റെക്കോര്‍ഡ് വില്‍പ്പന അവകാശപ്പെട്ട് ആമസോണും ഫ്ലിപ്കാർട്ടും

റെക്കോര്‍ഡ് വില്‍പ്പന അവകാശപ്പെട്ട് ആമസോണും ഫ്ലിപ്കാർട്ടും

99 ശതമാനത്തിലധികം പിന്‍കോഡുകളില്‍ നിന്ന് ഓര്‍ഡറുകളെത്തി

ന്യൂഡെല്‍ഹി: ഉല്‍സവകാല വില്‍പ്പന അവസാനിക്കുമ്പോള്‍ ആമസോണ്‍, ഫഌപ്കാര്‍ട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് ഭീമന്മാരുടെ വില്‍പ്പനയില്‍ റെക്കോഡ് വര്‍ധനവ് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. മല്‍സരത്തില്‍ മുന്നിട്ടുനില്‍ക്കുന്ന ഇരു കമ്പനികളും രാജ്യത്തെ 99 ശതമാനത്തിലധികം പിന്‍കോഡുകളില്‍ നിന്നുള്ള ഉപഭോക്താക്കളുടെ ഓര്‍ഡറുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍.

ഒക്‌റ്റോബര്‍ 10-15, ഒക്‌റ്റോബര്‍ 24-28, നവംബര്‍ 2-5 എന്നീ തീയതികളില്‍ നടന്ന ഉല്‍സവ സീസണ്‍ വില്‍പ്പനയില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശിക്കപ്പെട്ടതും, ഇടപാടുകള്‍ നടന്നതുമായ ഇന്ത്യയിലെ ഓണ്‍ലൈന്‍ ഡെസ്റ്റിനേഷനായി ആമസോണ്‍ മാറിയെന്ന് കാന്തര്‍ ഐഎംആര്‍ബി റിപ്പോര്‍ട്ടിനെ ഉദ്ദരിച്ചുകൊണ്ട് ആമസോണ്‍ ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റും കണ്‍ട്രി ഹെഡുമായ അമിത് അഗര്‍വാള്‍ പറഞ്ഞു.

99.3 ശതമാനം പിന്‍കോഡുകളില്‍ നിന്ന് ഒരു ഓര്‍ഡറെങ്കിലും ഉണ്ടായിട്ടുണ്ട്. പുതിയ ഉപഭോക്താക്കളില്‍ 89 ശതമാനവും ചെറുപട്ടണങ്ങളില്‍ നിന്നാണ്. ഏകദേശം 70,000 ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ഒരു ഓര്‍ഡറെങ്കിലും ലഭിച്ചിട്ടുണ്ട്. മാത്രവുമല്ല പ്രൈം അംഗത്വം ഇരട്ടിയിലധികം വര്‍ധിക്കുകയും ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒക്‌റ്റോബര്‍ 9 മുതല്‍ 14 വരെ നടന്ന ഉല്‍സവകാല വില്‍പ്പനയില്‍ 51 ശതമാനം വിഹിതം ഫഌപ്കാര്‍ട്ട് വില്‍പ്പന നേടിയതായുള്ള റിപ്പോര്‍ട്ടുകളെ അഗര്‍വാള്‍ തള്ളിക്കളഞ്ഞു. ശാസ്ത്രീയമല്ലാത്ത രീതി അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച് മറുപടി പറയാനില്ലെന്ന് അഗര്‍വാള്‍ പറഞ്ഞു. ഈ റിപ്പോര്‍ട്ടില്‍ ദസ്‌റയ്ക്കു മുമ്പുള്ള ഉല്‍സവ കാല വില്‍പ്പനയില്‍ മസോമിന് 32 ശതമാനം വിഹിതമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സ്മാര്‍ട്ട്‌ഫോണുകള്‍, വീട്ടുപകരണങ്ങള്‍, വസ്ത്ര, തുണിത്തരങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്ന വിഭാഗങ്ങളില്‍ റെക്കോര്‍ഡ് വില്‍പ്പനയാണ് ഉല്‍സവകാല സീസണില്‍ വാള്‍മാര്‍ട്ട് പിന്തുണയ്ക്കുന്ന ഫഌപ്കാര്‍ട്ടും, ആമസോണും അവകാശപ്പെടുന്നത്. നവംബര്‍1 മുതല്‍ 5 വരെ നടന്ന ഉല്‍സവകാല വില്‍പ്പനയില്‍ ഈ വര്‍ഷം നടത്തിയ ബിഗ് ബില്യണ്‍ ഡെയ്‌സ് വില്‍പ്പനെയേക്കാള്‍ രണ്ട് മടങ്ങ് അധികം വില്‍പ്പന നടന്നുവെന്ന് ഫഌപ്കാര്‍ട്ട് ഗ്രോത്ത് ഹെഡ് സ്മൃതി രവിചന്ദ്രന്‍ വ്യക്തമാക്കി. ഫാഷന്‍ വിഭാഗത്തില്‍ വ്യക്തമായ ആധിപത്യം സ്ഥാപിക്കാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും അവര്‍ അവകാശപ്പെടുന്നു.

Comments

comments

Categories: Business & Economy