‘ആക്‌സിലര്‍8’ ഇന്ത്യോ-യൂറോപ്യന്‍ ബിസിനസ് ഫോറം സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി സംഘടിപ്പിച്ചു

‘ആക്‌സിലര്‍8’ ഇന്ത്യോ-യൂറോപ്യന്‍ ബിസിനസ് ഫോറം സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി സംഘടിപ്പിച്ചു

ലണ്ടന്‍: ഇന്ത്യയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമായുള്ള വാണിജ്യം പ്രോല്‍സാഹിപ്പിക്കുന്ന സ്വതന്ത്ര സംഘടനയായ ഇന്ത്യോ-യൂറോപ്യന്‍ ബിസിനസ് ഫോറം ‘ആക്‌സിലര്‍8’ എന്ന പേരില്‍ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി സംഘടിപ്പിച്ചു. ലണ്ടനില്‍ നടന്ന ഉച്ചകോടി വനിതാ സംരംഭകത്വത്തിനാണ് പ്രാധാന്യം നല്‍കിയത്. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് മേഖലയിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനായി സ്ഥാപകര്‍, നിക്ഷേപകര്‍, മെന്റര്‍മാര്‍ എന്നിവരുടെ കൂട്ടായ്മ രൂപപ്പെടുത്താന്‍ ലക്ഷ്യമിടുന്ന പ്രോഗ്രാമിനു കീഴില്‍ ആദ്യ വര്‍ഷം തന്നെ ഏകദേശം 100 ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ ഉള്‍പ്പെടുത്താനാണ് പദ്ധതി. നിയമനം, നിക്ഷേപ സമാഹരണം, നിയമ, സാമ്പത്തിക മാര്‍ഗനിര്‍ദേശങ്ങള്‍, ഉല്‍പ്പന്ന വികസനം, വിപണനം തുടങ്ങി സ്റ്റാര്‍ട്ടപ്പുകള്‍ അഭിമുഖീകരിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രോഗ്രാം സഹായകമാകും.

വേള്‍ഡ് റെമിറ്റ് സഹസ്ഥാപകയും ഡയറക്റ്ററുമായ കാതറിന്‍ വൈന്‍സ്, ഹക്കിള്‍ട്രീ സഹഹസ്ഥാപകയും സിഇഒയുമായ ഗബ്രിയേല ഹെര്‍ഷാം, ബില്‍ഡ്-ഐഡി സഹസ്ഥാപകയും സിഇഒയുമായ സവനാഹ്‌ഡെ സാവറി, വെഞ്ച്വര്‍ സ്പ്രിംഗ് സ്ഥാപകയും എംഡിയുമായ കസാന്‍ഡ്ര ഹാരിസ് എന്നിവരാണ് ഉച്ചകോടിയുടെ സമിതിയിലുണ്ടായിരുന്നത്. പര്‍ച്ചേസിംഗ് തീരുമാനങ്ങളില്‍ 85 ശതമാനവും വനിതകളാണ് എടുക്കുന്നതെന്നും വനിതാ നേതൃത്വമുള്ള കമ്പനികള്‍ വലിയ ലാഭവും വളര്‍ച്ചയും കൈവരിക്കുന്നതായുമാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്ന് ഉച്ചകോടിയില്‍ മുഖ്യപ്രഭാഷണം നടത്തിയ യൂറോപ്യന്‍ എക്‌സ്റ്റേണല്‍ അഫയേഴ്‌സ് കമ്മിറ്റി ചെയര്‍മാന്‍ ബറോനെസ് സന്ദീപ് വര്‍മ ചൂണ്ടിക്കാണിച്ചു. ഇങ്ങനെയൊക്കെയാണെങ്കിലും മൂന്നു ശതമാനം വെഞ്ച്വര്‍ കാപ്പിറ്റല്‍ നിക്ഷേപം മാത്രമാണ് വനിതാ സിഇഒമാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ലഭിക്കുന്നത്. അതുപോലെ മാനേജ്‌മെന്റ് സംഘത്തില്‍ വനിതാ സാന്നിധ്യമുള്ള 15 ശതമാനം കമ്പനികള്‍ മാത്രമാണ് വെഞ്ച്വര്‍ കാപ്പിറ്റല്‍ നിക്ഷേപം സ്വീകരിക്കുന്നുള്ളൂ. 2008 ലേതുപോലെ കുഴപ്പം പിടിച്ച ഒരു സാമ്പത്തിക പ്രതിസന്ധിയും ദാരുണമായ രാഷ്ട്രീയാവസ്ഥയും നമ്മള്‍ അനുഭവിച്ചിട്ടില്ല. ഇന്ന് വനിതകള്‍ സാമ്പത്തിക, രാഷ്ട്രീയ രംഗത്തേക്ക് കടന്നു വരാന്‍ തുടങ്ങിയതോടെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട് – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ ഉപഭോക്തൃ- ബിസിനസ് പ്രശ്‌നങ്ങളുടെ പരിഹാരിക്കുന്നതിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ആഗോള വിപണിക്ക് സ്വീകാര്യമായ ഉല്‍പ്പന്ന നിര്‍മാണത്തിലും മികച്ചതും വിവിധ തലങ്ങളുള്ളതും ഇന്ത്യോ യൂറോപ്യന്‍ ബിസിനസ് ഫോറം ഇന്ത്യ-ചാപ്റ്റര്‍ വൈസ് പ്രസിഡന്റും വിസ്‌കൗണ്‍സില്‍ സ്ഥാപകനുമായ രാണു ഗുപ്ത പറഞ്ഞു. 2014 മുതല്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയില്‍ 33.62 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് നേടിയത്. 2017 സാമ്പത്തിക വര്‍ഷം 13.7 ബില്യണ്‍ ഡോളറാണ് നിക്ഷേപിക്കപ്പെട്ടത്. ആക്‌സിലര്‍8 വഴി ഇന്ത്യയിലെ വളര്‍ന്നു വരുന്ന സംരംഭകര്‍ക്ക് ഒരുമിച്ചുപ്രവര്‍ത്തിക്കുന്നതിനുള്ള പ്ലാറ്റ്‌ഫോം രൂപീകരിക്കാനാണ് ഫോറം ശ്രമിക്കുന്നതെന്നും സ്റ്റാര്‍ട്ടപ്പ് മേഖല അഭിമുഖീകരിക്കുന്ന എല്ലാ അടിസ്ഥാനതലപ്രശ്‌നങ്ങളും പരിഹരിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗുപ്ത പറഞ്ഞു.

Comments

comments

Categories: Business & Economy
Tags: Accelor8