50 രൂപയില്‍ നിന്നും 4000 കോടിയിലേക്ക് വളര്‍ന്ന സംരംഭകത്വം

50 രൂപയില്‍ നിന്നും 4000 കോടിയിലേക്ക് വളര്‍ന്ന സംരംഭകത്വം

ലോകത്തെമ്പാടുമുള്ള സംരംഭകമോഹികള്‍ക്കായി ഇന്ത്യ നല്‍കുന്ന റെഫറന്‍സ് ഗൈഡാണ് തൈറോകെയര്‍ ടെക്‌നോളജീസ് ലിമിറ്റഡ് സ്ഥാപകനായ ഡോ. ആരോക്യസ്വാമി വേലുമണിയുടെ ജീവിതം. തമിഴ്‌നാട്ടിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ ദരിദ്രനായ കര്‍ഷത്തൊഴിലാളിയുടെ മകനായി ജനിച്ച വേലുമണി ഇച്ഛാശക്തികൊണ്ടും അര്‍പ്പണ മനോഭാവം കൊണ്ടും ഇന്ന് ലോകത്തിലെ മുന്‍നിര മെഡിക്കല്‍ ഡയഗ്‌നോസ്റ്റിക് സെന്ററിന്റെ ഉടമയായി മാറിയിരിക്കുന്നു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നതിനിടയിലും തന്റെ ശമ്പളത്തില്‍ നിന്നും മിച്ചം പിടിച്ചിരുന്ന 50 രൂപയില്‍ നിന്നുമായിരുന്നു അദ്ദേഹത്തിന്റെ തുടക്കം.തൈറോയ്ഡ് പരിശോധനക്കായി 1996 ല്‍ തുടക്കമിട്ട സ്ഥാപനം ഇന്ന് ഇന്ത്യയൊട്ടാകെ 2000 ല്‍ പരം ബ്രാഞ്ചുകളും 4000 കോടി രൂപയുടെ ആസ്തിയുടെ പടര്‍ന്നു പന്തലിച്ചതിന് പിന്നില്‍ വേലുമണിയുടെ ലക്ഷ്യബോധവും സംരംഭകത്വത്തോടുള്ള പാഷനും ഒന്ന് മാത്രമാണ്

എന്തുകൊണ്ടാണ് നമ്മുടെ നാട്ടില്‍ തുടങ്ങുന്ന സംരംഭങ്ങളില്‍ സിംഹഭാഗവും ശൈശവദശയില്‍ തന്നെ വേരറ്റു പോകുന്നത് ? എപ്പോഴെങ്കിലും അതേപ്പറ്റി ചിന്തിച്ചിട്ടുണ്ടോ ? മികച്ച ആശയവും നിക്ഷേപവും ഉണ്ടായിട്ടും പാതിവഴിയില്‍ തളര്‍ന്നുവീണ സംരംഭകര്‍ നിരവധി. എന്തുകൊണ്ടാണ് ഇങ്ങ്ടണ്‍ സംഭവിക്കുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം ഇതാണ്..”ഭൗതികമായ സാഹചര്യങ്ങള്‍ എത്രതന്നെയുണ്ടെങ്കിലും ഒരു ബിസിനസിനെ വിജയിപ്പിച്ചെടുക്കണമെങ്കില്‍ ലക്ഷ്യബോധം, ഇച്ഛാശക്തി, പ്രതിബന്ധങ്ങളെ മറികടക്കാനുള്ള മനക്കരുത്ത് എന്നിവ പ്രധാനമാണ്. എത്രവലിയ എംബിഎ ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നും പഠിച്ചിറങ്ങിയ വ്യക്തിയാണ് നിങ്ങള്‍ എങ്കിലും ഇത്തരം കാര്യങ്ങള്‍ അനുഭവങ്ങളില്‍ നിന്നും മാത്രം മനസിലാകുന്നവയാണ്. ഈ ഘടകങ്ങള്‍ രക്തത്തില്‍ അലിഞ്ഞുചേരാതെ എത്രവലിയ നിക്ഷേപം കൊണ്ടുവന്നലും എത്ര മികച്ച ആശയം മുറുകെ പിടിച്ചാലും നമുക്ക് വിജയിക്കാനാവില്ല” ഓട്ടക്കാലണ എന്ന് സ്വയം വിശേഷിപ്പിക്കാവുന്നിടത്ത് നിന്നും ജീവിത വിജയത്തിന്റെ പടവുകള്‍ ഇച്ഛാശക്തികൊണ്ട് ചവിട്ടിക്കയറിയ തൈറോകെയര്‍ ടെക്‌നോളജീസ് ലിമിറ്റഡ് ചെയര്‍മാന്‍ ഡോ. ആരോക്യസ്വാമി വേലുമണിയുടെ വാക്കുകള്‍. തന്റെ ജീവിതത്തെ മുന്‍നിര്‍ത്തി അദ്ദേഹം പറഞ്ഞ ഈ വാക്കുകളില്‍ തന്നെയാണ് സംരംഭകവിജയത്തിന്റെ മൂലമന്ത്രങ്ങള്‍ ഒളിഞ്ഞിരിക്കുന്നത്.

