മുഹമ്മദിന്റെ നിലവിളികള്‍

മുഹമ്മദിന്റെ നിലവിളികള്‍

ദൈവത്തിന്റെ സ്വന്തം നാട് ഇനിയും സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തമായിട്ടില്ല എന്ന സത്യം നമുക്ക് നിഷേധിക്കുവാന്‍ കഴിയില്ല. പ്രകൃതിഭംഗി കൊണ്ട് സമ്പുഷ്ടമായ, പ്രകൃതിവിഭവങ്ങള്‍ കൊണ്ട് വേണ്ടുവോളം അനുഗ്രഹിക്കപ്പെട്ട നമ്മള്‍ സമ്പന്നമായ കാമ്പുള്ള ഒരു സാമൂഹ്യസമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുവാന്‍ പരാജയപ്പെട്ടിരിക്കുന്നു. ജീവിതം കരുപ്പിടിപ്പിക്കുവാന്‍ നാട് വിടുന്നവര്‍ നാട്ടിലേക്ക് തിരിച്ചുവന്ന് എന്ത് ചെയ്യും എന്നോര്‍ത്ത് പകച്ചു നില്‍ക്കുന്നു.

മുഹമ്മദ് എന്നെ വിളിക്കുന്നത് ഒരു ദിവസം രാത്രി വളരെ വൈകിയാണ്. വളരെ പതുങ്ങിയ ശബ്ദത്തില്‍ ”ഇപ്പോള്‍ സംസാരിക്കാമോ? ഞാന്‍ ഈ സമയത്ത് വിളിച്ചത് ശല്യമായില്ലല്ലോ?” എന്ന് അയാള്‍ ചോദിച്ചു. ”ഇല്ല, നമുക്ക് സംസാരിക്കാം” എന്ന് മറുപടി പറഞ്ഞു. മുഹമ്മദ് പറഞ്ഞു തുടങ്ങി…

അയാള്‍ സൗദി അറേബ്യയില്‍ നിന്നാണ് വിളിക്കുന്നത്. വളരെ വര്‍ഷങ്ങളായുള്ള പ്രവാസജീവിതം. പെങ്ങളെ വിവാഹം കഴിച്ചയച്ചു. എങ്ങനെയോ ഒരു വീട് തട്ടിക്കൂട്ടി. ഭാര്യയും രണ്ട് പെണ്‍കുട്ടികളും നാട്ടില്‍ പ്രതീക്ഷകളുമായി കഴിയുന്നു. പ്രവാസ ജീവിതത്തില്‍ നീക്കിയിരിപ്പുകള്‍ ഒന്നുമില്ല. മിക്കവാറും എല്ലാ പ്രവാസികളുടെയും ജീവിതം പോലെ തന്നെ മുഹമ്മദിന്റെയും.

”മടുത്തു സാറേ, എങ്ങിനെയെങ്കിലും ഇതൊക്കെ ഒന്നു മതിയാക്കി നാട്ടിലെത്തണം. പ്രായം ഇപ്പോള്‍ അന്‍പത്തിരണ്ട് ആയി. നാട്ടില്‍ എത്തിയിട്ട് എന്ത് ചെയ്യണം എന്നറിയില്ല. പെണ്‍കുട്ടികളെ കെട്ടിച്ചു വിടണം. ഇവിടെ നിന്ന് പോന്നാല്‍ അതൊക്കെ നടക്കുമോ എന്നറിയില്ല. ഇവിടത്തെ കാര്യങ്ങള്‍ സുരക്ഷിതമല്ല. ഏത് നിമിഷവും ജോലി ഇല്ലാതെയാവാം. ചെകുത്താനും കടലിനും മദ്ധ്യേ പെട്ടപോലെ. നാട്ടിലെത്തി എന്തെങ്കിലും ബിസിനസ് ചെയ്യാന്‍ സാധിക്കുമോ?”

ഒരു തിരക്കഥയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി എടുക്കുന്നത് പോലെ തന്നെയാണ് പ്രവാസികളുടെ കഥ. കഥാപാത്രങ്ങള്‍ മാറുന്നു എന്നത് മാത്രമാണ് വ്യത്യാസം. ജീവിതമൊക്കെ ഏകദേശം ഒന്നുപോലെ. പ്രവാസികളില്‍ നിന്ന് എനിക്ക് ലഭിക്കുന്ന ഫോണ്‍വിളികളില്‍ ഭൂരിഭാഗവും ഇങ്ങനെയൊക്കെ തന്നെയാണ്. നാട്ടില്‍ തിരികെയെത്തിയിട്ട് എന്തുചെയ്യാന്‍ കഴിയും?

ദൈവത്തിന്റെ സ്വന്തം നാട് ഇനിയും സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തമായിട്ടില്ല എന്ന സത്യം നമുക്ക് നിഷേധിക്കുവാന്‍ കഴിയില്ല. പ്രകൃതിഭംഗി കൊണ്ട് സമ്പുഷ്ടമായ, പ്രകൃതിവിഭവങ്ങള്‍ കൊണ്ട് വേണ്ടുവോളം അനുഗ്രഹിക്കപ്പെട്ട നമ്മള്‍ സമ്പന്നമായ കാമ്പുള്ള ഒരു സാമൂഹ്യസമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുവാന്‍ പരാജയപ്പെട്ടിരിക്കുന്നു. ജീവിതം കരുപ്പിടിപ്പിക്കുവാന്‍ നാട് വിടുന്നവര്‍ നാട്ടിലേക്ക് തിരിച്ചുവന്ന് എന്ത് ചെയ്യും എന്നോര്‍ത്ത് പകച്ചു നില്‍ക്കുന്നു.

