ആകര്‍ഷക ഡിസ്‌കൗണ്ടില്‍ ഓണ്‍ലൈന്‍ കച്ചവടം കൊഴുക്കുന്നു

ആകര്‍ഷക ഡിസ്‌കൗണ്ടില്‍ ഓണ്‍ലൈന്‍ കച്ചവടം കൊഴുക്കുന്നു

ദീപപ്രഭയില്‍ ദീപാവലി ആഘോഷിക്കുമ്പോള്‍ ആകര്‍ഷക ഡിസ്‌കൗണ്ടുകള്‍ക്കൊപ്പം ഓണ്‍ലൈന്‍ കച്ചവടവും ഇന്ന് ഈ ഉല്‍സവത്തിന്റെ ഭാഗമായി മാറുകയാണ്. ഓണ്‍ലൈന്‍ ഡിസ്‌കൗണ്ട് യുദ്ധത്തില്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലെ വന്‍കിട കമ്പനികള്‍ മുതല്‍ ചെറു സംരംഭങ്ങള്‍ വരെ ഭാഗമാകുന്നുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ മുതല്‍ ഇലക്ട്രോണിക്‌സ്, ജൂവല്‍റി വിഭാഗത്തില്‍ വരെ വന്‍പിച്ച ഡിസ്‌കൗണ്ട് നിരക്കുകളാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ഇ-ടെയ്‌ലര്‍മാര്‍ അവതരിപ്പിച്ചത്

ദീപാവലി, ആഘോഷത്തിമിര്‍പ്പിന്റെയും പണക്കൊഴുപ്പിന്റെയും കൂടി അവസരമാണ്. വിളക്ക് തെളിയിച്ചും പടക്കം പൊട്ടിച്ചും പലഹാരം പങ്കുവെച്ചും ഒത്തു ചേര്‍ന്ന് ആഘോഷിച്ച ഉല്‍സവത്തില്‍ നിന്നും ദീപാവലി നാളുകള്‍ക്ക് ഇന്ന് ഏറെ മാറ്റം വന്നുകഴിഞ്ഞു. കച്ചവടക്കാരും ജനങ്ങളും ചേര്‍ന്ന് മാറ്റി എന്നു പറയുന്നതാവും ശരി. ഇന്നത്തെ കാലത്ത് ഓഫ്‌ലൈന്‍ കച്ചവടക്കാരേക്കാളും വിപണിയില്‍ കൂടുതല്‍ നേട്ടം കൊയ്യുന്നത് ഓണ്‍ലൈന്‍ റീട്ടെയ്‌ലര്‍മാരാണ് (ഇ-ടെയ്‌ലര്‍). ആഘോഷവേളകള്‍ ഗംഭീരമാക്കാന്‍ കച്ചവടക്കാര്‍ കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകള്‍ അവതരിപ്പിക്കുന്നതിലൂടെ ആവശ്യമില്ലെങ്കിലും സാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ആളുകള്‍ തിടുക്കം കാട്ടുന്നു. അത്രമാത്രം ഡിസ്‌കൗണ്ടും ഇതുവരെ കാണാത്ത ഓഫറുകളുമാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ അണിനിരത്തുന്നത്. ആഘോഷനാളുകളില്‍ എത്തുന്ന ഡിസ്‌കൗണ്ട് നിരക്കുകള്‍ അറിഞ്ഞ് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ കാത്തിരിക്കുന്നവരും ഉണ്ട്.

ആരെയും ആകര്‍ഷിക്കുന്ന ഡിസ്‌കൗണ്ട് നിരക്കുകള്‍, ലളിതമായ പേമെന്റ് തെരഞ്ഞെടുക്കലുകള്‍, സമയനഷ്ടം കൂടാതെയുള്ള ഷോപ്പിംഗ് എന്നിവയാണ് ഉപഭോക്താക്കളെ ഇത്തരം ആഘോഷവേളകളില്‍ ഓണ്‍ലൈന്‍ വിപണിയിലേക്ക് എത്തിക്കുന്നത്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമില്‍ വന്‍കിട കമ്പനികള്‍ മുതല്‍ ചെറു സംരംഭങ്ങള്‍ വരെ സജീവമാകുന്ന അവസരമാണിത്. ഓണ്‍ലൈന്‍ ദീപാവലി ഡിസ്‌കൗണ്ട് യുദ്ധത്തില്‍ ആര് ജയിക്കുമെന്നുള്ള മല്‍സരമാണ് കാണാനാവുക. ഇ-കൊമേഴ്‌സ് വിപണിയിലെ ഈ സുവര്‍ണ അവസരത്തില്‍ ഫഌപ്പ്കാര്‍ട്ട്, ആമസോണ്‍, സ്‌നാപ്ഡീല്‍ എന്നിവരെല്ലാം തന്നെ ഇതിനോടകം ബംപര്‍ വില്‍പ്പന പ്രഖ്യാപിച്ചു വില്‍പ്പന തകൃതിയാക്കി. ഈ മാസം ഒന്നാം തിയതി തന്നെ ഫഌപ്പ്കാര്‍ട്ട് ബിഗ് ദീപാവലി സെയിലിന് തുടക്കമിട്ടിരുന്നു. എന്നാല്‍ ഫഌപ്പ്കാര്‍ട്ട് വില്‍പ്പന തുടങ്ങി ഒരു ദിവസം കഴിഞ്ഞ് അര്‍ധരാത്രിയോടെയായിരുന്നു ആമസോണ്‍ തങ്ങളുടെ ഓഫര്‍ വില്‍പ്പനയ്ക്കു തുടക്കമിട്ടത്.

