എയര്‍ടെല്‍ ആഫ്രിക്ക: ഓഹരി ഉടമസ്ഥതയില്‍ മാറ്റമുണ്ടാകില്ലെന്ന് കമ്പനി

എയര്‍ടെല്‍ ആഫ്രിക്ക: ഓഹരി ഉടമസ്ഥതയില്‍ മാറ്റമുണ്ടാകില്ലെന്ന് കമ്പനി

എയര്‍ടെല്‍ ടാന്‍സാനിയയുടെ ഓഹരി പങ്കാളിത്തം ഭാരതി എയര്‍ടെലിനും ടാന്‍സാനിയന്‍ സര്‍ക്കാരിനും തന്നെയായി തുടരും

ന്യൂഡെല്‍ഹി: എയര്‍ടെല്‍ ആഫ്രിക്ക ലിമിറ്റഡിന്റെ നിര്‍ദ്ദിഷ്ട വിപണി ലിസ്റ്റിംഗുമായി ബന്ധപ്പെട്ട് ടാന്‍സാനിയന്‍ സര്‍ക്കാരിനുള്ള ആശങ്കകള്‍ ദൂരീകരിച്ച് ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍. പദ്ധതിയിട്ടിരിക്കുന്ന പ്രാഥമിക ഓഹരി വിപണി പ്രവേശം (ഐപിഒ) ആഫ്രിക്കയിലുള്ള കമ്പനിയുടെ ഓഹരിയുടമസ്ഥതാ ഘടനയില്‍ മാറ്റം വരുത്തില്ലെന്ന ഉറപ്പാണ് എയര്‍ടെല്‍ നല്‍കിയത്. എയര്‍ടെല്‍ ആഫ്രിക്ക ലിമിറ്റഡിന്റെ ഐപിഒയില്‍ ടാന്‍സാനിയന്‍ സര്‍ക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കമ്പനിയുടെ വിശദീകരണം.

”എയര്‍ടെല്‍ ആഫ്രിക്ക ലിമിറ്റഡിന്റെ ലിസ്റ്റിംഗ്, കമ്പനിയുടെ ഓഹരി ഉടമസ്ഥതയിലോ എയര്‍ടെല്‍ ടാന്‍സാനിയയുടെ നിയന്ത്രണത്തിലോ മാറ്റം വരുത്തില്ലെന്ന് ടാന്‍സാനിയന്‍ സര്‍ക്കാരിനോട് വ്യക്തമാക്കിയിട്ടുണ്ട്,” കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. എയര്‍ടെല്‍ ടാന്‍സാനിയയുടെ ഓഹരി പങ്കാളിത്തം ഭാരതി എയര്‍ടെലിനും ടാന്‍സാനിയന്‍ സര്‍ക്കാരിനും തന്നെയായി തുടരും. ഓഹരി ഉടമസ്ഥതയുടെ കാര്യത്തില്‍ യാതൊരു മാറ്റവും ഉണ്ടാകില്ലെന്നും കമ്പനി വ്യക്തമാക്കി. ടാന്‍സാനിയ ഉള്‍പ്പടെയുള്ള 14 രാജ്യങ്ങളിലായുള്ള ആഫ്രിക്കന്‍ ബിസിനസിന്റെ വളര്‍ച്ചയ്ക്ക് ഫണ്ട് കണ്ടെത്താനാണ് ഭാരതി എയര്‍ടെല്‍ ലിമിറ്റഡിന്റെ യുകെയിലെ അനുബന്ധ കമ്പനിയായ എയര്‍ടെല്‍ ആഫ്രിക്ക ലിമിറ്റഡ് തങ്ങളുടെ ഓഹരി വില്‍പ്പനയ്ക്ക് മുതിരുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്.

നൈജീരിയ, ചാഡ്, കോംഗോ ബി, ഡെമോക്രാറ്റിക്ക് റിപ്പബ്ലിക് ഓഫ് കോംഗോ, ഗാബണ്‍, മഡഗാസ്‌കര്‍, നൈജര്‍, കെനിയ, മലാവി, സെയ്‌ഷെല്‍സ്, ടാന്‍സാനിയ, ഉഗാണ്ട, സാംബിയ, റുവാണ്ട എന്നിവങ്ങളിലാണ് എയര്‍ടെല്‍ ആഫ്രിക്കയുടെ ബിസിനസ് വ്യാപിച്ചിരിക്കുന്നത്. എയര്‍ടെല്‍ ആഫ്രിക്കയുടെ അനുബന്ധ സംരംഭമായ എയര്‍ടെല്‍ ടാന്‍സാനിയയില്‍ 40 ശതമാനം ഓഹരി അവകാശമാണ് ടാന്‍സാനിയന്‍ സര്‍ക്കാരിനുള്ളത്. ബാക്കി ഓഹരികള്‍ ഭാരതി എയര്‍ടെലിന്റെ കൈവശമാണ്. എയര്‍ടെല്‍ ടാന്‍സാനിയ ഉപസംരംഭമായിട്ടുള്ള എയര്‍ടെലിന്റെ ആഫ്രിക്കന്‍ ബിസിനസിലേക്ക് പുതിയ ഓഹരിയുടമകളെ ക്ഷണിക്കാനുള്ള നീക്കം തങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കമ്പനിയുടെ വിശദീകരണം.

Comments

comments

Categories: FK News
Tags: Airtel

Related Articles