നിക്ഷേപം കണ്ടെത്തലോ ആശയ വിപുലീകരണമോ ഒന്നുമല്ല ഒരു സംരംഭനാകുന്നതിന്റെ അടിസ്ഥാനയോഗ്യതയെന്ന് അദ്ദേഹം പറയുന്നു. മറിച്ച് വിജയിക്കാനുള്ള ത്വര രക്തത്തില്‍ അലിഞ്ഞു ചേരണം. പരാജയങ്ങളെ വിജയത്തിലേക്കുള്ള ചവിട്ടുപടികളാക്കുന്നതിന് മനക്കരുത്തുണ്ടാകണം. അതേ, അതിനാല്‍ തന്നെയാണ് ദാരിദ്യ്രത്തിന്റെ നടുക്കടലില്‍ നിന്നും ജീവിതമാരംഭിച്ച അദ്ദേഹം 4000 കോടിരൂപയുടെ ആസ്തിയുള്ള ഒരു സ്ഥാപനത്തിന്റെ ഉടമയായതും. പറഞ്ഞുകേട്ടിട്ടുള്ള നാടോടിക്കഥകളിലേതിന് തുല്യമായ ട്വിസ്റ്റുകളാണ് വേലുമണിയുടെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ളത്.

1959 ല്‍ തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ ദരിദ്രനായ കര്‍ഷക തൊഴിലാളിയുടെ മകനായിട്ടായിരുന്നു വേലുമണിയുടെ ജനനം. മുടക്കമില്ലാതെ മക്കള്‍ക്ക് ഒരുനേരത്തെ ആഹാരമെങ്കിലും കൊടുക്കാന്‍ പാടുപെട്ടിരുന്ന അച്ഛനമ്മമാരുടെ വിഷമതകള്‍ കണ്ടായിരുന്നു വേലുമണിയുടെ ബാല്യം. പഠിക്കാന്‍ മിടുക്കനായിരുന്ന ആ ബാലന് വിദ്യാലയത്തില്‍ കൃത്യമായി പോകാനോ പഠിക്കാനോ ഉള്ള സാഹചര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ ഏറെ കഷതകള്‍ക്ക് നടുവിലും തന്റെ പഠനത്തിന് ഒരു മുടക്കും വരുത്താന്‍ വേലുമണി ഒരുക്കമായിരുന്നില്ല. വീട്ടില്‍ ആകെയുണ്ടായിരുന്ന രണ്ട് എരുമകളില്‍ നിന്നും ലഭിക്കുന്ന പാല്‍ അടുത്ത വീടുകളില്‍ കൊണ്ട് പോയി വീടാണ് ‘അമ്മ മകന് പഠിക്കുന്നതിനുള്ള തുക കണ്ടെത്തി നല്‍കിയിരുന്നത്. കഷ്ടപ്പാടില്‍ നിന്നും സ്ഥായിയായ മോചനം ലഭിക്കുവാന്‍ വിദ്യാഭ്യാസം കൊണ്ട് മാത്രമേ കഴിയൂ എന്ന ചിന്ത ചെറുപ്പം മുതല്‍ക്കേ വേലുമണിയുടെ മനസില്‍ അടിയുറച്ചിരുന്നു. അതിനാല്‍ മദ്രാസ് സര്‍വകലാശാലക്ക് കീഴില്‍ ബിഎസ്‌സി ബിരുദം അദ്ദേഹം കരസ്ഥമാക്കി.

