സേവന മേഖലയില്‍ മികച്ച വളര്‍ച്ച; പിഎംഐ 52.2ല്‍

സേവന മേഖലയില്‍ മികച്ച വളര്‍ച്ച; പിഎംഐ 52.2ല്‍

2011 മാര്‍ച്ചിനു ശേഷം ഒരു മാസത്തില്‍ പ്രകടമാകുന്ന രണ്ടാമത്തെ വലിയ തൊഴില്‍ കൂട്ടിച്ചേര്‍ക്കല്‍

ന്യൂഡെല്‍ഹി: രാജ്യത്തെ സേവന മേഖലയുടെ വളര്‍ച്ചയില്‍ കഴിഞ്ഞ മാസം രേഖപ്പെടുത്തിയത് മികച്ച വളര്‍ച്ചയെന്ന് ഐഎച്ച്എസ് മാര്‍ക്കിറ്റിന്റെ പ്രതിമാസ റിപ്പോര്‍ട്ട്. നിക്കെയ് സര്‍വീസസ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് (പിഎംഐ) സൂചിക സെപ്റ്റംബറിലെ 50.9ല്‍ നിന്നും ഒക്‌റ്റോബറില്‍ 52.2ലേക്ക് ഉയര്‍ന്നു. ഇക്കഴിഞ്ഞ ജൂലൈ മാസത്തിനു ശേഷം സേവന മേഖലയിലെ പ്രകടനത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണിത്.

സൂചിക 50ല്‍ താഴെയാണെങ്കിലാണ് മേഖലയുടെ തളര്‍ച്ച സൂചിപ്പിക്കുന്നത്. പുതിയ ബിസിനസ് ഓര്‍ഡറുകളില്‍ ഉണ്ടായ വളര്‍ച്ച ഒക്‌റ്റോബറില്‍ സേവന മേഖലയിലെ തൊഴില്‍ നിയമനങ്ങള്‍ വര്‍ധിക്കുന്നതിനും കാരണമായെന്ന് ഐഎച്ച്എസ് മാര്‍ക്കിറ്റിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഐടി, കമ്മ്യൂണിക്കേഷന്‍ വിഭാഗങ്ങളില്‍ നിന്നുള്ള ഓര്‍ഡറുകള്‍ ശക്തമായ തലത്തില്‍ തന്നെ തുടരുകയാണ്. സേവന മേഖലയിലെ പിഎംഐ തുടര്‍ച്ചയായ അഞ്ചാം മാസമാണ് വളര്‍ച്ച പ്രകടമാക്കുന്നത്.

ഉല്‍പ്പാദന വളര്‍ച്ച, മികച്ച വിപണി സാഹചര്യങ്ങള്‍, ഫലപ്രദമായ പരസ്യ പ്രചാരണങ്ങള്‍, ശക്തമായ ക്ലൈന്റ് അടിത്തറ എന്നിവയെല്ലാം ഒക്‌റ്റോബറിലെ വളര്‍ച്ചയ്ക്ക് കാരണമായതായി ഐഎച്ച്എസ് മാര്‍ക്കിറ്റിലെ പാനലിസ്റ്റുകള്‍ വിലയിരുത്തി. 2011 മാര്‍ച്ചിനു ശേഷം ഒരു മാസത്തില്‍ പ്രകടമാകുന്ന രണ്ടാമത്തെ വലിയ തൊഴില്‍ കൂട്ടിച്ചേര്‍ക്കലാണ് കഴിഞ്ഞ മാസം സേവന മേഖലയില്‍ ഉണ്ടായതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മാനുഫാക്ച്ചറിംഗ്-സേവന മേഖലകളെ ഒന്നിച്ച് വിലയിരുത്തുന്ന നിക്കെയ് ഇന്ത്യ കോംപോസിറ്റ് പിഎംഐ സെപ്റ്റംബറിലെ 51.6ല്‍ നിന്നും ഒക്‌റ്റോബറില്‍ 53 ലേക്ക് ഉയര്‍ന്നു. ജൂലൈ മാസത്തിനു ശേഷമുള്ള ഏറ്റവും വലിയ വളര്‍ച്ചയാണ് സംയോജിത പിഎംഐ യില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നാലു മാസത്തിനിടയിലെ ഏറ്റവും താണ വളര്‍ച്ചയായിരുന്നു സെപ്റ്റംബറില്‍ രേഖപ്പെടുത്തിയിരുന്നത്.

Comments

comments

Categories: FK News

Related Articles