ക്രിക്കറ്റില്‍ കമ്പം കൂട്ടാന്‍ പുതുയുഗ സാങ്കേതിക സംരംഭങ്ങള്‍

ക്രിക്കറ്റില്‍ കമ്പം കൂട്ടാന്‍ പുതുയുഗ സാങ്കേതിക സംരംഭങ്ങള്‍

ക്രിക്കറ്റ് കളിയോടുള്ള ഇന്ത്യക്കാരുടെ അവേശം അറിഞ്ഞുകൊണ്ടുതന്നെയാണ് മേഖലയിലേക്ക് ടെക്‌നോളജിഅധിഷ്ഠിതമായ സംരംഭങ്ങള്‍ ഏറിവരുന്നത്. മേഖലയിലെ ആകര്‍ഷകമായ ചില ക്രിക്കറ്റ് സ്റ്റാര്‍ട്ടപ്പുകളെ ഇവിടെ പരിചയപ്പെടാം.

സാങ്കേതികവിദ്യ കടന്നുചെല്ലാത്ത മേഖലകള്‍ വിരളമാണ്. സ്‌പോര്‍ട്‌സിലും അതിന്റെ കരാളഹസ്തങ്ങള്‍ നീണ്ടുചെന്നുകഴിഞ്ഞിരിക്കുന്നു. സ്‌പോര്‍ട്‌സിലെ ഒട്ടുമിക്ക തലങ്ങളിലും, കളിക്കാരുടെ പരിശീലനം മുതല്‍, കോച്ചിംഗ്, കളിക്കു ശേഷമുള്ള അവലോകനം, തല്‍സമയ സംപ്രേക്ഷണം, പ്രേക്ഷകരുടെ പങ്കാളിത്തം തുടങ്ങിയവയെല്ലാം ഇന്ന് നമ്മളിലേക്ക് എത്തുന്ന രീതിയിലും ഭാവത്തിലും ആധുനിക സാങ്കേതിക വിദ്യ വരുത്തിയ മാറ്റം ചില്ലറയല്ല. ക്രിക്കറ്റ് കളിയോട് ഇന്ത്യക്കാര്‍ക്കുള്ള ആവേശം എത്രത്തോളമെന്ന് ആരും പറയേണ്ടതില്ല. രാജ്യത്തെ ഏറ്റവും ജനപ്രീയ കായികവിനോദമായി ക്രിക്കറ്റിനെ വിശേഷിപ്പിക്കാം. പ്രേക്ഷകരുടെ എണ്ണം കൊണ്ടും സ്‌പോണ്‍സര്‍മാരുടെ എണ്ണത്തിലും വരുമാനം സംബന്ധിച്ചായാലും ഈ കളി മുന്‍നിരയില്‍ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്‌പോര്‍ട്‌സ് വിഭാഗത്തില്‍ ക്രിക്കറ്റ് സംബന്ധമായ സംരംഭങ്ങള്‍ക്കും വന്‍പിച്ച തോതില്‍ വിപണി വളര്‍ച്ചയുള്ളതായി മനസിലാക്കാം.

2024 എത്തുമ്പോഴേക്കും സ്‌പോര്‍ട്‌സ് ടെക് മേഖലയുടെ വിപണി മൂല്യം 10.3 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് അനുമാനിക്കപ്പെടുന്നത്. ട്രാന്‍സ്‌പേരന്‍സി മാര്‍ക്കറ്റ് റിസര്‍ച്ചിന്റെ അഭിപ്രായപ്രകാരം ആപ്ലിക്കേഷന്‍, കളിയുടെ പ്രത്യേകത, ജിയോഗ്രഫി എന്നീ വ്യത്യസ്ത വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് സ്‌പോര്‍ട്‌സ്‌ടെക് മേഖല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളര്‍ച്ച തുടങ്ങുന്ന മേഖലയാണിതെന്ന് നിസംശയം പറയാം. സ്‌പോര്‍ട്‌സ് ആവാസവ്യവസ്ഥയെ ട്രാക്ക് ചെയ്യുന്ന സ്‌പോര്‍ട്‌സ്‌ടെക്എക്‌സിന്റെ അഭിപ്രായത്തില്‍ ഇന്ത്യയില്‍ നിലവിലുള്ള 63 ശതമാനം സ്‌പോര്‍ട്‌സ് ടെക് കമ്പനികളും തുടക്കമിട്ടത് 2015 ഓടുകൂടിയാണ്. ക്രിക്കറ്റ് കളിയോടും ക്രിക്കറ്റ് താരങ്ങളോടുമുള്ള ഇന്ത്യക്കാരുടെ അവേശം അടുത്തറിഞ്ഞുകൊണ്ടുതന്നെ ഈ മേഖലയിലെ സംരംഭങ്ങളോടുള്ള മമത നിക്ഷേപകര്‍ക്കും ഏറിവരികയാണ്. ക്രിക്കറ്റ് കളിയില്‍ ഇമ്പം കൂട്ടുന്നതിനായി കൂടുതല്‍ സാങ്കേതികവിദ്യകള്‍ നല്‍കിക്കൊണ്ടാണ് മേഖലയിലേക്ക് ഒട്ടുമിക്ക സംരംഭങ്ങളും കടന്നുവരുന്നത്. മേഖലയിലെ ആകര്‍ഷകമായ ചില ക്രിക്കറ്റ് സ്റ്റാര്‍ട്ടപ്പുകളെ ഇവിടെ പരിചയപ്പെടാം.

