945 കോടി രൂപയുടെ അറ്റാദായം നേടി എസ്ബിഐ

945 കോടി രൂപയുടെ അറ്റാദായം നേടി എസ്ബിഐ

11.11 ശതമാനത്തിന്റെ വാര്‍ഷിക വര്‍ധനയാണ് വായ്പയില്‍ ഉണ്ടായത്

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 945 കോടി രൂപയുടെ അറ്റാദായം നേടാനായതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). റീട്ടെയ്ല്‍, വന്‍കിട കോര്‍പ്പറേറ്റ് വിഭാഗങ്ങളിലെ ആരോഗ്യകരമായ വായ്പാ വളര്‍ച്ചയ്‌ക്കൊപ്പം മൊത്ത നിഷ്‌ക്രിയാസ്തി അനുപാതവും അറ്റ നിഷ്‌ക്രിയാസ്തി അനുപാതവും മെച്ചപ്പെട്ടതുമാണ് രണ്ടാം പാദത്തിലെ സാമ്പത്തിക ഫലത്തില്‍ പ്രതിഫലിച്ചതെന്ന് എസ്ബിഐ പത്രകുറിപ്പില്‍ അറിയിച്ചു.

11.11 ശതമാനത്തിന്റെ വാര്‍ഷിക വര്‍ധനയാണ് ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ബാങ്കിന്റെ വായ്പയില്‍ ഉണ്ടായത്. വായ്പാ ചെലവില്‍ 68 ബേസിസ് പോയ്ന്റിന്റെ വാര്‍ഷിക ഇടിവുണ്ടായി. എക്കൗണ്ടിംഗ് ഫീസ്, പരസ്യം, ഇന്‍ഷുറന്‍സ്, പലിശ, വാടക തുടങ്ങിയവയ്ക്കുള്ള ചെലവുകളില്‍ 3.19 ശതമാനം ഇടിവുണ്ടായതായും എസ്ബിഐ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ബാങ്കിന്റെ പ്രവര്‍ത്തന ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 30.47 ശതമാനം കുറഞ്ഞ് 13,905 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സമാന പാദത്തില്‍ 19,999 കോടി രൂപയായിരുന്നു ബാങ്കിന്റെ പ്രവര്‍ത്തന ലാഭം. വ്യാപാര വരുമാനം കുറഞ്ഞതാണ് പ്രവര്‍ത്തന ലാഭം ഇടിയാനുള്ള പ്രധാന കാരണമായി ബാങ്ക് പറയുന്നത്.

അറ്റ പലിശ വരുമാനത്തില്‍ 12.48 ശതമാനം വര്‍ധനയാണ് സെപ്റ്റംബര്‍ പാദത്തില്‍ ഉണ്ടായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തിലെ 18,586 കോടി രൂപയില്‍ നിന്നും അറ്റ പലിശ വരുമാനം 20,906 കോടി രൂപയായി ഉയര്‍ന്നു. വായ്പാ പലിശ വരുമാനം 7.05 ശതമാനം വര്‍ധിച്ച് 38,326 കോടി രൂപയായി. പലിശ ഇതര വരുമാനം 41.46 ശതമാനം ഇടിഞ്ഞ് 9,375 കോടി രൂപയായി. ഓഫീസ് ആവശ്യങ്ങള്‍ അടക്കമുള്ള ചെലവുകള്‍ 6,900 കോടി രൂപയില്‍ നിന്നും 6,680 കോടി രൂപയായി കുറഞ്ഞു.

നിക്ഷേപത്തില്‍ 7.02 ശതമാനം വാര്‍ഷിക വര്‍ധനയാണ് സെപ്റ്റംബര്‍ പാദത്തില്‍ രേഖപ്പെടുത്തിയത്. ബാങ്കിന്റെ ആസ്തി ഗുണനിലവാരവും ഇക്കാലയളവില്‍ മെച്ചപ്പെട്ടു. ബാങ്കിന്റെ മൊത്തം എന്‍പിഎ അനുപാതം 9.95 ശതമാനമായും അറ്റ എന്‍പിഎ അനുപാതം 4.84 ശതമാനമായും ചുരുങ്ങി. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പകുതിയിലെ കണക്കെടുക്കുമ്പോള്‍ 3,931 കോടി രൂപയുടെ അറ്റ നഷ്ടമാണ് ബാങ്ക് കുറിച്ചത്. ഇക്കാലയളവിലെ പ്രവര്‍ത്തന ലാഭം 31,873 കോടി രൂപയില്‍ നിന്നും 25,878 കോടി രൂപയായി കുറഞ്ഞു. ഏപ്രില്‍-സെപ്റ്റംബറില്‍ അറ്റ പലിശ വരുമാനം 17.99 ശതമാനം വര്‍ധിച്ച് 42,704 കോടി രൂപയായിട്ടുണ്ട്.

Comments

comments

Categories: Banking
Tags: SBI