അണ്‍കോട്ടഡ് പേപ്പര്‍ ഇറക്കുമതിക്ക് ആന്റി ഡംപിംഗ് നികുതി ചുമത്തിയേക്കും

അണ്‍കോട്ടഡ് പേപ്പര്‍ ഇറക്കുമതിക്ക് ആന്റി ഡംപിംഗ് നികുതി ചുമത്തിയേക്കും

വലിയ തോതിലുള്ള ഇറക്കുമതി ആഭ്യന്തര കമ്പനികളെ പ്രതികൂലമായി ബാധിക്കുന്നു

ന്യൂഡെല്‍ഹി: ഇന്തോനേഷ്യ, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍ എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ചിലയിനം അണ്‍കോട്ടഡ് പേപ്പറിന് മൂന്ന് വര്‍ഷത്തേക്ക് ഇന്ത്യ ആന്റി ഡംപിംഗ് നികുതി ഏര്‍പ്പെടുത്തിയേക്കും. ഇറക്കുമതി ചെയ്യുന്ന കുറഞ്ഞ വിലയുള്ള അണ്‍കോട്ടഡ് പേപ്പറില്‍ നിന്നും ആഭ്യന്തര കമ്പനികളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനായാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നടപടിക്കൊരുങ്ങുന്നത്.
കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനുകീഴിലുള്ള ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് ട്രേഡ് റെമഡീസ് (ഡിജിടിആര്‍) ആണ് ആന്റി ഡംപിംഗ് നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇന്തോനേഷ്യ, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അണ്‍കോട്ടഡ് പേപ്പറിന്റെ വലിയ തോതിലുള്ള ഇറക്കുമതി ആഭ്യന്തര കമ്പനികളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് തങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡിജിടിആര്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്. വെസ്റ്റ് കോസ്റ്റ് പേപ്പര്‍ മില്‍സ്, തമിഴ്‌നാട് ന്യൂസ് പ്രിന്റ്, പേപ്പേഴ്‌സ് ലിമിറ്റഡ്, ബല്ലാര്‍പ്പൂര്‍ ഇന്‍ഡസ്ട്രീസ്, ജെകെ തുടങ്ങിയ കമ്പനികള്‍ അപേക്ഷ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡിജിടിആര്‍ അന്വേഷണം നടത്തിയത്.
ഇന്തോനേഷ്യ, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് കയറ്റി അയക്കുന്ന അണ്‍കോട്ടഡ് പേപ്പര്‍ സാധാരണ വിലയേക്കാള്‍ കുറഞ്ഞ വിലയിലാണ് ഇന്ത്യയിലെത്തുന്നതെന്നും ഇത് ആഭ്യന്തര പേപ്പര്‍ കമ്പനികളെ സാരമായി ബാധിക്കുന്നുവെന്നും ഡിജിടിആര്‍ അന്വേഷണത്തില്‍ കണ്ടെത്തി. ഫോട്ടോകോപ്പിക്കാണ് ഈ പേപ്പര്‍ ഉപയോഗിക്കുന്നത്. ധനമന്ത്രാലയം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

Comments

comments

Categories: FK News, Slider
Tags: Paper