പിന്നീട് മികച്ച ജോലി കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങളായിരുന്നു. എന്നാല്‍ ചെല്ലുന്നിടത്തു നിന്നെല്ലാം ലഭിച്ച ഉത്തരം നിരാശാജനകമായിരുന്നു, തൊഴിലില്‍ മുന്‍പരിചയമില്ലാത്തവര്‍ക്ക് ജോലിയില്ല എന്ന സ്ഥിരം പല്ലവിക്ക് മുന്നില്‍ പക്ഷെ അദ്ദേഹം പതറിയില്ല. ഒടുവില്‍ ഏറെ നാളത്തെ അലച്ചിലിന് ശേഷം കോയമ്പത്തൂര്‍ ആസ്ഥാനമായ ജെമിനി ഫാര്മസ്യൂട്ടിക്കല്‍സില്‍ അദ്ദേഹത്തിന് ജോലി ലഭിച്ചു.വളരെ നിസ്സാര ശമ്പളമായിരുന്നു അന്ന് ലഭിച്ചിരുന്നത് എങ്കിലും അതിനെ ഒരു അവസരമായി കാണാനായിരുന്നു അദ്ദേഹത്തിന് ഇഷ്ട്ടം. ഏകദേശം മൂന്നുവര്‍ഷക്കാലം പൊളിയാറായ ആ സ്ഥാപനത്തില്‍ അദ്ദേഹം ജോലി ചെയ്തു. ഒരു ഫാര്‍മസിസ്റ്റ് എന്ന രീതിയിലേക്കുള്ള അദ്ദേഹത്തിന്റെ പറിച്ചുനടലായിരുന്നു അത്. എന്നാല്‍ 1981 ജെമിനി ഫാര്‍മസ്യൂട്ടിക്കല്‍സ് അടച്ചു പൂട്ടി. ഇതോടെ വേലുമണിയുടെ ജീവിതം വീണ്ടും ഇരുട്ടിലായി.

എന്നാല്‍ തൊവിശമംത്തിക്കാന്‍ ഇഷ്ടമില്ലാത്ത അദ്ദേഹം തുടര്‍ച്ചയായി ജോലികള്‍ക്ക് അപേക്ഷകള്‍ അയച്ചുകൊണ്ടിരുന്നു. എന്നാല്‍ ഇക്കുറി അദ്ദേഹത്തിന്റെ അപേക്ഷകൈക്കൊണ്ടത് ബാബ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ ആയിരുന്നു.ലൈബ്രേറിയന്റെ തസ്തികയില്‍ അദ്ദേഹം ജോലിയില്‍ പ്രവേശിച്ചു. ഫിസിക്‌സിലുള്ള ബിരുദാനന്തര ബിരുദം കൂടി ഇതിനിടക്ക് അദ്ദേഹം സ്വന്തമാക്കിയതോടെ ബാബ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ അദ്ദേഹത്തിന്റെ സ്ഥാനം ഉറച്ചു. ഏകദേശം 14 വര്‍ഷക്കാലമാണ് അദ്ദേഹം ബാബ അറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ ഭാഗമായി പ്രവര്‍ത്തിച്ചത്.ഇതിനിടക്ക് ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും നേടി അദ്ദേഹം സയന്റിസ്റ്റ് പദവിയിലേക്ക് ഉയര്‍ന്നു. എന്നാല്‍ ഈ വിജയങ്ങള്‍ എല്ലാം കൈവരിക്കുമ്പോഴും അദ്ദേഹത്തിന്റെയുള്ളില്‍ ഒരു സംരംഭകമോഹി ഉറങ്ങാതെ കിടപ്പുണ്ടായിരുന്നു. 150 രൂപ മാസശമ്പളമുള്ള കാലത്തും അദ്ദേഹം അതില്‍നിന്നും 50 രൂപ തന്റെ സ്വന്തം സംരംഭം തുടങ്ങുന്നതിനായി എന്നും മിച്ചം പിടിക്കുമായിരുന്നു. ആ 50 രൂപയില്‍ നിന്നുമാണ് ഇന്നത്തെ വേലുമണിയുടെ തുടക്കം.

