ദാവിറ്റയുടെ ഇന്ത്യന്‍ ബിസിനസ് നെഫ്രോപ്ലസ് ഏറ്റെടുത്തു

ദാവിറ്റയുടെ ഇന്ത്യന്‍ ബിസിനസ് നെഫ്രോപ്ലസ് ഏറ്റെടുത്തു

150 കോടി രൂപയുടെ നിക്ഷേപ സമാഹരണത്തിന് പദ്ധതി

ഹൈദരാബാദ്: ഡയാലിസിസ്, കിഡ്‌നി കെയര്‍ സേവനദാതാക്കളായ നെഫ്രോപ്ലസ് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കിഡ്‌നി കെയര്‍ സേവനതാക്കാക്കളായ ദാവിറ്റയുടെ ഇന്ത്യന്‍ ബിസിനസ് ഏറ്റെടുത്തു. യുഎസ് ലിസ്റ്റ് ചെയ്തിട്ടുള്ള ഫോര്‍ച്യൂണ്‍ 500 കമ്പനിയായ ദാവിറ്റയുടെ 22 സെന്ററുകളും 17,000 ഡയാലിസ് രോഗികളെയും ഏറ്റെടുത്തതായി നെഫ്രോപ്ലസ് സ്ഥാപകന്‍ വിക്രം വുപ്പല പറഞ്ഞു. ഇടപാടിന്റെ സാമ്പത്തിക വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നെഫ്രോപ്ലസിന്റെ ശൃംഖല രാജ്യത്തെ 18 സംസ്ഥാനങ്ങളിലായി 97 നഗരങ്ങളിലെ 176 സെന്ററുകളായി വികസിപ്പിക്കാനും 13,700 രോഗികള്‍ക്ക് സേവനം നല്‍കാനും ഇടപാട് സഹായിക്കും. എട്ടു വര്‍ഷം മുമ്പാരംഭിച്ച നെഫ്രോപ്ലസ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 150 കോടി രൂപയുടെ വരുമാനമാണ് നേടിയത്. ഏറ്റെടുക്കലിനുശേഷം ഈ സാമ്പത്തിക വര്‍ഷം 250 കോടി രൂപയുടെ സംയുക്ത വരുമാനം നേടാനാണ് കമ്പനി പദ്ധതിയിടുന്നത്.

മൂന്നു നാലു മാസത്തിനുള്ളില്‍ 130-150 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്ന കമ്പനി പത്ത് പുതിയ നിക്ഷേപകരുമായി ഇതു സംബന്ധിച്ച ചര്‍ച്ച നടത്തി വരികയാണെന്നു സ്ഥാപകന്‍ അറിയിച്ചു. ഡി സീരിസ് സമാഹരണ ഘട്ടത്തില്‍ മുന്‍ നിക്ഷേപകരും നിക്ഷേപം നടത്താന്‍ താല്‍പ്പര്യം പ്രകടപ്പിച്ചിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് ഒരു പുതിയ പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപകനെങ്കിലും കമ്പനിയുടെ ഡയറക്റ്റര്‍ ബോര്‍ഡിന്റെ ഭാഗമാകും.

ആഗോള വിപണിയിലേക്കുള്ള വികസന പദ്ധതികള്‍ക്കായിട്ടാണ് നിക്ഷേപം വിനിയോഗിക്കുക. തെക്കു കിഴക്കന്‍ ഏഷ്യ, മിഡില്‍ ഈസ്റ്റ് വിപണികള്‍ക്കാണ് കമ്പനി പ്രാധാന്യം നല്‍കുക. ഇവിടെ ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടു പുതിയ വിപണികളിലായി കുറഞ്ഞത് 20 കിഡ്‌നി കെയര്‍ സെന്ററുകള്‍ ആരംഭിക്കാനാണ് പദ്ധതി. പ്രാദേശിക പങ്കാളികളായി സഹകരിച്ചും സംയുക്ത സംരംഭങ്ങളും ചെറുകിട ഡയാലിസ് കേന്ദ്രങ്ങളുടെ ഏറ്റെടുക്കലുകള്‍ വഴിയുമായിരിക്കും പദ്ധതി യാഥാര്‍ത്ഥ്യമാക്കുകയെന്ന് വിക്രം വുപ്പല പറഞ്ഞു. നിലവില്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍, സീലിങ്ക് കാപ്പിറ്റല്‍ പാര്‍ട്‌ണേഴ്‌സ്, ബെസെമെര്‍ വെഞ്ച്വര്‍ കാപ്പിറ്റല്‍ തുടങ്ങിയവരില്‍ നിന്ന് 200 കോടി രൂപയുടെ നിക്ഷേപം നെഫ്രോപ്ലസ് സമാഹരിച്ചിട്ടുണ്ട്.

Comments

comments

Categories: Business & Economy
Tags: Nefroplus