ഇന്ത്യയില്‍ അടുത്ത വര്‍ഷം ഭാഗിക സാന്നിധ്യമെന്ന് ടെസ്‌ല

ഇന്ത്യയില്‍ അടുത്ത വര്‍ഷം ഭാഗിക സാന്നിധ്യമെന്ന് ടെസ്‌ല

ഇന്ത്യ, ആഫ്രിക്ക, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളില്‍ ഭാഗിക സാന്നിധ്യമറിയിക്കുമെന്ന് ഇലോണ്‍ മസ്‌ക്

ന്യൂഡെല്‍ഹി : അടുത്ത വര്‍ഷം അവസാനത്തോടെ ടെസ്‌ല മോട്ടോഴ്‌സ് ഇന്ത്യയില്‍ ഭാഗിക സാന്നിധ്യമറിയിക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇലോണ്‍ മസ്‌ക്. 2019 അവസാനത്തോടെ ഇന്ത്യ, ആഫ്രിക്ക, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളില്‍ ഭാഗിക സാന്നിധ്യമറിയിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തു. 2020 ല്‍ ഇവിടങ്ങളില്‍ വിശാല വിപുലീകരണം നടത്തുമെന്നും പ്രസ്താവിച്ചു.

വടക്കേ അമേരിക്ക, യൂറോപ്പ്, ചൈന വിപണികള്‍ക്ക് പുറത്തേക്ക് കടന്നുചെല്ലാനാണ് പദ്ധതികളെന്ന് ഇലോണ്‍ മസ്‌ക് പറയുന്നു. ചൈനയില്‍ മോഡല്‍ 3 നിര്‍മ്മിക്കാന്‍ ടെസ്‌ല ആലോചിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഉല്‍പ്പാദനശേഷി 7,000 യൂണിറ്റായി വര്‍ധിപ്പിക്കുകയാണ് ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളുടെ ലക്ഷ്യം.

അടുത്ത വര്‍ഷം അവസാനത്തോടെ വടക്കേ അമേരിക്ക, കിഴക്കന്‍ യൂറോപ്പ്, ചൈന, ജപ്പാന്‍ എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങളില്‍ മാത്രമല്ല, എല്ലാ ‘ജനസംഖ്യാ പ്രദേശങ്ങളിലേക്കും’ കടന്നുചെല്ലാന്‍ സര്‍വീസ് ടീമിനോട് ആവശ്യപ്പെട്ടതായി മസ്‌ക് ട്വിറ്ററില്‍ വെളിപ്പെടുത്തി. വലിയ ഭൂമിശാസ്ത്ര മേഖലകൡ തീരെ സാന്നിധ്യമില്ലെന്ന് ചില സമയങ്ങളില്‍ തോന്നാറുണ്ടെന്നും അദ്ദേഹം കുറിച്ചു.

ഇലോണ്‍ മസ്‌കിന്റെ പുതിയ ട്വീറ്റ് പുറത്തുവന്നതോടെ ഇന്ത്യയിലെ ടെസ്‌ല പ്രേമികളുടെ പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറക് മുളച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഇലക്ട്രിക് കാര്‍ വിപണിയെ ഉത്തേജിപ്പിക്കാന്‍ ടെസ്‌ലയുടെ ഭാഗിക സാന്നിധ്യം സഹായിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 ഒക്‌റ്റോബറില്‍ കാലിഫോര്‍ണിയ പാലോ ആള്‍ട്ടോയിലെ ടെസ്‌ല ആസ്ഥാനം സന്ദര്‍ശിച്ചിരുന്നു.

Comments

comments

Categories: Auto
Tags: Tesla