ചൈന അന്താരാഷ്ട്ര ഇറക്കുമതി എക്‌സ്‌പോയില്‍ പങ്കെടുക്കാന്‍ ഇന്ത്യയും

ചൈന അന്താരാഷ്ട്ര ഇറക്കുമതി എക്‌സ്‌പോയില്‍ പങ്കെടുക്കാന്‍ ഇന്ത്യയും

കാര്‍ഷികം, ഫാര്‍മസ്യൂട്ടിക്കല്‍, ഐടി, ടൂറിസം മേഖലകളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളാണ് പ്രധാനമായും ഇന്ത്യ അവതരിപ്പിക്കുന്നത്

ബെയ്ജിംഗ്: ഷാംഗ്ഹായില്‍ നടക്കുന്ന ചൈനയുടെ അന്താരാഷ്ട്ര ഇറക്കുമതി എക്‌സ്‌പോയില്‍ ഇന്ത്യയും പങ്കെടുക്കുന്നു. ഇതാദ്യമായാണ് ചൈന ഇത്തരമൊരു എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. ചൈനയുമായുള്ള വ്യാപാര കമ്മി കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യ എക്‌സ്‌പോയില്‍ പങ്കെടുക്കുന്നത്.
ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി 51 ബില്യണ്‍ ഡോളറിലുമധികമാണ്. അന്താരാഷ്ട്ര ഇറക്കുമതി എക്‌സ്‌പോയുടെ ഭാഗമായി ചൈനീസ് വിപണിയില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധനേടാനും ചൈനയിലേക്കുള്ള കയറ്റുമതി കൂട്ടാനുമാണ് ഇന്ത്യയുടെ ശ്രമം. ഇന്നലെയാണ് എക്‌സ്‌പോ ആരംഭിച്ചത്. ആറു ദിവസം നീണ്ടുനില്‍ക്കുന്ന എക്‌സ്‌പോ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് ഉദ്ഘാടനം ചെയ്തു. ചൈനയുടെ ഇറക്കുമതി ശേഷി ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടാന്‍ ലക്ഷ്യമിട്ടുള്ളതാണ് എക്‌സ്‌പോ.
പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അടക്കം 18 രാഷ്ട്രങ്ങളില്‍ നിന്നുള്ള നേതൃത്വങ്ങളാണ് എക്‌സ്‌പോയില്‍ പങ്കെടുക്കാനെത്തിയത്. കേന്ദ്ര വാണിജ്യ വകുപ്പ് സെക്രട്ടറി അനൂപ് വധ്വാവാന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയില്‍ നിന്നും എക്‌സ്‌പോയില്‍ പങ്കെടുക്കാനെത്തിയിട്ടുള്ളത്. കാര്‍ഷികം, ഫാര്‍മസ്യൂട്ടിക്കല്‍, ഐടി, ടൂറിസം മേഖലകളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടുള്ള വന്‍ പവലിയനാണ് ഇന്ത്യ എക്‌സോപയില്‍ ഒരുക്കിയിട്ടുള്ളതെന്ന് ചൈനയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള ഇക്കോണോമിക് ആന്‍ഡ് കൊമേഴ്‌സ് കൗണ്‍സലര്‍ പ്രശാന്ത് ലോകണ്ഡെ പറഞ്ഞു.
ചൈനയും യുഎസും തമ്മിലുള്ള വ്യാപാര യുദ്ധം ശക്തിപ്രാപിക്കുന്നതിനിടെയാണ് ഇത്തരമൊരു എക്‌സ്‌പോ നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ചൈനയുമായി 375 ബില്യണ്‍ ഡോളറിന്റെ വ്യാപാര കമ്മിയാണ് യുഎസിനുള്ളത്. വ്യാപാര കമ്മി കുറയ്ക്കുന്നതിന് യുഎസും ഇന്ത്യയും ഒരുപോലെ ചൈനയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ശക്തമായ മേഖലകളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമാണ് ഈ എക്‌സ്‌പോ ഇന്ത്യക്ക് നല്‍കുന്നതെന്ന് ഷാംഗ്ഹയ് കോണ്‍സുലേറ്റില്‍ നിന്നുള്ള കോണ്‍സുല്‍ ജനറല്‍ അനില്‍ കുമാര്‍ റായ് പറഞ്ഞു. ഈ മാസം പത്താം തിയതി വരെയാണ് എക്‌സ്‌പോ നടക്കുന്നത്.

Comments

comments

Categories: FK News
Tags: China expo

Related Articles