ലക്ഷ്യമില്ലാത്ത ഒരു ജനതയെപ്പോലെയാണ് നാം ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. നമ്മുടെ വിദ്യാഭ്യാസ, സാംസ്‌കാരിക നിലവാരത്തിന് അനുസൃതമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുവാന്‍ നമുക്കിനിയും സാധിച്ചിട്ടില്ല. നമ്മുടെ ലക്ഷ്യങ്ങള്‍ ചെറുതാണ്. അത് സ്ഥായിയുമല്ല. ഇനി ഒരിരുപത് വര്‍ഷത്തിനുള്ളില്‍ കേരളം എന്താവണം? ആരും ചിന്തിക്കുന്നില്ല. അല്ലെങ്കില്‍ ചിന്തിക്കുന്നവന്‍ അത് തന്റെ ഉള്ളില്‍ തന്നെ തളച്ചിടുന്നു. തന്റെ വാക്കുകള്‍ താഴ്‌വാരത്തില്‍ പ്രതിദ്ധ്വനിക്കുന്ന വെറും ശബ്ദമായി മാറുമോ എന്ന ഭീതി മൂലം.

സ്വന്തം ജനത അരക്ഷിതത്വ ബോധവുമായി ജീവിക്കേണ്ടി വരിക ഒരു നാടിനും അഭിമാനം നല്‍കുന്നതല്ല. സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന രീതിയില്‍ ഒരു വ്യവസായ സംസ്‌ക്കാരം ഇവിടെ ഉയര്‍ന്നു വരുന്നില്ല. ഇപ്പോഴത്തെ കാര്യം മാത്രമാണ് നമ്മുടെ ചിന്ത. നമ്മുടെ ചിന്തകള്‍, പ്രവര്‍ത്തികള്‍ നാടിനെ എങ്ങോട്ട് നയിക്കുന്നു എന്നതില്‍ നമ്മള്‍ ആകുലരല്ല. ഒരു നാടിനെ അഭിവൃദ്ധിയിലേക്ക് നയിക്കുന്ന പ്രവര്‍ത്തികളെ നിശ്ചയിക്കുവാനും അതിനെ പ്രാവര്‍ത്തികമാക്കാനും പ്രബുദ്ധരായ നമുക്ക് കഴിയുന്നില്ല എന്നത് നിസാരമായി തള്ളിക്കളയേണ്ട ഒന്നല്ല.

മുഹമ്മദ് നിരാലംബരായ ഒരു വിഭാഗത്തിന്റെ പ്രതിനിധി മാത്രമാണ്. എത്രയോ ലക്ഷം മുഹമ്മദുമാര്‍ ഇത് പോലെ നാടും വീടും വിട്ട്, ജീവിതത്തിന്റെ സുഖങ്ങള്‍ ത്യജിച്ച്, കഠിനമായ മാനസികവ്യഥകള്‍ സഹിച്ച്, പ്രവാസജീവിതത്തിന്റെ ബാക്കിപത്രമായ രോഗങ്ങള്‍ കാര്‍ന്നു തിന്നുന്ന ശരീരവുമായി ജീവിതം തള്ളിനീക്കുന്നു. നാട്ടിലേക്കുള്ള ഒരു തിരിച്ചുവരവ് അവരുടെ സ്വപ്നമാണ്. പക്ഷേ ആ ചിന്ത പോലും അവരെ പേടിപ്പിക്കുന്നു. തിരികെ എത്തി എന്തുചെയ്യും? ഇതൊരു വലിയ ചോദ്യചിഹ്നമാണ്. വായ്പ ലഭ്യമാക്കുക മാത്രമല്ല വ്യവസായങ്ങള്‍ വിജയിക്കുവാനുള്ള സാമൂഹിക പരിതസ്ഥിതി സൃഷ്ടിക്കുക കൂടിയാണ് ലക്ഷ്യം എന്ന് നാം മറന്നുപോകുന്നു.

രാഷ്ട്രീയത്തിന്റെ ഇടപെടലുകള്‍ മനുഷ്യന്റെ ജീവിതത്തില്‍ വലിയ ഗുണഫലങ്ങള്‍ സൃഷ്ടിക്കുന്നുണ്ട് എന്നതില്‍ സംശയങ്ങളില്ല. എന്നാല്‍ ഇതിന്റെ അതിപ്രസരം ഒരു ജനതയുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നതും വാസ്തവമാണ്. നമ്മുടെ ശക്തിയെ തിരിച്ചറിഞ്ഞ്, അതിനെ സമ്പന്നമായ ഒരു വ്യവസ്ഥിതി കെട്ടിപ്പടുക്കുവാന്‍ ബുദ്ധിപൂര്‍വം വിനിയോഗിക്കുന്ന തലച്ചോറുകള്‍ വളര്‍ന്ന് വരാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. അല്ലെങ്കില്‍ മുഹമ്മദുമാരുടെ നിലവിളികള്‍ അന്തരീക്ഷത്തില്‍ മുഴങ്ങിക്കൊണ്ടേയിരിക്കും.

Comments

comments

Categories: FK Special, Slider
Tags: Emigrant