പുതിയ സിഎല്‍എസ് കൂപ്പെ അടുത്തയാഴ്ച്ച

പുതിയ സിഎല്‍എസ് കൂപ്പെ അടുത്തയാഴ്ച്ച

മുന്‍ഗാമിയേക്കാള്‍ നീളവും വീതിയും ഉയരവും കൂടുതലുള്ളവനാണ് പുതിയ സിഎല്‍എസ്. വീല്‍ബേസ് ഇപ്പോള്‍ 61 മില്ലി മീറ്റര്‍ കൂടുതലാണ്

ന്യൂഡെല്‍ഹി : മെഴ്‌സിഡീസ് ബെന്‍സിന്റെ പുതിയ സിഎല്‍എസ് കൂപ്പെ ഈ മാസം 16 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. കൂടുതല്‍ ഷാര്‍പ്പ് ഡിസൈനാണ് മൂന്നാം തലമുറ സിഎല്‍എസിന്റെ സവിശേഷത. അണ്ടര്‍പിന്നിംഗ്‌സ് മുതല്‍ ചില ഇന്റീരിയര്‍ വിശേഷങ്ങള്‍ വരെ ഇ-ക്ലാസുമായി സാമ്യം കാണും.

മുന്‍ഗാമിയേക്കാള്‍ നീളവും വീതിയും ഉയരവും കൂടുതലുള്ളവനാണ് പുതിയ സിഎല്‍എസ്. 4,940 എംഎം നീളവും 1,880 എംഎം വീതിയും 1,420 എംഎം ഉയരവുമാണ് പുതിയ സിഎല്‍എസില്‍ അളന്നിരിക്കുന്നത്. വീല്‍ബേസ് ഇപ്പോള്‍ 61 മില്ലി മീറ്റര്‍ കൂടുതലാണ്. പഴയ സിഎല്‍എസ് പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ ലഭിച്ചിരുന്നെങ്കില്‍ പുതിയ സിഎല്‍എസില്‍ ഡീസല്‍ എന്‍ജിന്‍ മാത്രമായിരിക്കും മെഴ്‌സിഡീസ് നല്‍കുന്നത്. 9 സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്.

പുതിയ സിഎല്‍എസിന്റെ ഉള്‍വശം കണ്ടാല്‍ ഇ-ക്ലാസിന്റെ ഇന്റീരിയര്‍ പരിഷ്‌കരിച്ചതാണെന്ന് തോന്നും. ഡാഷ്‌ബോര്‍ഡില്‍ മെഴ്‌സിഡീസിന്റെ വൈഡ്‌സ്‌ക്രീന്‍ കോക്ക്പിറ്റ് കാണാം. ഇവിടെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയ്ക്കായി 12.3 ഇഞ്ച് വലുപ്പമുള്ള രണ്ട് ഡിസ്‌പ്ലേകള്‍ കൊടുത്തിരിക്കുന്നു. എസ്-ക്ലാസിലെ മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍ നല്‍കി.

204 എച്ച്പി കരുത്തും 499 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 2.1 ലിറ്റര്‍, 4 സിലിണ്ടര്‍ മോട്ടോറാണ് മുന്‍ തലമുറ സിഎല്‍സ് ഡീസല്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ 2.0 ലിറ്റര്‍, ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ മോട്ടോറിലായിരിക്കും പുതിയ സിഎല്‍എസ് വരുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഔഡി എ7, ബിഎംഡബ്ല്യു 6 സീരീസ് ജിടി എന്നിവയാണ് എതിരാളികള്‍.

Comments

comments

Categories: Auto