പ്രമുഖ മൊബീല്‍ മാര്‍ക്കറ്റിംഗ് പരസ്യ ദാതാക്കളായ ഇന്‍മൊബീയുടെ റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം ആഘോഷ സീസണിലെ വാങ്ങലുകള്‍ വന്‍തോതില്‍ കൂടുതലാണെന്നു കാണാം. മൂന്നില്‍ ഒരാള്‍ വീതം കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും കൂടുതല്‍ ചെലവഴിക്കലുകള്‍ ഈ വര്‍ഷം നടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകളുമായി താരതമ്യപ്പെടുത്തിയാല്‍ ഷോപ്പിംഗില്‍ ആവേശം കാണിക്കുന്നവരുടെ എണ്ണവും കൂടിയതായാണ് റിപ്പോര്‍ട്ട്. അഞ്ച് ഉപഭോക്താക്കളില്‍ രണ്ടു പേര്‍ വീതം ഉല്‍സവ സീസണ്‍ ഷോപ്പിംഗിനെ ആവേശത്തോടെ സമീപിക്കുന്നവരാണ്.

ദീപാവലി വില്‍പ്പന ധമാക്കയില്‍ ഒട്ടുമിക്ക ഉല്‍പ്പന്നങ്ങള്‍ക്കും വന്‍പിച്ച ഡിസ്‌കൗണ്ടാണ് നല്‍കി വരുന്നത്. സ്മാര്‍ട്ട് ഫോണ്‍ മുതല്‍ സ്വര്‍ണം, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍, വീടുകളിലേക്ക് ആവശ്യമായ അലങ്കാര വസ്തുക്കള്‍, വസ്ത്രങ്ങള്‍, സമ്മാനപ്പൊതികള്‍, ഫര്‍ണിച്ചറുകള്‍ എന്നു വേണ്ട എല്ലാ ഉല്‍പ്പന്നങ്ങള്‍ വിലക്കുറവുണ്ടായിരിക്കും.

ആമസോണ്‍ വില്‍പ്പന

ഇന്ത്യക്കാരുടെ ഷോപ്പിംഗ് ലിസ്റ്റില്‍ ഏറ്റവും പ്രധാനം, ഫാഷന്‍, ജൂവല്‍റി, വീട് അലങ്കരിക്കുന്ന സാധനങ്ങള്‍ എന്നിവയാണ്. ചെറു നഗരങ്ങളിലെ ആളുകള്‍ പോലും ഇന്ന് ആമസോണില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവരാണ്. അതുകൊണ്ടുതന്നെ സ്മാര്‍ട്ട്‌ഫോണ്‍, വന്‍കിട ഗൃഹോപകരണങ്ങള്‍, ടെലിവിഷന്‍, അടുക്കള ഉല്‍പ്പന്നങ്ങള്‍ എന്നിവയ്‌ക്കൊപ്പം ദൈനംദിന ആവശ്യങ്ങള്‍ക്കായുള്ള സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്കും മികച്ച ഓഫര്‍ നിരക്കുകള്‍ നല്‍കിക്കൊണ്ടാണ് ആമസോണ്‍ ഇത്തവണ ദീപാലവലി വാങ്ങലുകളെ പ്രോല്‍സാഹിപ്പിച്ചത്.

