥിര വികസനപദ്ധതികള്‍ ആവിഷ്‌കരിക്കുകയും പൗരന്മാരുടെ ജീവിതനിലവാരം ഉയര്‍ത്തുകയും ചെയ്യേണ്ടത് രാഷ്ട്രങ്ങള്‍ പ്രതിബദ്ധതയായി എടുക്കണം. എന്നാല്‍ വര്‍ധിച്ചു വരുന്ന ജനസംഖ്യ, കാലാവസ്ഥാവ്യതിയാനം, കുടിയേറ്റപ്രശ്‌നം തുടങ്ങിയവ ലോകത്തിന്റെ സംതുലനാവസ്ഥയെ ബാധിക്കുന്ന ഘടകങ്ങളായി മാറിയിരിക്കുന്നു. ഇവ ഭരണരംഗത്ത് സങ്കീര്‍ണത വര്‍ധിപ്പിക്കുന്നു. പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ സമഗ്രമായി ഏകോപിപ്പിച്ചു മുന്നേറാന്‍ രാജ്യങ്ങള്‍ക്കാകണം. ഇതിന് രാജ്യങ്ങള്‍ ആഭ്യന്തരമായി പരിപാടികള്‍ ആസൂത്രണം ചെയ്യണമെന്ന് യുഎന്‍ നിര്‍ദേശിക്കുന്നു.

Comments

comments

Categories: Top Stories
Tags: technology

Related Articles