ബംഗളുരുവിന്റെ ഗതാഗതക്കുരുക്കിന് പരിഹാരവുമായി ജപ്പാന്‍ ടെക്‌നോളജി

ബംഗളുരുവിന്റെ ഗതാഗതക്കുരുക്കിന് പരിഹാരവുമായി ജപ്പാന്‍ ടെക്‌നോളജി

ബംഗളുരു നഗരം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ് രൂക്ഷമായ ഗതാഗതക്കുരുക്ക്. ഈ പ്രശ്‌നം പരിഹരിക്കാന്‍ ജാപ്പനീസ് ടെക്‌നോളജിയായ ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ബംഗഌരു. കംബോഡിയ, തായ്‌ലാന്‍ഡ്, മ്യാന്‍മാര്‍ തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ നഗരങ്ങളില്‍ ഗതാഗതക്കുരുക്കിനു പരിഹാരം കണ്ടെത്താന്‍ ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റത്തിനു സാധിച്ചിട്ടുണ്ട്. പുതിയ സാങ്കേതികവിദ്യ ബംഗളുരുവില്‍ നടപ്പിലാകുന്നതോടെ ട്രാഫിക്ക് കുരുക്കിന്റെ വ്യാപ്തി മൂന്ന് വര്‍ഷത്തിനുള്ളില്‍ 30 ശതമാനം കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിലെ മുന്‍നിര ഐടി ഹബ്ബുകളിലൊന്നാണു ബംഗഌരു. ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നും ബംഗഌരു നഗരത്തിനു വിശേഷണമുണ്ട്. ലോകത്തെ പേരെടുത്ത സോഫ്റ്റ്‌വെയര്‍ കമ്പനികളുടെ ആസ്ഥാനകേന്ദ്രം കൂടിയാണു ബംഗഌരു. നഗരം അഭിമുഖീകരിക്കുന്ന ഏതൊരു പ്രശ്‌നത്തിനും പരിഹാരം കാണാന്‍ കഴിവുള്ള, ആര്‍ജ്ജവമുള്ള, തദ്ദേശീയതലത്തില്‍നിന്നും വളര്‍ന്നുവന്ന ടെക്‌നോളജി കമ്പനികളും ബംഗഌരുവിലുണ്ട്. ഏറ്റവും പുതിയ ടെക്‌നോളജി ഇന്ത്യയില്‍ നടപ്പിലാക്കുന്നത് ബംഗഌരുവിലാണ്. ഈയൊരു പ്രത്യേകത കൊണ്ടു തന്നെ ബംഗഌരുവിന് early adopter of technology എന്ന വിശേഷണവുമുണ്ട്. എങ്കിലും, ഗതാഗതക്കുരുക്ക് എന്ന ഏറ്റവും വലിയ പ്രശ്‌നത്തിനുള്ള പരിഹാരത്തിനായി ബംഗഌരു ജപ്പാനെ ആശ്രയിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ജാപ്പനീസ് സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ട്രാഫിക് മാനേജ്‌മെന്റ് സംവിധാനമായിരിക്കും ബംഗഌരു നഗരത്തില്‍ നടപ്പിലാക്കുവാന്‍ പോകുന്നത്. 757.8 കോടി രൂപയുടേതാണു പദ്ധതി. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോഓപറേഷന്‍ ഏജന്‍സിയുടെ (ജെഐസിഎ) സാമ്പത്തിക സഹായത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. 72.86 കോടി രൂപയാണു ജെഐസിഎ സാമ്പത്തികസഹായമായി നല്‍കുന്നത്. ജെഐസിഎയുടെ സഹായത്തോടെ നടപ്പിലാക്കുന്ന അഡ്‌വാന്‍സ്ഡ് ട്രാഫിക് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് മാനേജ്‌മെന്റ് സിസ്റ്റത്തിനു കര്‍ണാടക സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തു. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രം ഈ വര്‍ഷം ജനുവരിയില്‍ കേന്ദ്രസര്‍ക്കാരും, ജപ്പാനും തമ്മില്‍ ഒപ്പുവച്ചിരുന്നു.2019 ഫെബ്രുവരിയില്‍ പദ്ധതി ആരംഭിച്ച്, 2020 ഒക്ടോബറോടെ പ്രവര്‍ത്തനസജ്ജമാക്കാനാണു തീരുമാനം. രാവിലെ ഏറ്റവും തിരക്കേറിയ സമയത്തു ബംഗഌരു നഗരത്തിലെ ശരാശരി വേഗത മണിക്കൂറില്‍ പതിമൂന്ന് കിലോമീറ്ററാണ് അഥവാ എട്ട് മൈല്‍സാണ്. അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ ശരാശരി വേഗത മണിക്കൂറില്‍ 16 കിലോമീറ്ററാണ് അഥവാ 10 മൈല്‍സാണ്. ഇപ്പോള്‍ ബംഗഌരുവില്‍ നടപ്പിലാക്കാന്‍ പോകുന്ന ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സിസ്റ്റം എന്ന പുതിയ സാങ്കേതികവിദ്യയിലൂടെ ട്രാഫിക്ക് കുരുക്കിന്റെ വ്യാപ്തി മൂന്ന് വര്‍ഷത്തിനുള്ളില്‍ 30 ശതമാനം കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജെഐസിഎ എന്ന ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോഓപറേഷന്‍ ഏജന്‍സിയുടെ ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം കംബോഡിയ, തായ്‌ലാന്‍ഡ്, മ്യാന്‍മാര്‍ തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ നഗരങ്ങളില്‍ ഗതാഗതക്കുരുക്കിനു പരിഹാരം കണ്ടെത്തിയിട്ടുണ്ട്. ബംഗഌരുവില്‍, ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം, നഗരത്തിലെ 12 ട്രാഫിക് ജാം ഹോട്ട് സ്‌പോട്ട് എന്നു കണ്ടെത്തിയിരിക്കുന്ന സ്ഥലങ്ങളില്‍ 72 സെന്‍സറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യും. ഓരോ 60 സെക്കന്‍ഡിലും വിവരങ്ങള്‍ ശേഖരിക്കാന്‍ അള്‍ട്രാ സോണിക് തരംങ്ങള്‍ ഉപയോഗിക്കുന്ന ഡിറ്റക്‌ടേഴ്‌സ് (Detectors) ഉണ്ടാവും.6,700 ബസുകളില്‍ സ്ഥാപിച്ചിരിക്കുന്ന ജിപിഎസ് ഉപകരണങ്ങള്‍ യാത്രാ വേഗതയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കും. എട്ട് ലൊക്കേഷനുകളിലുള്ള 16 ക്യാമറകളും, സെന്‍സറുകളും ട്രാഫിക് വ്യാപ്തിയും (volume) വേഗതയും (speed) വിലയിരുത്തും. പദ്ധതിക്ക് ബംഗഌരു ട്രാഫിക് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ (ബി-ടിക്), ഏരിയ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റം (എടിസിഎസ്) എന്നിങ്ങനെ രണ്ട് പ്രവര്‍ത്തന വിഭാഗങ്ങളായിരിക്കും ഉണ്ടാവുക. യാത്രക്കാര്‍ക്കു നിരത്തിലുള്ള ഗതാഗതക്കുരുക്കിന്റെ നില, പ്രതീക്ഷിത യാത്രാ സമയം എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ ബി-ടിക് ലഭ്യമാക്കും. ബി-ടിക് ആയിരിക്കും പദ്ധതിയുടെ പ്രധാന വിഭാഗം.