സ്‌പെക്റ്റാകോം

90കളില്‍ ഇന്ത്യയുടെ ലെഗ് സ്പിന്‍ ബൗളറായി തിളങ്ങിയ അനില്‍ കുംബ്ലെയുടെ സംരംഭമാണ് സ്‌പെക്റ്റാകോം ടെക്‌നോളജീസ്. അടുത്തിടെ ഈ സംരംഭം മൈക്രോസോഫ്റ്റുമായി ചേര്‍ന്ന് എഐ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ചിപ്പുകള്‍ ഘടിപ്പിച്ച ക്രിക്കറ്റ് ബാറ്റുകള്‍ പുറത്തിറക്കിയിരുന്നു. സാധാരണ ക്രിക്കറ്റ് ബാറ്റുകളില്‍ ചിപ്പുകള്‍ ഘടിപ്പിച്ച് പവര്‍ബാറ്റുകളായി മാറ്റാവുന്ന സാങ്കേതികവിദ്യയാണ് സംരംഭം അടുത്തിടെ അവതരിപ്പിച്ചത്. കളിക്കാരന്റെ കളി കൃത്യമായി വിശകലനം ചെയ്യാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. കളിക്കാര്‍ക്കും പരിശീലകര്‍ക്കും ബ്രോഡ്കാസ്റ്റ് ചെയ്യുന്നവര്‍ക്കും ഈ ടെക്‌നോളജി ഒരുപോലെ ഗുണം ചെയ്യും. ക്രിക്കറ്റ് കളിക്കാരന്‍ ബാറ്റ് ചെയ്യുന്ന സ്പീഡ്, പവര്‍, പന്ത് ബാറ്റിന്റെ അനുയോജ്യമായ ഭാഗത്താണോ തട്ടിയത് തുടങ്ങിയ കാര്യങ്ങളെല്ലാം ഇതുവഴി അറിയാനാകും. എഐ സാങ്കേതികവിദ്യയോടുകൂടിയ സ്മാര്‍ട്ട് സ്റ്റിക്കര്‍ വഴിയാണ് ബാറ്റ് പവര്‍ബാറ്റ് ആയി മാറുന്നത്. സെന്‍സറിന്റെ അടിസ്ഥാനത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം.

ക്രിക്ക് ഹീറോസ്

സംരംഭക മേഖലയിലെ പരിചയസമ്പന്നനായ അഭിഷേക് ദേശായി, ഗുജറാത്ത് ക്രിക്കറ്റ് താരം മീറ്റ് ഷായ്‌ക്കൊപ്പം തുടക്കമിട്ട സംരംഭമാണ് ക്രിക്ക് ഹീറോസ്. പ്രാദേശിക ക്രിക്കറ്റ് കളിയുടെ സ്‌കോര്‍, അപ്‌ഡേറ്റ്‌സ് എന്നിവ അറിയാനുള്ള ആപ്ലിക്കേഷനാണിത്. സംരംഭം തുടങ്ങി രണ്ടു വര്‍ഷത്തിനുള്ളില്‍ 38 പ്രാദേശിക ക്രിക്കറ്റ് അസോസിയേഷനുകളുമായി പങ്കാളിത്തം സ്ഥാപിക്കാന്‍ ക്രിക്ക് ഹീറോസിന് കഴിഞ്ഞു. 1.2 ദശലക്ഷം രജിസ്‌റ്റേഡ് ഉപഭോക്താക്കളുള്ള കമ്പനി ഗുജറാത്ത് ഗൗരവ് ദിവസ് 2018ല്‍ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പിനുള്ള അവാര്‍ഡും കരസ്ഥമാക്കിയിരുന്നു.

രോനാസ്

എഐ അധിഷ്ഠിത ക്രിക്കറ്റ് ചാറ്റ്‌ബോട്ട് സംവിധാനം പുറത്തിറക്കിയാണ് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രോനാസ് സോഫ്റ്റ്‌വെയര്‍ ശ്രദ്ധേയമാകുന്നത്. സോഫ്റ്റ്‌വെയര്‍ ആര്‍ക്കിടെക്റ്റായ ബിനിഷ് കാസ്പര്‍ ആറ് വര്‍ഷം മുമ്പാണ് ഈ സംരംഭത്തിന് തുടക്കമിട്ടത്. എഐ, നാച്യുറല്‍ ലാംഗ്വേജ് പ്രോസസിംഗ് വഴി ക്രിക്കറ്റില്‍ നവീന ടെക്‌നോളജികള്‍ സാധ്യമാക്കുകയാണ് ഈ സംരംഭം.

