ഇന്ത്യയില്‍ സാമ്പത്തിക അസമത്വം വര്‍ധിക്കുമ്പോള്‍

ഇന്ത്യയില്‍ സാമ്പത്തിക അസമത്വം വര്‍ധിക്കുമ്പോള്‍

ലോകത്തെ ഏറ്റവും മികച്ച വളര്‍ച്ചാ നിരക്കുമായി മുന്നോട്ടു കുതിക്കുന്നുണ്ടെങ്കിലും സാമ്പത്തിക അസമത്വം ഇന്ത്യയില്‍ കൊടികുത്തി വാഴുന്നെന്നാണ് ഏറ്വും പുതിയ കണക്കുകളടക്കം ചൂണ്ടിക്കാട്ടുന്നത്. ആഗോള മാനവ വികസന സൂചികാ റാങ്കിംഗില്‍ 130ാം സ്ഥാനത്താണ് ഇന്ത്യ. സാമ്പത്തിക അസമത്വവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ മോശം പ്രകടനത്തിന് എങ്ങനെ വിശദീകരണം കണ്ടെത്താം? മറ്റ് വികസ്വര രാജ്യങ്ങള്‍ സമാനമായ പ്രശ്‌നം അഭിമുഖീകരിക്കാത്തത് എന്തുകൊണ്ടാണ്? ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ച എല്ലാവരെയും സമഗ്രമായി ഉള്‍ക്കൊണ്ടുള്ളതല്ല എന്നതാണ് ഇതിനുള്ള ലളിതമായ ഉത്തരം.

 

പൂര്‍ണതയില്‍ നിന്നും വളരെ അകലെയാണ് ഇന്ത്യന്‍ വളര്‍ച്ചാ ചരിതം. ഏതെങ്കിലും വിശാലമായ ഭാവനയുടെ ചുവടു പിടിച്ചുള്ള ന്യൂനോക്തി അല്ല ഈ പ്രസ്താവന. അതിവേഗം വികസിക്കുന്ന അസമത്വമെന്ന പ്രശ്‌നമാണ് സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച് വളര്‍ന്നുവരുന്ന വെല്ലുവിളി.

അടുത്തിടെ പ്രമുഖ എഴുത്തുകാരനായ ജെയിംസ് ക്രാബ്ട്രീ ‘ദി ബില്യണയര്‍ രാജ്’ എന്ന തന്റെ പുസ്തകത്തില്‍ ”ലോകത്തിലെ ഏറ്റവും അസമത്വമുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ” എന്ന് അവകാശപ്പെടുന്നുണ്ട്. രാജ്യത്തിന്റെ ആകെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ശതകോടീശ്വരന്‍മാരുടെ സമ്പത്തിന്റെ അനുപാതം ഇന്ത്യയില്‍ വളരെ ഉയര്‍ന്നതാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ ഈ അവകാശവാദം. റഷ്യ മാത്രമാണ് ഇക്കാര്യത്തില്‍ ഇന്ത്യക്ക് മുന്നിലുള്ളത്. അടുത്തിടെ പുറത്തിറങ്ങിയ മാനവ വികസന സൂചികാ റാങ്കിംഗുകളും അദ്ദേഹത്തിന്റെ കണ്ടെത്തല്‍ സ്ഥിരീകരിക്കുന്നു. 189 രാജ്യങ്ങളുടെ സൂചികയില്‍ 130 എന്ന താഴ്ന്ന സ്ഥാനത്താണ് ഇന്ത്യയുള്ളത്. എന്നാല്‍ അസമത്വവുമായി ബന്ധപ്പെട്ട് ക്രമീകരിക്കുമ്പോള്‍ സ്‌കോറുകള്‍ വളരെ താഴേക്ക് പോകുന്ന അനുഭവമാണുള്ളത്. അസമത്വത്തിന്റെ ആഗോളശരാശരി 20 ശതമാനമാണെങ്കില്‍ ഇന്ത്യയിലിത് 27 ശതമാനമാണ്.