തൈറോയ്ഡ് പരിചരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു

ബാബ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ ജോലി ചെയ്യുമ്പോള്‍ തന്നെ അദ്ദേഹം വിവാഹിതനായിരുന്നു. നല്ലൊരു കുടുംബജീവിതത്തിന്റെ അടിസ്ഥാനതത്വം മികച്ച വരുമാനമാ ലഭിക്കുന്ന ജോലിയാണ് എന്ന് അദ്ദേഹത്തിന്റെ ഭാര്യ സുമതി എന്നും ഓര്‍മിപ്പിച്ചിരുന്നു എങ്കിലും തന്റെ സംരംഭകത്വ മോഹങ്ങള്‍ വേണ്ടെന്നു വയ്ക്കാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. ബിസിനസില്‍ താന്‍ എന്ത് ചെയ്യും എന്ന ചിന്ത ചെന്നവസാനിച്ചത് തൈറോയ്ഡ് പരിശോധനയുടെ സാധ്യതകള്‍ മനസിലാക്കുന്നതിലായിരുന്നു. എന്നാല്‍ എന്താണ് തൈറോയ്ഡ് എന്ന് മനസിലാക്കാതെ ഒരാള്‍ അതില്‍ എങ്ങനെ നിക്ഷേപം നടത്തും ? മാത്രമല്ല, സ്ഥാപനത്തെ സമീപിക്കുന്നവരുടെ വിശ്വാസം നേടിയെടുക്കാനും തൈറോയ്ഡ് എന്ന വിഷയത്തില്‍ താന്നിക്കല്‍ അറിവുണ്ടായെ മതിയാകൂ എന്ന് മനസിലാക്കിയ വേലുമണി തന്റെ 36 ആം വയസ്സില്‍ തൈറോയ്ഡ് കെയറില്‍ പിഎച്ച്ഡി നേടി.

തുടര്‍ന്ന് ജോലി രാജി വച്ച് ബിസിനസിലേക്ക് ഇറങ്ങുക എന്നതായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ബാബ അറ്റോമിക് റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞന്റെ ജോലി ഉപേക്ഷിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ സമൂഹത്തിന്റെ നാനാ ഭാഗത്തുനിന്നും നിരവധി കുറ്റപ്പെടുത്തലുകള്‍ അദ്ദേഹത്തിന് കേള്‍ക്കേണ്ടതായി വന്നു. എന്നാല്‍ അതുകൊണ്ടൊന്നും പിന്തിരിയാന്‍ വേലുമണി ഒരുക്കമായിരുന്നില്ല. അന്തിമവിജയം തന്റേത് മാത്രമായിരിക്കും എന്ന ഉറപ്പ് അദ്ദേഹത്തിനുണ്ടായിരുന്നു. അതിനാല്‍ ജോലി രാജിവച്ചപ്പോള്‍ ലഭിച്ച പ്രൊവിന്‍ഡന്റ് ഫണ്ട് തുകയായ രണ്ട് ലക്ഷം രൂപകൊണ്ട് 1995 ല്‍ അദ്ദേഹം തന്റെ സ്വപ്ന സംരംഭത്തിന് തറക്കല്ലിട്ടു.

വിലക്കുറവ് എന്ന വിപണന തന്ത്രം

ഇത് വരെ ലോകത്തു വിലകുറച്ചതിന്റെ പേരില്‍ ഒരു കമ്പനിയും പൂട്ടിപ്പോയിട്ടില്ല എന്ന വാചകം പ്രചരിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹം തന്റെ വിപണന തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചത്. അക്കാലത്ത് തൈറോയ്ഡ് പരിശോധനയ്ക്ക് മറ്റ് ലാബുകള്‍ 500 രൂപയോളം ഈടാക്കിയിരുന്ന സമയത്താണ് കേവലം 100 രൂപക്ക് തൈറോയ്ഡ് പരിശോധന എന്ന തന്ത്രത്തിലൂടെ വേലുമണിയും തൈറോകെയറും ജനമനസുകളില്‍ ഇടം പിടിക്കുന്നത്. പിഴിയേണ്ടത് ഉപഭോക്താവിനെയല്ല അതിന്റെ വസ്തുക്കള്‍ ഈടാക്കുന്ന മറ്റു സ്രോതസുകളെയാണ് എന്നായിരുന്നു വേലുമണിയുടെ സംരംഭകത്വ തന്ത്രം. 1000 കിറ്റിന് ഈടാക്കിയ തുകയേക്കാള്‍ വളരെ കുറച്ചു തുകയെ 10000 കിറ്റുകള്‍ക്ക് ഈടാക്കൂ എന്ന് അദ്ദേഹം തീരുമാനിച്ചിരുന്നു.ആദ്യകാലങ്ങളില്‍ നൂറുരൂപയായിരുന്ന പരിശോധന ഫീസ്, കൂടുതല്‍ ആളുകള്‍ വരാന്‍ തുടങ്ങിയതോടെ 60 രൂപയായി കുറച്ചു. ഉപഭോക്താക്കളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ പരിശോധനക്കായി ഉപയോഗിക്കുന്ന സാധനകളുടെ എണ്ണവും വര്‍ധിച്ചു.കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ തുടങ്ങിയതോടെ പരിശോധനക്കിറ്റുകള്‍ വിലക്കുറവില്‍ ലഭിച്ചു തുടങ്ങി.ഇത്തരത്തില്‍ ലഭിക്കുന്ന ലാഭം ഉപഭോക്താക്കള്‍ക്ക് തന്നെ അദ്ദേഹം നല്‍കി. അതോടെ പരിശോധഫീസ് വീണ്ടും കുറഞ്ഞു.