പ്ലേയോ

കളിക്കളത്തിലെ പ്രഗല്‍ഭരായ ക്രിക്കറ്റ് താരങ്ങളെയും സ്‌പോര്‍ട്‌സ് വെണ്ടര്‍മാരെയും അസോസിയേഷനുകളെയും ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ ബന്ധിപ്പിക്കുന്ന ആപ്ലിക്കേഷനാണ് പ്ലേയോ. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംരംഭം മൂന്നു വര്‍ഷം മുമ്പാണ് പ്ലേയോ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്.

സ്‌ട്രെയ്റ്റ്ബാറ്റ്

ക്രിക്കറ്റിലെ വിവിധ ഷോട്ടുകളും ടെക്‌നിക്കുകളും പഠിക്കാനും പ്രയോഗത്തില്‍ വരുത്താനും ശീലിക്കുന്നതിനൊപ്പം സ്വന്തം ബാറ്റിംഗിലെ തെറ്റുകള്‍ കണ്ട് മനസിലാക്കി തിരുത്തുന്നതിനായി നൂതന ടെക്‌നോളജിയിലുള്ള ഉപകരണം വികസിപ്പിച്ചാണ് സ്‌ട്രെയ്റ്റ്ബാറ്റ് ക്രിക്കറ്റ് സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ ശ്രദ്ധേയമാകുന്നത്. ഗഗന്‍ ദാഹ, രാഹുല്‍ നഗര്‍, രിതേഷ് കല്‍പാഹി എന്നിവര്‍ ചേര്‍ന്നു തുടക്കമിട്ട സംരംഭം ബാറ്റ് ചെയ്യുന്ന വ്യക്തി ധരിക്കേണ്ട ഉപകരണത്തിലൂടെയല്ല അവരുടെ ബാറ്റിംഗ് രീതികള്‍ വിശകലനം ചെയ്യുന്നത്, മറിച്ച് ഈ ഉപകരണം സ്ഥിതി ചെയ്യുന്നത് ബാറ്റ്‌സ്മാന്റെ ബാറ്റിനുള്ളിലാണ്.

ബാറ്റ്‌സ്മാന്റെ കഴിവുകള്‍ മെച്ചപ്പെടുത്തുക എന്നതിനാണ് സ്‌ട്രെയ്റ്റ്ബാറ്റ് ശ്രദ്ധ നല്‍കിയിരിക്കുന്നത്. ക്രിക്കറ്റ് ബാറ്റില്‍ സ്ഥിതി ചെയ്യുന്ന ഉപകരണത്തിലെ സെന്‍സറുകളുടെ സഹായത്തോടെ ബാറ്റ്‌സ്മാന്റെ ഓരോ ചലനങ്ങളും റെക്കോഡ് ചെയ്യപ്പെടുന്നു. ബാറ്റിംഗ് ആംഗിള്‍, ഡൗണ്‍സ്വിംഗ്, വേഗത, വാഗണ്‍ വീല്‍സ്, സ്പീഡ് ഇംപാക്റ്റ് എന്നിവയെല്ലാം ഈ ഉപകരണത്തിലൂടെ മനസിലാക്കാനാകും. സംരംഭം വികസിപ്പിച്ച അനലിറ്റിക്‌സ് അല്‍ഗൊരിതങ്ങളുടേയും സൊലൂഷന്‍സിന്റെയും സഹായത്തോടെ പിന്നീട് ഇവ അനിമേഷന്‍ രൂപത്തില്‍ ദൃശ്യവല്‍ക്കരിക്കപ്പെടുന്നു. ഈ ദൃശ്യങ്ങള്‍ കളിക്കാരനും പരിശീലകനും എപ്പോള്‍ വേണമെങ്കിലും സൗകര്യപ്രദമായി കാണാനാകും. ബാറ്റിനുള്ളില്‍ ഘടിപ്പിക്കാവുന്ന സ്‌ട്രെയ്റ്റ്ബാറ്റ് സെന്‍സറിന് 15ഗ്രാം ഭാരമാണുള്ളത്.

ഫ്രീബൗളര്‍

ഭാരം കുറഞ്ഞ മെക്കാനിക്കല്‍ ബൗളിംഗ് മെഷീനാണ് ഫ്രീബൗളര്‍. ബാറ്ററിയോ കോര്‍ഡ്‌വയറുകളോ വൈദ്യുത പോര്‍ട്ടുകളോ ആവശ്യമില്ലാതെ പ്രവര്‍ത്തിക്കുന്നവയാണിവ. മണിക്കൂറില്‍ 135 കിലോമിറ്റര്‍ വേഗത്തിലാണ് ഈ മെഷീനില്‍ നിന്നും ബോളുകള്‍ ബാറ്റിംഗ് പരിശീലനത്തിനായി എത്തുന്നത്. 35,00 രൂപയാണ് ഇതിന്റെ വില.

Comments

comments

Categories: FK Special