പടക്ക വിപണിയില്‍ മാന്ദ്യം

പടക്ക വിപണിയില്‍ മാന്ദ്യം

പടക്കങ്ങളുടെ വില്‍പ്പനയിലും ഉപയോഗത്തിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ പടക്ക വില്‍പ്പന 40 ശതമാനം ഇടിഞ്ഞെന്ന് റിപ്പോര്‍ട്ട്. 20,000 കോടി രൂപ മൂല്യമുള്ള രാജ്യത്തെ പടക്ക വിപണി വലിയ തോതിലുള്ള വില്‍പ്പനയിടിവിനാണ് നടപ്പ് ഉല്‍സവകാല സീസണില്‍ സാക്ഷ്യം വഹിക്കുന്നതെന്ന് കച്ചവടക്കാരും ഉദ്യോഗസ്ഥരും വ്യക്തമാക്കി. ” 20,000 കോടി രൂപ മൂല്യമുള്ളതാണ് ഇന്ത്യയിലെ പടക്ക വിപണി. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം സംസ്ഥാനങ്ങളിലുടനീളമുള്ള വില്‍പ്പന ചുരുങ്ങിയത് 40 ശതമാനമെങ്കിലുമായി കുറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ സുപ്രീംകോടതി വിധിയെ ആദരിക്കുന്നു. അത് പരിസ്ഥിതിയെ സംബന്ധിച്ച് ഗുണകരമാണ്. എന്നാല്‍ വിധിക്ക് ശേഷം വിപണി സങ്കീര്‍ണമായി മാറി,” കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സിന്റെ ദേശീയ സെക്രട്ടറി ജനറലായ പ്രവീണ്‍ ഖണ്ഡേല്‍വാള്‍ പറഞ്ഞു. പടക്ക ബിസിനസ,് സീസണ്‍ അനുസരിച്ചുള്ളതാണെന്നും ആകെ വാര്‍ഷിക വില്‍പ്പനയുടെ 80 ശതമാനവും ദീപാവലിയോടനുബന്ധിച്ചാണ് നടക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഈ സീസണ്‍ ഏറെ തടസങ്ങള്‍ നിറഞ്ഞതായിരുന്നുവെന്നും മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് ആളുകളെ ഇത് ബാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷത്തേക്ക് നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന് പടക്ക നിര്‍മാതാക്കളും വ്യാപാരികളും പരമോന്നത കോടതിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ പ്രതികരണമൊന്നുമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ദീപാവലി ദിവസത്തിലും മറ്റ് ആഘോഷ ദിവസങ്ങളിലും പടക്കങ്ങള്‍ പൊട്ടിക്കുന്നത് രാത്രി എട്ടു മുതല്‍ പത്തു വരെയാക്കി കോടതി നിജപ്പെടുത്തിയിരുന്നു. കാര്‍ബണ്‍ കുറഞ്ഞ തോതില്‍ പുറന്തള്ളുന്നതും ശബ്ദം കുറഞ്ഞതുമായ പടക്കങ്ങളുടെ ഉപയോഗവും വില്‍പ്പനയുമാണ് അനുവദിച്ചിരുന്നത്.

Comments

comments

Categories: FK News
Tags: crackers