അസമത്വവുമായി ബന്ധപ്പെട്ടുള്ള ഇന്ത്യയുടെ മോശം പ്രകടനത്തിന് എങ്ങനെ വിശദീകരണം കണ്ടെത്താം? മറ്റ് വികസ്വര രാജ്യങ്ങള്‍ സമാനമായ പ്രശ്‌നം അഭിമുഖീകരിക്കാത്തത് എന്തുകൊണ്ടാണ്? ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ച എല്ലാവരെയും സമഗ്രമായി ഉള്‍ക്കൊണ്ടുള്ളതല്ല എന്നതാണ് ഇതിനുള്ള ലളിതമായ ഉത്തരം. രാജ്യത്തിന്റെ അതിവേഗത്തിലുള്ള സാമ്പത്തിക വളര്‍ച്ചയെ കുറിച്ചുള്ള ഊതിപ്പെരുപ്പിച്ച പ്രചാരണങ്ങള്‍ നടക്കുമ്പോഴും, സമ്പദ് വ്യവസ്ഥയുടെ താഴെ തട്ടിലേക്ക് ഈ മുന്നേറ്റം വ്യാപിച്ചിട്ടില്ലെന്നതാണ് വാസ്തവം. എന്തുകൊണ്ടാണിതെന്നതിന് അടുത്തിടെ പ്രസിദ്ധീകരിക്കപ്പെട്ട സാമൂഹ്യ പുരോഗമന സൂചിക വിശദീകരണം നല്‍കും.

പൗരന്‍മാരുടെ സാമൂഹികവും പാരിസ്ഥിതികവുമായ ആവശ്യങ്ങള്‍ക്കായി ഒരു രാജ്യത്തിന് നല്‍കാന്‍ സാധിക്കുന്ന വിഭവ വ്യാപ്തി അളക്കുന്ന സൂചികയില്‍ 101ാം സ്ഥാനത്താണ് ഇന്ത്യ റാങ്ക് ചെയ്യപ്പെട്ടിട്ടുള്ളത്. 2014ല്‍ ഇന്ത്യ നേടിയ അതേ സ്ഥാനമായിരുന്നു ഇത്. ബ്രിക്‌സ് രാജ്യങ്ങളില്‍ ഏറ്റവും മോശം പ്രകടനം കാഴ്ച വെച്ചത് ഇന്ത്യയായിരുന്നു. തായ്‌ലന്‍ഡ്, ശ്രീലങ്ക, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ എന്നിവയടക്കം ഏതാനും വികസ്വര രാജ്യങ്ങളേക്കാള്‍ മോശമായിരുന്നു ഇന്ത്യയുടെ പ്രകടനം. സാമൂഹിക പാരിസ്ഥിതിക മേഖലകളിലെ രാജ്യത്തിന്റെ അങ്ങേയറ്റം മോശമായ പ്രകടനം ഒരു വലിയ പരിധിവരെ അതിന്റെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന അസമത്വത്തെ വ്യാഖ്യാനിക്കും.

സാമൂഹിക പുരോഗമന സൂചികയില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ച രാജ്യങ്ങള്‍ക്ക് അവരുടെ സാമ്പത്തിക ഭാരം കണക്കിലെടുക്കാതെ തന്നെ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചെന്ന് കാണാനാവും. അതായത്, ഇന്ത്യയെക്കാളും ദരിദ്രമായ സമ്പദ് വ്യവസ്ഥകള്‍ പോലും ഉയര്‍ന്ന നിലയില്‍ റാങ്ക് ചെയ്യപ്പെട്ടു. സാര്‍വത്രിക വിദ്യാഭ്യാസം, ഉയര്‍ന്ന സാക്ഷരത, മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ, ഭൂപരിഷ്‌കരണം, മികച്ച ലിംഗ സമത്വം എന്നിവ ഉറപ്പാക്കുന്ന നയങ്ങള്‍ പിന്തുടരുക വഴി, സാമ്പത്തിക വിപുലീകരണത്തില്‍ വിശാലമായ പൊതു പങ്കാളിത്തം ഉറപ്പാക്കിയാണ് അവര്‍ ഇത് സാധ്യമാക്കിയത്. ദാരിദ്ര്യം ന്യൂനീകരിക്കുന്നതില്‍ പരമാവധി നേട്ടങ്ങള്‍ കൊയ്യാനുള്ള ഒരേയൊരു മാര്‍ഗം സമ്പദ് വ്യവസ്ഥയെ കൂടുതല്‍ പങ്കാളിത്തപൂര്‍ണമാക്കുക എന്നതാണ്. ഇത്തരം നയങ്ങളിലൂടെ സാമൂഹികമായ അതിര്‍വരമ്പുകളുടെ കെട്ടുപാടുകള്‍ തകര്‍ക്കപ്പെട്ടില്ലെങ്കില്‍ ലക്ഷ്യം നേടിയെടുക്കുക എളുപ്പമല്ല. വിശാലമായ തലത്തില്‍ സാമൂഹിക അവസരങ്ങള്‍ വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ സാമൂഹിക പുരോഗതി സമദര്‍ശിതമാവില്ല.

