ചൈനയുടെ ഇരട്ടത്താപ്പ്

ചൈനയുടെ ഇരട്ടത്താപ്പ്

ഒരു വശത്ത് സംരക്ഷണവാദത്തിനെതിരെ പോരാട്ടത്തിന് ആഹ്വാനം ചെയ്യുമ്പോള്‍ മറുവശത്ത് അധിനിവേശാധിഷ്ഠിതമായ നിലപാടുകള്‍ തന്നെയാണ് ചൈന കൈക്കൊള്ളുന്നത്

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് വീണ്ടും അതാവര്‍ത്തിക്കുകയാണ്. ആഗോളവല്‍ക്കരണത്തിനും സ്വതന്ത്ര വ്യാപാരത്തിനും വേണ്ടി ചൈന എന്തുവില കൊടുത്തും നിലകൊള്ളുമെന്നും വേണ്ടത് അന്താരാഷ്ട്ര സഹകരണമാണെന്നും സംരക്ഷണവാദമല്ലെന്നും ഷി ജിന്‍പിംഗ് കഴിഞ്ഞ ദിവസവും പറഞ്ഞു. സംരക്ഷണവാദത്തിലധിഷ്ഠിതമായി സമ്പദ് വ്യവസ്ഥ കെട്ടിപ്പടുത്ത ചൈനയാണ് ആത്മാര്‍ത്ഥതയില്ലാതെ സംരക്ഷണവാദത്തെ എതിര്‍ക്കുകയാണ് തങ്ങളെന്ന് ആവര്‍ത്തിച്ച് പറയുന്നത്. ചൈനയിലെ സ്വതന്ത്ര വിപണിയെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള യഥാര്‍ത്ഥ വസ്തുതകളെ കുറിച്ച് ലോകത്തിന് നല്ല ബോധ്യമുണ്ട്. വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ സമ്പദ് വ്യവസ്ഥ തകര്‍ന്നടിയുമോയെന്ന ഭയമായിരിക്കാം ഷി ജിന്‍പിംഗിന്റെ ലിബറിലിസ്റ്റ് കോട്ടിടാന്‍ പ്രേരിപ്പിക്കുന്നത്.

കാരണം എന്തായാലും കൃത്യമായ ഇരട്ടത്താപ്പാണ് ചൈനയുടെ സര്‍വാധിപതിയായ ഷി ജിന്‍പിംഗിന്റെ പ്രസ്താവന. തുറന്ന സമീപനവും സ്വതന്ത്ര വ്യാപാരവും വേണമെന്ന് പറയുന്ന ചൈനയിലെ സംരംഭകത്വം എത്രമാത്രം ഉദാരമാണെന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ ഷി ജിന്‍പിംഗിന് സാധിക്കില്ല. വ്യാപാരനയങ്ങള്‍ ചൈനയുടെ സ്വാധീനം ബലപ്പെടുത്താന്‍ ആകണമെന്നുള്ളത് മാത്രമാണ് ഷി ജിന്‍പിംഗിനെ സംബന്ധിച്ചിടത്തോളം പ്രാധാന്യമര്‍ഹിക്കുന്ന കാര്യം. അതുകൊണ്ടുതന്നെ ഉദാരവല്‍ക്കരണത്തിനായുള്ള അദ്ദേഹത്തിന്റെ മുറവിളികളില്‍ കാര്യമില്ലെന്നതാണ് വാസ്തവം. ഇതേ ചൈന തന്നെയാണ് ഇന്ത്യയുമായി പലതരത്തിലുള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതും പാക്കിസ്ഥാന് പൂര്‍ണ പിന്തുണ നല്‍കാന്‍ വീണ്ടും തീരുമാനിച്ചിരിക്കുന്നതും.

ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിച്ചുള്ള ചൈന പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി ഏത് വിധേനെയും മുന്നോട്ടുകൊണ്ടുപോകുമെന്നാണ് ഷി ജിന്‍പിംഗിന്റെ പ്രഖ്യാപനം. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ചൈന സന്ദര്‍ശനത്തിലും വ്യക്തമായത് അതുതന്നെയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് നിരവധി കരാറുകള്‍ ഒപ്പുവെച്ചത് കൂടാതെ ഇന്ത്യയുമായി സമാധാനമുണ്ടാക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമത്തെ പുകഴ്ത്തുകയും ചെയ്തു ചൈന. മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെ അംഗീകരിക്കാത്ത നിലപാടാണോ ചൈന സ്വീകരിക്കുന്നതെന്ന് ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ മാത്രം പശ്ചാത്തലത്തില്‍ ആത്മപരിശോധന നടത്താന്‍ ഷി ജിന്‍പിംഗ് തയാറാകേണ്ടതാണ്. ആണവ വിതരണ സംഘത്തിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം തടയുകയും പാക്കിസ്ഥാന്റെ പ്രവേശനത്തിന് പിന്തുണ നല്‍കുകയും ചെയ്യുന്ന സമീപനമാണ് ചൈന സ്വീകരിച്ചുപോരുന്നത്.

ലാഹോറിനെയും ഷിന്‍ജിയാംഗിലെ കഷ്ഗറിനെയും ബന്ധിപ്പിച്ചുള്ള ബസ് സര്‍വീസ് ആരംഭിക്കുന്നതിനും ചൈനയും പാക്കിസ്ഥാനും തീരുമാനമെടുത്തുകഴിഞ്ഞു. ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ ഭാഗം തന്നെയാണ് ഇതും. ജമ്മു കശ്മീരിലെ വിവാദ ഭൂമികയിലൂടെ കടന്നുപോകുന്ന ഈ സര്‍വീസിനെതിരെ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. തുടര്‍ച്ചയായി ഇന്ത്യയെ പ്രകോപിപ്പിക്കുന്ന ചെയ്തികളാണ് പാക്കിസ്ഥാന്റെയും ചൈനയുടെയും ഭാഗത്തുനിന്നുണ്ടാകുന്നത്. അടിസ്ഥാനസൗകര്യ നിക്ഷേപത്തിന്റെ മറ പിടിച്ച് മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെയും അഖണ്ഡതയെയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന ചൈനയാണ് സംരക്ഷണവാദം ആരോപിച്ച് ട്രംപിനെതിരെ ബഹളം വെക്കുന്നത്. അതുകൊണ്ടുതന്നെ സ്വതന്ത്ര വ്യാപാരത്തിന്റെ പേരുപറഞ്ഞ് ചൈന ഇന്ത്യയോടൊപ്പം ചേരണമെന്ന് പറയുന്ന കെണിയില്‍ ഒരിക്കലും വീഴാതാരിക്കാനാണ് ഇന്ത്യ ശ്രമിക്കേണ്ടത്.

ചൈനയുടെ അധിനിവേശാധിഷ്ഠിത നിലപാടുകളില്‍ അയവ് വരുത്തിയിട്ടാകാം അവരോടൊന്നിച്ച് ആഗോളവല്‍ക്കരണത്തിനുള്ള പോരാട്ടത്തില്‍ അണിചേരുന്നത്. അല്ലെങ്കില്‍ അത് വലിയ തിരിച്ചടിയാകും ഇന്ത്യക്കും നല്‍കുക.

Comments

comments

Categories: Editorial, Slider
Tags: China