650 സിസി ഇരട്ടകളുടെ യൂറോപ്യന്‍ വില പ്രഖ്യാപിച്ചു

650 സിസി ഇരട്ടകളുടെ യൂറോപ്യന്‍ വില പ്രഖ്യാപിച്ചു

ഇന്ത്യയില്‍ മൂന്ന് ലക്ഷം രൂപയില്‍ താഴെ വില ആരംഭിക്കുമെന്ന് കരുതാം

ന്യൂഡെല്‍ഹി : റോയല്‍ എന്‍ഫീല്‍ഡിന്റെ 650 സിസി ഇരട്ടകളുടെ യൂറോപ്യന്‍ വില പ്രഖ്യാപിച്ചു. സ്‌പെയിന്‍, ഇറ്റലി, പോര്‍ച്ചുഗല്‍ വിപണികളില്‍ 6,200 യൂറോ മുതലാണ് (5.16 ലക്ഷം ഇന്ത്യന്‍ രൂപ) ഇന്റര്‍സെപ്റ്റര്‍ 650 മോട്ടോര്‍സൈക്കിളിന്റെ വില ആരംഭിക്കുന്നത്. ഇതേ രാജ്യങ്ങളില്‍ കോണ്ടിനെന്റല്‍ ജിടി 650 മോട്ടോര്‍സൈക്കിളിന്റെ വില 6,400 യൂറോയില്‍ (5.33 ലക്ഷം ഇന്ത്യന്‍ രൂപ) ആരംഭിക്കും. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ യഥാക്രമം 6,400 യൂറോ, 6,600 യൂറോ (5.49 ലക്ഷം ഇന്ത്യന്‍ രൂപ) എന്നിങ്ങനെയാണ് വില ആരംഭിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ മൂന്ന് ലക്ഷം രൂപയില്‍ താഴെ വില ആരംഭിക്കുമെന്ന് പ്രതീക്ഷിക്കാം.

2019 തുടക്കത്തില്‍ ബൈക്കുകള്‍ ലഭിച്ചുതുടങ്ങുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് അറിയിച്ചു. 3 വര്‍ഷ വാറന്റി ഉണ്ടായിരിക്കും. റെട്രോ സ്‌റ്റൈലിലുള്ള സ്ട്രീറ്റ് മോട്ടോര്‍സൈക്കിളാണ് ഇന്റര്‍സെപ്റ്റര്‍ 650. റൈഡര്‍ക്കും സഹയാത്രികനും ഇരിക്കാന്‍ കഴിയുന്ന നീളമേറിയ ഫഌറ്റ്, ക്വില്‍റ്റഡ് സിംഗിള്‍ സീറ്റാണ് നല്‍കിയിരിക്കുന്നത്. അല്‍പ്പം പിന്നിലേക്ക് സ്ഥാപിച്ച ഫൂട്ട് പെഗ്ഗുകള്‍ റൈഡര്‍ക്ക് നിവര്‍ന്ന റൈഡിംഗ് സ്റ്റാന്‍സ് സമ്മാനിക്കും. ക്ലിപ്പ്-ഓണ്‍ ഹാന്‍ഡില്‍ബാറുകളാണ് കോണ്ടിനെന്റല്‍ ജിടി 650 മോട്ടോര്‍സൈക്കിളിന്റെ പ്രത്യേകത.

648 സിസി, എയര്‍ കൂള്‍ഡ്, എസ്ഒഎച്ച്‌സി, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ്, പാരലല്‍ ട്വിന്‍ മോട്ടോറാണ് ഇരു ബൈക്കുകള്‍ക്കും കരുത്തേകുന്നത്. ഈ എന്‍ജിന്‍ 7,250 ആര്‍പിഎമ്മില്‍ 47 എച്ച്പി കരുത്തും 5,250 ആര്‍പിഎമ്മില്‍ 52 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. സ്ലിപ്പ്-അസിസ്റ്റ് ക്ലച്ച് സഹിതം 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. 198 കിലോഗ്രാം, 202 കിലോഗ്രാം എന്നിങ്ങനെയാണ് യഥാക്രമം കോണ്ടിനെന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 മോട്ടോര്‍സൈക്കിളുകളുടെ കെര്‍ബ് വെയ്റ്റ് (ഇന്ധനം നിറയ്ക്കാതെ). 12.5 ലിറ്റര്‍, 13.7 ലിറ്റര്‍ എന്നിങ്ങനെയാണ് യഥാക്രമം ഇന്ധന ടാങ്കിന്റെ ശേഷി. രണ്ട് മോട്ടോര്‍സൈക്കിളുകളുടെയും സീറ്റ് ഉയരം, ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവ തുല്യമാണ്. 804 എംഎം, 174 എംഎം.

Comments

comments

Categories: Auto