ഒരു വമ്പന്‍ സമ്പദ് വ്യവസ്ഥയ്ക്ക് സുസ്ഥിരാടിസ്ഥാനത്തില്‍ പക്ഷപാതരഹിതമായ വളര്‍ച്ച എങ്ങനെ നേടാന്‍ സാധിക്കുമെന്നതിന്റെ ഉദാഹരണമാണ് ചൈന കാട്ടിത്തരുന്നത്. 1980ല്‍ വിപണി പരിഷ്‌കരണം നടപ്പാക്കാനാരംഭിക്കുമ്പോള്‍, ഇന്ത്യക്ക് സമാനമായ സാമ്പത്തിക സ്ഥിതിയിലായിരുന്നു ചൈനയും ഉണ്ടായിരുന്നത്. അതേസമയംതന്നെ, തങ്ങളുടെ അടിസ്ഥാന വിദ്യാഭ്യാസവും ആരോഗ്യ നിലവാരവും മെച്ചപ്പെടുത്താന്‍ ആ രാജ്യം നിക്ഷേപങ്ങളും നടത്തി. വൈകാതെ തന്നെ കയറ്റുമതിയാല്‍ മുന്നോട്ട് നയിക്കപ്പെടുന്ന ഒരു സമ്പദ് വ്യവസ്ഥയായി മാറിയ ചൈനക്ക്, ഉയര്‍ന്ന നൈപുണ്യമുള്ള തൊഴിലാളികളെയായിരുന്നില്ല ആവശ്യം, മറിച്ച്, വിദ്യാഭ്യാസവും സാക്ഷരതയുമുള്ള ജനതയേയായിരുന്നു. ലോക വിപണികളിലേക്കുള്ള അത്തരം അടിസ്ഥാന നിര്‍മിതികളുടെ ഉല്‍പ്പാദനത്തില്‍ സവിശേഷതകളും നിലവാര നിയന്ത്രണങ്ങളും പിന്തുടരേണ്ടത് അത്യാവശ്യമാണ്. മികച്ച സ്‌കൂള്‍ വിദ്യാഭ്യാസം ഇവിടെ തുണയാകും. അസുഖങ്ങളും ഇടക്കിടെയുള്ള ഹാജരില്ലായ്മയും കാരണം ഉല്‍പ്പാദനം തടസപ്പെടാതിരിക്കാന്‍ തൊഴിലാളികളുടെ ആരോഗ്യവും അനുപേക്ഷണീയമാണ്. പര്യാപ്തമായ ഉല്‍പ്പാദനക്ഷമത നിലനിര്‍ത്താന്‍ ഇത് അനിവാര്യമാണ്.