സാധാരണയായി ഇന്ത്യയില്‍ നടക്കുന്ന ടിവി വില്‍പ്പനയുടെ ഇരട്ടിയലധികമാണ് ആമസോണിന്റെ ഓഫര്‍ തുടങ്ങി ആദ്യ ദിവസം തന്നെ നടന്ന വില്‍പ്പന. വില്‍പ്പനയോടനുവന്ധിച്ച് പ്രൈം ടൈമില്‍ സ്വന്തം എക്കൗണ്ട് തുറന്നു കയറിവരുടെ എണ്ണവും മൂന്നിരട്ടി വര്‍ധിച്ചതായി അധികൃതര്‍ വെളിപ്പെടുത്തുന്നു. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ 50 ശതമാനം ആളുകളും ഇഎംഐ വ്യവസ്ഥയിലാണ് വന്‍കിട ഉല്‍പ്പന്നങ്ങള്‍ വാങ്ങിയത്. എക്‌സ്‌ചേഞ്ച് ഓഫറുകളിലൂടെ നാല് ഉപഭോക്താക്കളില്‍ ഒരാള്‍ വീതം അവരുടെ റെഫ്രിജറേറ്ററും, വാഷിംഗ് മെഷീനും പഴയത് മാറ്റി പുതിയത് വാങ്ങി. ഈ ഉല്‍സവകാലത്ത് പുതിയതായി വന്ന ഉപഭോക്താക്കള്‍ 60 ശതമാനത്തോളം വര്‍ധിച്ചതായി ആമസോണ്‍ ഇന്ത്യ കാറ്റഗറി മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് മനീഷ് തിവാരി പറയുന്നു.

ഏതാനും മാസങ്ങള്‍ക്കു മുമ്പ് ആമസോണ്‍ പുറത്തിറക്കിയ ഹിന്ദി വൈബ്‌സൈറ്റില്‍ പുതിയ ഉപഭോക്താക്കളുടെ തോത് 2.4 ശതമാനം വര്‍ധിച്ചിതായും മനീ് തിവാരി കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ ചെലവഴിക്കല്‍ രണ്ടാംനിര നഗരങ്ങളില്‍

ഇന്‍മൊബി പള്‍സ് റിപ്പോര്‍ട്ട് പ്രകാരം രണ്ടാം നിര നഗരങ്ങളിലാണ് ആഘോഷസീസണില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കപ്പെടുന്നത്. ഏകദേശം ഒരു ലക്ഷം രൂപ വരെ ഷോപ്പിംഗിനായി മാത്രം ചെലവഴിക്കാനും ആളുകള്‍ തയാറാണ്. സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയും ഈ സീസണില്‍ തകൃതിയായി നടക്കുന്നുണ്ട്. ഒറ്റ ദിവസത്തില്‍ ഷവോമിയുടെ വില്‍പ്പന പത്ത് ലക്ഷം കടന്നു. വണ്‍ പ്ലസിന് ഒറ്റ ദിവസത്തില്‍ റെക്കോഡ് വില്‍പ്പനയിലൂടെ 400 കോടി രൂപയാണ് നേടാനായത്.

ആമസോണില്‍ അലക്‌സ ബില്‍റ്റ് ഇന്‍ ഡിവൈസുകള്‍ക്ക് 50 ശതമാനം ഡിസ്‌കൗണ്ട് നല്‍കി. ഗൃഹോപകരണങ്ങള്‍ക്കും അടുക്കളയിലേക്കുള്ള ഉല്‍പ്പന്നങ്ങല്‍ക്കും 80 ശതമാനം ഡിസ്‌കൗണ്ടാണ് നല്‍കിയിരുന്നത്. ലാപ്‌ടോപ്പുകള്‍ക്ക് 25,000 രൂപയോളം ഡിസ്‌കൗണ്ട് നല്‍കിയിരുന്നതാണ് ഏവരെയും ആകര്‍ഷിച്ച മറ്റൊരു സവിശേഷത.

ഓണ്‍ലൈന്‍ സ്വര്‍ണവില്‍പ്പനയ്ക്ക് പ്രിയമേറുന്നു

സാധാരണയായി നല്‍കിവരുന്ന വീട്ടുപകരണങ്ങള്‍ക്കും ഫാഷന്‍ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ക്കും പുറമെ സ്വര്‍ണം, ഡയമണ്ട് ആഭരണങ്ങള്‍, സ്വര്‍ണം- വെള്ളി നാണയങ്ങള്‍ എന്നിവയുടെ വലിയ ശേഖരവും ഈ ആഘോഷ അവസരത്തില്‍ ആമസോണ്‍ ഒരുക്കിയിരുന്നു. സെന്‍കോ, മലബാര്‍ ഗോള്‍ഡ്, ജോയ് ആലുക്കാസ്, കല്യാണ്‍ ജൂവലേഴ്‌സ്, പിസി ജൂവലര്‍ തുടങ്ങിയവരുടെ സ്വര്‍ണ ശേഖരവും ഈ പ്ലാറ്റ്‌പോമില്‍ വില്‍പ്പനയ്‌ക്കെത്തി. 1500 രൂപയുടെ കാഷ്ബാക്ക് ഓഫറിനു പുറമെ പണിക്കൂലി പൂര്‍ണമായും ഒഴിവാക്കിയാണ് ജൂവല്‍റി വിഭാഗം ഉപഭോക്താക്കളെ ആകര്‍ഷിച്ചത്.

