ഇന്ത്യയില്‍ കൂടുതല്‍ നിയമനത്തിനൊരുങ്ങി കെപിഎംജി

ഇന്ത്യയില്‍ കൂടുതല്‍ നിയമനത്തിനൊരുങ്ങി കെപിഎംജി

ആഗോള ക്ലൈന്റുകള്‍ക്കിടയില്‍ ആവശ്യകത വര്‍ധിച്ചുവരുന്നുവെന്ന് വിലയിരുത്തല്‍

ബെംഗളൂരു: മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് സംരംഭമായ കെപിഎംജി ഇന്ത്യയില്‍ 8,000-9000 പേരെ നിയമിക്കാന്‍ പദ്ധതിയിടുന്നു. ഇതില്‍ പത്തിലൊരു ഭാഗം ആളുകളെ വിദേശ പ്രൊജക്റ്റുകള്‍ക്കായിട്ടായിരിക്കും നിയമിക്കുക. കമ്പനിയുടെ ആഗോള ക്ലൈന്റുകള്‍ക്കിടയില്‍ ആവശ്യകത വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇന്ത്യയില്‍ കൂടുതല്‍ പേരെ നിയമിക്കാന്‍ കമ്പനി ഒരുങ്ങുന്നത്.
പരമ്പരാഗതമായി കണ്‍സള്‍ട്ടിംഗ്, അഡൈ്വസറി സംരംഭങ്ങള്‍ ആഗോള കമ്പനികള്‍ക്കുവേണ്ടിയാണ് സര്‍വീസ് നടത്താറുള്ളത്. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തികൊണ്ട് ചെലവ് ചുരുക്കുന്നതിനോ ബിസിനസ് മെച്ചപ്പെടുത്തുന്നതിനോ ആവശ്യമായ തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിന് കമ്പനികളെ സഹായിക്കുകയാണ് കണ്‍സള്‍ട്ടിംഗ് സംരംഭങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ ഈ രീതി മാറികൊണ്ടിരിക്കുകയാണ്. ഫീസ് അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങളില്‍ കണ്‍സള്‍ട്ടിംഗ് സംരംഭങ്ങള്‍ ശ്രദ്ധകേന്ദ്രീകരിച്ച് തുടങ്ങിയതായും കെപിഎംജി അറിയിച്ചു.
സാങ്കേതിക വിദ്യകളില്‍ പരിശീലനം നേടിയ വിദഗ്ധരായ പ്രൊഫഷണലുകളുടെ വിശാലമായ അടിത്തറ ഇന്ത്യക്കുണ്ട് എന്നതാണ് രാജ്യത്ത് കൂടുതല്‍ നിയമനം നടത്താന്‍ ഒരുങ്ങുന്നതിന്റെ കാരണമെന്ന് കെപിഎംജി അനലിസ്റ്റുകള്‍ പറയുന്നു. തങ്ങളുടെ ക്ലൈന്റുകള്‍ ഉല്‍പ്പാദനത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ശക്തമായൊരു ടീം സജ്ജമാക്കേണ്ടത് അത്യാവശ്യമാണെന്നും നിയമന പ്രവര്‍ത്തനങ്ങളിലും ജീവനക്കാര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുന്നതിലുമാണ് കെപിഎംജി ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും അനലിസ്റ്റുകള്‍ പറഞ്ഞു.
ആഗോളതലത്തില്‍ ഏറ്റവും മികച്ച നാല് കണ്‍സള്‍ട്ടിംഗ് സംരംഭങ്ങളിലൊന്നാണ് കെപിഎംജി. ഐബിഎം, ആക്‌സെഞ്ചര്‍, ടിസിഎസ് തുടങ്ങിയ ആഗോള-ആഭ്യന്തര കമ്പനികളില്‍ നിന്നും കടുത്ത മത്സരമാണ് കെപിഎംജി നേരിടുന്നത്. അഡൈ്വസറി ബിസിനസിലേക്കായി നിയമനം നടത്താന്‍ പദ്ധതിയിടുന്നതായി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കെപിഎംജി പ്രഖ്യാപിച്ചിരുന്നു. എക്‌സിക്യൂട്ടിവുകളെയും സീനിയര്‍ എക്‌സിക്യൂട്ടീവുകളെയും ഡിജിറ്റല്‍ വിദഗ്ധരെയും നിയമിക്കാനുള്ള പദ്ധതിയാണ് കെപിഎംജി പ്രഖ്യാപിച്ചത്.

Comments

comments

Categories: Business & Economy
Tags: KPMG