എയര്‍ ഇന്ത്യയുടെ 29,000 കോടി രൂപയുടെ കടം എസ്പിവിയിലേക്ക് മാറ്റും

എയര്‍ ഇന്ത്യയുടെ 29,000 കോടി രൂപയുടെ കടം എസ്പിവിയിലേക്ക് മാറ്റും

എയര്‍ ഇന്ത്യയില്‍ ഇക്വിറ്റി നിക്ഷേപത്തിനായി കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ അനുമതി തേടും

ന്യൂഡെല്‍ഹി: കടബാധ്യതയും നഷ്ടവും മൂലം പ്രതിസന്ധി നേരിടുന്ന എയര്‍ ഇന്ത്യയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതി രേഖ തയാറായി. എയര്‍ ഇന്ത്യയെ കടബാധ്യതയില്‍ നിന്നും രക്ഷിക്കുന്നതിനുള്ള രണ്ടാമത്തെ പദ്ധതിയാണിത്. ഈ വര്‍ഷം ആദ്യം കമ്പനിയുടെ 76 ശതമാനം ഓഹരികള്‍ വിറ്റൊഴിയാനുള്ള നീക്കം പരാജയപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയിരിക്കുന്നത്.
എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തന മൂലധന വിഭാഗത്തിലുള്ള 29,000 കോടി രൂപയുടെ കടം ഒരു പ്രത്യേകോദ്ദേശ്യ കമ്പനിക്ക് (എസ്പിവി) കൈമാറുന്നതടക്കമുള്ള കാര്യങ്ങളാണ് പുതിയ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. എയര്‍ ഇന്ത്യ അസറ്റ് ഹോള്‍ഡിംഗ് ലിമിറ്റഡ് (എഐഎഎച്ച്എല്‍) എന്നാണ് ഈ പ്രത്യേകോദ്ദേശ്യ കമ്പനി അറിയപ്പെടുക. എയര്‍ ഇന്ത്യ ചെയര്‍മാന്‍ പ്രദീപ് സിംഗ് ഖരോലയാണ് എസ്പിവിക്ക് നേതൃത്വം നല്‍കുക. എയര്‍ ഇന്ത്യയുടെ മുഖ്യമല്ലാത്ത ആസ്തികളും അനുബന്ധ സ്ഥാപനങ്ങളും വിറ്റഴിച്ചുകൊണ്ട് കമ്പനിയുടെ കടവും പശില ബാധ്യതയും പ്രത്യേകോദ്ദേശ്യ കമ്പനി തിരിച്ചടയ്ക്കും.
എയര്‍ ഇന്ത്യ ഫിനാന്‍സ് വിഭാഗം ഡയറക്റ്റര്‍, വ്യോമയാന, സാമ്പത്തികകാര്യ വകുപ്പുകളില്‍ നിന്നുള്ള ജോ. സെക്രട്ടറിമാര്‍ എന്നിവരും എസ്പിവിയുടെ ആറംഗ ബോര്‍ഡിലുണ്ടാകും. എയര്‍ ഇന്ത്യയില്‍ കൂടുതല്‍ ഓഹരി നിക്ഷേപം നടത്തുന്ന കാര്യവും കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച ചെയ്തതായാണ് വിവരം. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇതിനായുള്ള അനുമതി സര്‍ക്കാര്‍ തേടും.
എയര്‍ ഇന്ത്യയുടെ പുനരുജ്ജീവന പദ്ധതി തയാറാക്കുന്നതിന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ നേതൃത്വത്തിലാണ് മന്ത്രിതല സമിതി രൂപീകരിച്ചിരുന്നത്. ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി, വാണിജ്യ മന്ത്രി സുരേഷ് പ്രഭു എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
മൊത്തം 55,000 കോടി രൂപയുടെ കടബാധ്യതയാണ് എയര്‍ ഇന്ത്യക്കുള്ളത്. ഇതില്‍ പകുതിയിലധികം കടവും പ്രവര്‍ത്തന മൂലധന വിഭാഗത്തില്‍ നിന്നുള്ളതാണ്. പുനരുജ്ജീവന പദ്ധതി നടപ്പാക്കുന്നതോടെ കമ്പനിയുടെ കടബാധ്യത ഏകദേശം 26,000 കോടി രൂപയായി ചുരുങ്ങും. ഇതില്‍ കൂടുതലും വിമാനങ്ങള്‍ വാങ്ങിയ വകയില്‍ നല്‍കാനുള്ളതാണ്. പ്രത്യേകോദ്ദേശ്യ കമ്പനിയിലേക്ക് കട ബാധ്യത മാറ്റുന്നതോടെ പലിശ ഇനത്തിലുള്ള വാര്‍ഷിക ബാധ്യത 4,400 കോടി രൂപയില്‍ നിന്നും 1,700 കോടി രൂപയായി കുറയും.
കടം എസ്പിവിയിലേക്ക് മാറ്റുന്നതിന് ബാങ്കുകളുമായി എയര്‍ ഇന്ത്യ ചര്‍ച്ച നടത്തി വരികയാണ്. 2013ല്‍ യുപിഎ സര്‍ക്കാര്‍ എയര്‍ ഇന്ത്യയില്‍ 30,231 കോടി രൂപയുടെ ഇക്വിറ്റി നിക്ഷേപത്തിന് അനുമതി നല്‍കിയിരുന്നു. ഈ വകയില്‍ 28,000 കോടി രൂപയാണ് കമ്പനിക്ക് ഇതിനകം ലഭിച്ചത്.
രൂപയുടെ മൂല്യതകര്‍ച്ചയ്ക്കും ഇന്ധന വില വര്‍ധനയും മറ്റ് വ്യോമയാന കമ്പനികളെയെന്ന പോലെ എയര്‍ ഇന്ത്യയെയും ബാധിക്കുന്നുണ്ട. കമ്പനിക്ക് ഇടക്കാലാശ്വാസമായി 980 കോടി രൂപയുടെ മൂലധന സഹായം സര്‍ക്കാര്‍ നല്‍കിയിരുന്നു. 2,000 കോടി രൂപ ബാങ്കുകളില്‍ നിന്നും കണ്ടെത്താനുള്ള സോവറിന്‍ ഗ്യാരണ്ടിയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

Comments

comments

Categories: FK News
Tags: Air India