പുതുതായി ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചത് 75 ലക്ഷം പേര്‍

പുതുതായി ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചത് 75 ലക്ഷം പേര്‍

1.25 കോടി പുതിയ നികുതിദായകരെ കൂട്ടിച്ചേര്‍ക്കുന്നതിനാണ് ലക്ഷ്യമിടുന്നത്

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ ഏകദേശം 75 ലക്ഷം പുതിയ നികുതിദായകര്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി). നടപ്പു സാമ്പത്തിക വര്‍ഷം (2018-2019) അവസാനത്തോടെ 1.25 കോടി പുതിയ നികുതി നികുതിദായകരെ കൂട്ടിച്ചേര്‍ക്കാനാകുമെന്നാണ് സിബിഡിടി വിലയിരുത്തുന്നത്.
ആദായ നികുതി വകുപ്പിന് വേണ്ടി നയങ്ങള്‍ ആവിഷ്‌കരിക്കുന്നത് സിബിഡിടിയാണ്. നികുതി വെട്ടിപ്പ് നിയന്ത്രിക്കുന്നതിനുവേണ്ടി നടപ്പാക്കിയിട്ടുള്ള നയങ്ങളും നടപടികളുമാണ് പുതിയ ആദായ നികുതിദായകരുടെ എണ്ണം വര്‍ധിക്കാനുള്ള കാരണമായി സിബിഡിടി പറയുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി ഏതാനും മാസങ്ങള്‍ മാത്രമാണുള്ളതെങ്കിലും ഈ സാമ്പത്തിക വര്‍ഷം മൊത്തം 1.25 കോടി പുതിയ ആദായ നികുതിദായകരെ കൂട്ടിച്ചേര്‍ക്കാനാകുമെന്നതില്‍ നികുതി വകുപ്പിന് ആന്മവിശ്വാസമുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ഈ വര്‍ഷം ആദ്യം ആദായ നികുതി വകുപ്പിനു വേണ്ടി സിബിഡിടി ഒരു കേന്ദ്ര കര്‍മ പദ്ധതി (സിഎപി)പുറത്തിറക്കിയിരുന്നു. ഈ സമയത്താണ് 1.25 കോടി പുതിയ നികുതിദായകരെ കൂട്ടിച്ചേര്‍ക്കുകയെന്ന ലക്ഷ്യം സിബിഡിടി പ്രഖ്യാപിച്ചത്. പ്രഖ്യാപിത ലക്ഷ്യത്തിലേക്കെത്തുന്നതിന് തെക്ക്പടിഞ്ഞാറന്‍ മേഖലയിലെ സംസ്ഥാനങ്ങളോട് 11,48,489 പുതിയ നികുതിദായകരെ കൂട്ടിച്ചേര്‍ക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. പൂനെ റീജണില്‍ നിന്നും 11,33,950 പുതിയ നികുതിദായകരെയും തമിഴ്‌നാട് മേഖലയില്‍ നിന്ന് 10,36,645 നികുതിദായകരെയും കൂട്ടിച്ചേര്‍ക്കാനാണ് സിബിഡിടി ആവശ്യപ്പെട്ടിട്ടുള്ളത്.
2017-2018 സാമ്പത്തിക വര്‍ഷം മൊത്തം 1.06 പുതിയ ആദായ നികുതിദായകരെയാണ് വകുപ്പിന് കൂട്ടിച്ചേര്‍ക്കാനായിട്ടുള്ളത്. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചിട്ടില്ലാത്തതും എന്നാല്‍, അതേ വര്‍ഷം തന്നെ പിന്നീട് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവരെയുമാണ് പുതിയ ആദായ നികുതിദായകരായി നിര്‍വചിക്കുന്നത്. വളരെ വേഗത്തിലുള്ള വളര്‍ച്ചാ ഘട്ടത്തിലാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ എന്നതും സംഘടിത, അസംഘടിത മേഖലകളിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ പുരോഗതിയും പരിഗണിക്കുമ്പോള്‍ ഇന്ത്യയുടെ നികുതി അടിത്തറ കൂടുതല്‍ വിശാലമാകാനുള്ള സാധ്യതകളുണ്ടെന്നാണ് സിബിഡിടി കര്‍മ പദ്ധതിയില്‍ പറയുന്നത്.

Comments

comments

Categories: Business & Economy
Tags: Tax return