ആസ്ത്മാ രോഗികളുടെ എണ്ണത്തില്‍ 25 ശതമാനം വര്‍ധന

ആസ്ത്മാ രോഗികളുടെ എണ്ണത്തില്‍ 25 ശതമാനം വര്‍ധന

കൊച്ചി : നഗരത്തിലെ ആസ്മരോഗികളുടെ എണ്ണം വര്‍ധിച്ചതായി പഠനം. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 25 ശതമാനം കൂടുതലാണ് ഇപ്പോള്‍ കൊച്ചി നഗരത്തിലെ ആസ്ത്മ-ശ്വാസകോശ രോഗികളുടെ എണ്ണം. ഓരോ ദിവസവും പുതുതായി ശരാശരി 40 ആസ്ത്മാ ശ്വാസകോശ രോഗികള്‍ ചികില്‍സ തേടുന്നുണ്ടെന്ന് നഗരത്തിലെ ഡോക്ടര്‍മാര്‍ പറയുന്നു.

കുട്ടികളിലും ആസ്ത്മ വര്‍ധിച്ചു വരികയാണ്. പ്രതിമാസം 25-30 കുട്ടികള്‍ക്ക് പുതുതായി രോഗം പിടിപെടുന്നുണ്ട്. നഗരത്തിലെ ജനസംഖ്യയില്‍ മൂന്നിലൊന്നു പേര്‍ക്ക് ഏതെങ്കിലും ഘട്ടത്തില്‍ ശ്വാസരോഗ ലക്ഷണം കാണുന്നു. ഇതില്‍ ഭൂരിഭാഗം പേരും 20 വയസിന് താഴെയുള്ളവരുമാണ്. ഇന്‍ഹെയ്‌ലര്‍ ഉപയോഗിക്കുന്ന ആസ്ത്മാ രോഗികളുടെ എണ്ണം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വര്‍ധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും 75 ശതമാനം പേര്‍ ഇന്‍ഹെയ്‌ലര്‍ ഉപയോഗിക്കാത്തവരാണ്. കൊച്ചിയിലെ വര്‍ധിച്ചു വരുന്ന ആസ്ത്മയ്ക്ക് കാരണം വായു മലിനീകരണം, പൂമ്പൊടി, പുകവലി, ഭക്ഷണ ക്രമം, പോഷകാഹാരക്കുറവ്, പാരമ്പര്യം എന്നിവയാണ്.

ആസ്തമയെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും ഭയാശങ്കകളും മാറ്റി രോഗികള്‍ക്ക് ദീര്‍ഘകാലം ജീവിക്കാനുള്ള ആത്മവിശ്വാസം നല്‍കുന്നതിനായി ‘ബെറോക് സിന്ദഗി’ എന്ന പ്രചാരണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. ആസ്ത്മ രോഗിയായ പ്രശസ്ത നടി പ്രിയങ്കാ ചോപ്രയാണ് ഈ പ്രചാരണ പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡര്‍.

മുന്‍ കാലങ്ങളെ അപേക്ഷിച്ച് കുട്ടികളിലും ചെറുപ്രായക്കാരിലും ആസ്ത്മ വര്‍ധിച്ചു വരുന്നതായി ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ശ്വാസരോഗ വിദഗ്ധനായ ഡോ. പ്രവീണ്‍ വല്‍സലന്‍ പറഞ്ഞു. വായു മലിനീകരണവും അലര്‍ജി ഉണ്ടാക്കുന്നവസ്തുക്കളുമാണ് രോഗം പടര്‍ന്നു പിടിക്കാന്‍ കാരണം. കുട്ടികളെയാണ് ആസ്ത്മ മുഖ്യമായും ബാധിക്കുന്നത്. പക്ഷെ ഇന്‍ഹെയ്‌ലര്‍ തെറാപ്പി എളുപ്പത്തില്‍ പ്രയോഗിക്കാന്‍ കഴിയുന്നതും അവരിലാണ്. മെട്രോ നഗരങ്ങളിലാണ് രോഗം കൂടുതലായി കാണുന്നതെങ്കിലും ഇപ്പോള്‍ ചെറു നഗരങ്ങളിലേക്കും രോഗം പടരുന്നതായി ഡോ. പ്രവീണ്‍ വല്‍സലന്‍ അഭിപ്രായപ്പെട്ടു. ഈയിടെ നടത്തപ്പെട്ട പ്രചാരണ പരിപാടികളുടെ ഫലമായുളവായിട്ടുള്ള അവബോധം ഇന്‍ഹെയ്‌ലര്‍ ഉപയോഗം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദീര്‍ഘകാലം നിലനില്‍ക്കുന്ന രോഗങ്ങളിലൊന്നായ ആസ്ത്മ ബാധിക്കാത്ത കുട്ടികള്‍ കൊച്ചിയില്‍ ചുരുക്കമാണെന്ന് ലിസി ആശുപത്രിയിലെ ശ്വാസകോശ രോഗ വിദഗ്ധനായ എ ആര്‍ പരമേസ് അഭിപ്രായപ്പെട്ടു. ഈര്‍പ്പവും പൊടിയും കൂടിച്ചേരുമ്പോഴാണ് രോഗം പിടിപെടുന്നത്. കുട്ടികളില്‍ ഇന്‍ഹെയ്‌ലര്‍ ചികിത്‌സ നടത്താന്‍ താല്‍പ്പര്യപ്പെടുന്ന മാതാപിതാക്കള്‍ സ്വയം ഇന്‍ഹെയ്‌ലര്‍ ഉപയോഗം ഇടയ്ക്ക് വച്ച് നിര്‍ത്തിവയ്ക്കുന്ന പ്രവണത കാണുന്നുണ്ടെന്നും ഇത് ആശാസ്യമല്ലെന്നും ഡോ. പരമേസ് പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഇന്ത്യയില്‍ 1.5 കോടിയ്ക്കും 2 കോടിയ്ക്കുമിടയില്‍ ആസ്ത്മാ രോഗികളുണ്ട്. 5-നും 11നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ മുമ്പത്തേക്കാള്‍ 10 മുതല്‍ 15 ശതമാനം വരെ കൂടുതലായി രോഗം കാണപ്പെടുന്നു.

Comments

comments

Categories: Health
Tags: Asthma