പട്ടിണിയെ തുടച്ചു നീക്കാന്‍ ഡബ്ലൂഎഫ്പിയുമായി സഹകരിച്ച് ആലിബാബ

പട്ടിണിയെ തുടച്ചു നീക്കാന്‍ ഡബ്ലൂഎഫ്പിയുമായി സഹകരിച്ച് ആലിബാബ
ന്യൂഡെല്‍ഹി: ചൈനീസ് ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ആലിബാബ പട്ടിണി രഹിത ലോകം യാഥാര്‍ത്ഥ്യമാക്കാനുള്ള യുഎന്‍ പരിശ്രമങ്ങളെ പിന്തുണച്ചുകൊണ്ട് യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമുമായി (ബ്ലൂഎഫ്പി) സഹകരിക്കുന്നു. ഇതിന്റെ ഭാഗമായി യുഎന്നിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ 2 നേടുന്നതിനായുള്ള പദ്ധതിക്കായി ഇരു സംരംഭങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കും. വിശപ്പിനെതിരെ പോരാടുകയും ആഗോളതലത്തില്‍ പട്ടിണി നിരക്ക് കുറക്കുകയുമാണ് ആലിബാബയുടെയും ഡബ്ലൂഎഫ്പിയുടെയും പൊതു ലക്ഷ്യമെന്നും ഡാറ്റാ ഇന്റലിജന്‍സ്, ക്ലൗഡ് കംപ്യൂട്ടിംഗ് മേഖലയിലെ ഇന്നൊവേറ്റീവ് ടെക്‌നോളജികളുടെ സഹായത്തോടെ വിശപ്പിനെതിരിയുള്ള ആഗോള പ്രചാരണ പരിപാടിയുടെ ഭാഗമാകാന്‍ തയാറാകുകയാണെന്നും ആലിബാബ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സണ്‍ ലിജുന്‍ പറഞ്ഞു.
പങ്കാളിത്തത്തിനു കീഴില്‍ ഡബ്ലൂഎഫ്പിയുമായി സഹകരിച്ച് ആലിബാബ ആഗോളതലത്തിലെ പട്ടിണി നിലവാരം നിരീക്ഷിക്കുന്നതിനായി ഡിജിറ്റല്‍ ‘വേള്‍ഡ് ഹംഗര്‍ മാപ്പ്’ പുറത്തിറക്കും. ഇതിന്റെ ഭാഗമായി ആലിബാബ ബ്ലൂഎഫ്പി പ്രവര്‍ത്തനങ്ങളുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതിനുള്ള സാങ്കേതിക സഹായവും മറ്റ് വിഭവ സ്രോതസുകളും ലഭ്യമാക്കും. ഇത് 2030 ഓടെ ലോകത്തെ പട്ടിണിയെ പൂര്‍ണമായി തുടച്ചു നീക്കാനുള്ള ലക്ഷ്യം നേടുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ സഹായകമാകും. ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാം 80 ഓളം രാജ്യങ്ങളിലെ വിവിധ ദുരന്തങ്ങളിലും സംഘര്‍ഷങ്ങളിലുംപെട്ട് പട്ടിണി അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഭക്ഷണം എത്തിക്കുന്നുണ്ട്.

Comments

comments

Categories: Top Stories
Tags: Alibaba, WFP