അതുകൊണ്ടുതന്നെ, അടിസ്ഥാന വിദ്യാഭ്യാസം, മികച്ച ആരോഗ്യം, നല്ല പരിസ്ഥിതി എന്നിവ ജീവിത നിലവാരത്തിന്റെ മൂല്യ ഘടകങ്ങള്‍ മാത്രമല്ല, കൂടുതല്‍ പക്ഷപാതരഹിതമായ രീതിയില്‍ സാമ്പത്തിക വിജയം നയിക്കുന്നതിനുള്ള സഹായം കൂടിയാണ്. ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ നിലവില്‍ത്തന്നെ ‘ബസ് മിസ്സായി’ കഴിഞ്ഞു. എങ്കിലും നിലവിലുള്ള പരിമിതമായ സാമൂഹിക അവസരങ്ങള്‍ ഉപയോഗപ്പെടുത്തി ഉയര്‍ന്ന വളര്‍ച്ച കൈവരിക്കാന്‍ രാജ്യത്തിന് സാധിക്കും. എന്നാല്‍ തല്‍സ്ഥിതി തുടരുകയാണെങ്കില്‍, നിലവില്‍ത്തന്നെ ആശങ്കപ്പെടുത്തുന്ന തലത്തിലേക്കെത്തിക്കഴിഞ്ഞ, സമൂഹത്തിലുടനീളമുള്ള അസമത്വം വ്യാപിക്കുന്നതും തുടരും. ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക പരിശീലനത്തിലുമുള്ള തങ്ങളുടെ ചരിത്രപരമായ നേട്ടങ്ങളെ അമിതമായി ആശ്രയിക്കുന്ന വ്യവസായങ്ങളില്‍ നിന്നാണ് ഇന്ത്യയുടെ വളര്‍ച്ചയുടെ ഭൂരിഭാഗവും ഉയര്‍ന്നു വരുന്നത്. അത്തരമൊരു വളര്‍ച്ചയുടെ ഫലങ്ങള്‍, വരുമാന ശ്രേണിയുടെ തെറ്റായ ഭാഗത്താണ് കാണപ്പെടുക.

സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് ശേഷം നാടകീയമായ തോതില്‍ രാജ്യത്ത് പട്ടിണി കുറഞ്ഞുവെന്ന് നിരന്തരം വാദിക്കുമ്പോള്‍, വലിയ വില കൊടുക്കേണ്ടി വരില്ല എന്നതിനാല്‍ത്തന്നെ അസമത്വം വര്‍ധിച്ചു വരുന്ന പ്രവണതയ്ക്ക് നയരൂപകര്‍ത്താക്കാള്‍ പരിഗണന നല്‍കുന്നില്ല. ഇതുതന്നെയാണ് അസമത്വവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നടക്കുന്ന ചര്‍ച്ചകളിലെ പ്രധാന പ്രശ്‌നവും. എന്നാല്‍, റഷ്യ ഒഴിച്ചുള്ള വികസ്വര രാജ്യങ്ങളുടെ കൂട്ടത്തില്‍ അസമത്വത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ വേറിട്ടു നല്‍ക്കുന്നു എന്നതാണ് വസ്തുത. ഏറ്റവും പ്രധാനമായി, നിലവിലുള്ള വളര്‍ച്ചയില്‍ നിന്നുള്ള നേട്ടങ്ങള്‍ കൂടുതല്‍ ന്യായമായ അളവില്‍ വിതരണം ചെയ്യാന്‍ കഴിയുന്ന ഒരു മാര്‍ഗ്ഗം ഉണ്ടെങ്കില്‍, തീര്‍ച്ചയായും അത് വികസനത്തിന്റെ ഒരു ‘പരേറ്റോ ഒപ്റ്റിമല്‍ പാത്ത്’ (ഒരു നയം ഭൂരിപക്ഷത്തിനും ഗൂണകരമായിരിക്കണം, അഥവാ ആര്‍ക്കെങ്കിലും നഷ്ടമുണ്ടായാലും ആ നഷ്ടം തുച്ഛമായിരിക്കണം എന്നതാണ് പാരെറ്റൊ എഫിഷ്യന്‍സി കൊണ്ട് അര്‍ത്ഥമാക്കുന്നത്) ആയിരിക്കും. ഇത് നേടിയെടുക്കാന്‍ ഏറെ പരിശ്രമിക്കേണ്ടതായും വരും.

(ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോംപറ്റിറ്റീവ്‌നസ് അധ്യക്ഷനാണ് ലേഖകന്‍)

കടപ്പാട്: ഐഎഎന്‍എസ്

Comments

comments

Categories: FK Special, Slider