ഫ്ലിപ്കാർട്ടിൽ ഫോണ്‍വില്‍പ്പന മുന്നേറി

ആമസോണിന്റെ മുഖ്യ എതിരാളിയായ ഫഌപ്പ്കാര്‍ട്ടും ഓണ്‍ലൈന്‍ ഡിസ്‌കൗണ്ട് യുദ്ധത്തില്‍ അത്ര പിന്നിലായിരുന്നില്ല. ഉല്‍സവകാല വില്‍പ്പനയുടെ അവസാന ഘട്ടത്തില്‍ വിപണി വിഹിതം കൂടുതല്‍ നേടിയത് ഫഌപ്പ്കാര്‍ട്ടാണ്. ദീപാവലി ആഴ്ചയിലെ അഞ്ചു ദിവസ മെഗാ സെയിലിന്റെ രണ്ടാം ദിനത്തില്‍ ഫഌപ്പ്കാര്‍ട്ട്-എക്‌സ്‌ക്ലുസീവ് ഫോണുകള്‍ അവതരിപ്പിച്ചതോടെ ഏറ്റവും വലിയ വില്‍പ്പന നടന്നതായാണ് റിപ്പോര്‍ട്ട്. ഫഌപ്പ്കാര്‍ട്ടില്‍ മൊബീല്‍ ഫോണ്‍, ഫാഷന്‍ എന്നീ വിഭാഗങ്ങളില്‍ വില്‍പ്പന യഥാക്രമം 78%, 70% എന്നിങ്ങനെ ഉയര്‍ന്നപ്പോള്‍ ഇലക്ട്രോണിക്‌സ് വില്‍പ്പന 45 ശതമാനമാണ് വര്‍ധിച്ചത്.

സ്‌നാപ്ഡീല്‍

ദീപാവലിയോടനുബന്ധിച്ച് സ്‌നാപ്ഡീലില്‍ മൂന്നു ദിവസത്തെ വില്‍പ്പന മാമാങ്കമാണ് നടന്നത്. ഈ മാസം 2 മുതല്‍ 4 വരെ അരങ്ങേറിയ വില്‍പ്പനയില്‍ സ്വര്‍ണ നാണയങ്ങള്‍ക്കും, ദീപാവലി അലങ്കാരങ്ങള്‍ക്കും, ശീതകാല വസ്ത്രവിഭാഗങ്ങള്‍ക്കും ഡിസ്‌കൗണ്ട് ഏര്‍പ്പെടുത്തിയിരുന്നു.

സ്‌നാപ്ഡീല്‍ വില്‍പ്പനയില്‍ സാരി, ബെഡ്ഷീറ്റ്, ട്രിമ്മര്‍, മിക്‌സര്‍ ഗ്രൈന്‍ഡര്‍, ഹെഡ്‌ഫോണ്‍, ബ്ലൂടൂത്ത് സ്പീക്കര്‍, പെന്‍ഡ്രൈവ്, സണ്‍ഗ്ലാസ്, ഹോം സെക്യൂരിറ്റി സംവിധാനം, പുരുഷന്‍മാരുടെ ചെരിപ്പുകളും വാച്ചുകളും, ക്ലീനിംഗ് ഉപകരണങ്ങള്‍ എന്നിവയ്ക്കായിരുന്നു ഏറ്റവും കൂടുതല്‍ ആവശ്യക്കാരുണ്ടായിരുന്നത്. സ്‌നാപ്ഡീല്‍ പുതിയതായി പുറത്തിറക്കിയ ധന്തേര സ്റ്റോറില്‍ ജൂവല്‍റി, സ്വര്‍ണം-സില്‍വര്‍ പൂശിയ സമ്മാനങ്ങള്‍, കുക്ക്‌വെയര്‍, ഡിന്നര്‍വെയര്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, മൊബീല്‍ ഫോണുകള്‍, ടാബ്‌ലെറ്റ് എന്നിവയ്ക്ക് 60 ശതമാനം ഡിസ്‌കൗണ്ട് നല്‍കിയിരുന്നു.

Comments

comments

Categories: Top Stories