തൈറോകെയര്‍ ആരംഭിക്കുമ്പോള്‍ തുടക്കത്തില്‍ എതിര്‍ത്തു എങ്കിലും ഭാര്യ സുമതി പിന്നീട് പൂര്‍ണ പിന്തുണയുമായി കൂടെ നിന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജോലി രാജിവച്ചാണ് സുമതി തൈറോകെയറിന്റെ ഭാഗമായത്.സ്ഥാപനം തുടങ്ങുമ്പോള്‍ വേലുമണിയും ഭാര്യയും മാത്രമായിരുന്നു അവിടുത്തെ ജോലിക്കാര്‍. കോയമ്പത്തൂരിലുള്ള ബ്രാഞ്ചില്‍ ആളുകള്‍ റെസ്റ്റിനായി എത്തും. പരിശോധന നടത്തി വേലുമണി ടെസ്റ്റ് റിസള്‍ട്ട് നല്‍കുകയും ചെയ്യും. എന്നാല്‍ കൂടുതല്‍ ആളുകള്‍ സ്ഥാപനത്തിലേക്ക് എത്താന്‍ തുടങ്ങിയതോടെ സ്ഥാപനം ഒറ്റക്ക് കൈകാര്യം ചെയ്യുക എന്നത് ശ്രമകരമായ മാറി. അതോടെ കൂടുതല്‍ തൊഴിലാളികളെ അദ്ദേഹം നിയമിച്ചു.

ഇപ്പോള്‍ തൈറോകെയര്‍ എന്ന സ്ഥാപനത്തിന് ലോകമെമ്പാടുമായി 2000 ബ്രാഞ്ചുകള്‍ ഉണ്ട്. ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലായി വേലുമണിയുടെ തൈറോകെയറിന് വളരാന്‍ സാധിച്ചു. ബിസിനസ് വളരുന്നതിനനുസരിച്ച് അദ്ദേഹത്തിന്റെ ബിസിനസ് മേഖലയില്‍ മറ്റ് ഹെല്‍ത്ത് ഡയഗ്‌നോസ്റ്റിക്‌സുകളും കടന്നു വന്നു.സംരംഭകത്വത്തില്‍ ഇനിയും തനിക് ഏറെ ദൂരം പോകാനുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്.ലോകോത്തര ഡയഗ്‌നോസ്റ്റിങ് ഉപകരണങ്ങളും മെഷിനറികളും അറിവുള്ള തൊഴിലാളികളുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിന് പിന്നിലെ പ്രധാനഘടകം.

സര്‍ക്കാര്‍ ജോലിയുടെ ആനുകൂല്യത്തില്‍ അദ്ദേഹത്തിന് വേണമെങ്കില്‍ ജീവിതം സുഖമായി കൊണ്ടുപോകാമായിരുന്നു. എന്നാല്‍ അതുപേക്ഷിച്ച് ഒരു ദിവസം ബിസിനസിലേക്ക് ഇറങ്ങാന്‍ തീരുമാനിചാറ്റിലൂടെ അദ്ദേഹം ഇന്ത്യന്‍ ബിസിനസ് ചരിത്രത്തിലെ മൂല്യമേറിയ ഒരേടായി മാറി. റിക്‌സ് എടുക്കാന്‍ അദ്ദേഹം കാണിച്ച മനസ്സാണ് ഈ വിജയങ്ങളുടെയെല്ലാം പിന്നില്‍. ഇന്നത്തെ തലമുറക്ക് ഇല്ലാത്തതും അതുതന്നെയാണ്. ആര്‍ക്കും ബിസിനസ് തുടങ്ങാനാകും എന്നാല്‍ തികഞ്ഞ ഇച്ഛാശക്തിയുള്ളവര്‍ക്ക് മാത്രമേ അത് നിലനിര്‍ത്താനാകൂ. ഈ ചിന്തയാണ് ഡോ. ആരോക്യസ്വാമി വേലുമണിയുടെ വിജയത്തിനാധാരം.

Comments

comments

Categories: FK Special, Slider
Tags: Thyrocare