MODERATO (Management by Origin-DEstination Related Adaptation for Traffic Optimization) എന്ന ജാപ്പനീസ് ട്രാഫിക് സിഗ്നല്‍ ടെക്‌നോളജിയാണ് ഏരിയ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റംസ് അഥവാ എടിസിഎസ്. എംജി റോഡ്, ഓള്‍ഡ് മദ്രാസ് റോഡ്, ഹോസൂര്‍ റോഡ് എന്നിവിടങ്ങളിലെ 29 ജംഗ്ഷനുകളിലായി അഡാപ്റ്റീവ് സിഗ്നല്‍ ടെക്‌നോളജി നടപ്പിലാക്കും. കാര്യക്ഷമമായ സിഗ്നലിംഗിലൂടെ മൊബിലിറ്റി മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണിത്.

ട്രാഫിക് കുരുക്കിനു പരിഹാരമാകുമോ ?

ബംഗഌരു നഗരം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണു ഗതാഗതക്കുരുക്ക്. നഗരത്തില്‍ രാവിലെയും വൈകുന്നേരങ്ങളിലും ഗതാഗതക്കുരുക്കിനെ തുടര്‍ന്നു കിലോമീറ്ററുകളോളം നീളത്തില്‍ വാഹനങ്ങളുടെ നിര രൂപപ്പെടുന്നത് പതിവ് കാഴ്ചയാണ്. ഇതിനൊരു പരിഹാരമായിട്ടാണ് ഇപ്പോള്‍ ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം അവതരിപ്പിക്കാന്‍ പോകുന്നത്. ബംഗഌരുവില്‍ ഏകോപിത ട്രാഫിക് മാനേജ്‌മെന്റ് സെന്ററായി ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം പ്രവര്‍ത്തിക്കും. ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം (ഐടിഎസ്) 1990-കള്‍ മുതല്‍ ജപ്പാനില്‍ ഉപയോഗിച്ചു വരുന്നുണ്ട്. ശ്രീലങ്കയിലും, കംബോഡിയയിലും, ഉഗാണ്ടയിലും ഈ സംവിധാനം പ്രയോഗിക്കുന്നുണ്ട്. ജെഐസിഎയാണു സംവിധാനം നടപ്പിലാക്കുന്നത്. മോസ്‌കോയിലും, റഷ്യയിലും ഐടിഎസ് ഇന്‍സ്റ്റാള്‍ ചെയ്തതിലൂടെ ഗതാഗതക്കുരുക്ക് 40 ശതമാനം കുറയ്ക്കാനായിട്ടുണ്ടെന്നും പറയപ്പെടുന്നു.

Comments

comments

Categories: FK News, Slider