ചെറുകിടസംരംഭകര്‍ക്കുള്ള സഹായം സ്വാഗതാര്‍ഹം

ചെറുകിടസംരംഭകര്‍ക്കുള്ള സഹായം സ്വാഗതാര്‍ഹം

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച രക്ഷാ പദ്ധതികള്‍ സ്വഗതാര്‍ഹമാണ്

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍(എംഎസ്എംഇ). ജിഎസ്ടി (ചരക്കുസേവനനികുതി), നോട്ട് അസാധുവാക്കല്‍ തുടങ്ങിയ അപ്രതീക്ഷതിമായ നീക്കങ്ങള്‍ എംഎസ്എംഇ മേഖലയെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിട്ടുണ്ട്. പല തരത്തിലുള്ള കാരണങ്ങളാല്‍ പ്രതിസന്ധിക്കയത്തിലായ എംഎസ്എംഇ മേഖലയെ സംബന്ധിച്ചിടത്തോളം ഏറെ സ്വാഗതാര്‍ഹമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പാക്കേജ്.

ചെറുകിട സംരംഭകര്‍ക്ക് 59 മിനുറ്റിനുള്ളില്‍ ഒരു കോടി രൂപ വരെയുള്ള വായ്പ അനുവദിക്കുന്നതിനുള്ള സംവിധാനമടക്കം നിരവധി പദ്ധതികളാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. സാഹചര്യങ്ങള്‍ക്കനുസരിച്ച് വിപണിപിന്തുണയും സാമ്പത്തിക പിന്തുണയും എംഎസ്എംഇ മേഖലയ്ക്ക് നല്‍കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

500 കോടി രൂപയ്ക്ക് മുകളില്‍ വിറ്റുവരവുള്ള വലിയ കമ്പനികള്‍ തങ്ങളുടെ സംഭരണം എംഎസ്എംഇകളില്‍ നിന്ന് നടത്തണമെന്ന തീരുമാനമായിരുന്നു ഏറ്റവും ശ്രദ്ധേയമായത്. ഘടനാപരമായ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ പ്രത്യാഘാതം കാര്യമായി അനുഭവിച്ചത് ചെറുകിട, ഇടത്തരം സംരംഭങ്ങളായിരുന്നു. അതുകൊണ്ടുതന്നെ അവയുടെ ഉയിര്‍ത്തെഴുനേല്‍പ്പിന് കൈത്താങ്ങാകാന്‍ വലിയ കമ്പനികള്‍ക്കും സാധിക്കും. പൊതുമേഖല സ്ഥാപനങ്ങള്‍ തങ്ങളുടെ ക്രയവിക്രയത്തിന്റെ 25 ശതമാനവും നടത്തേണ്ടത് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകമേഖലയുമായാകണമെന്ന നിര്‍ദേശത്തിനും വലിയ പ്രസക്തിയുണ്ട്. മുമ്പിത് 20 ശതമാനമായിരുന്നു.

ഇന്ത്യയിലെ 100 എംഎസ്എംഇ ജില്ലകളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ളതാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ച രക്ഷാ പദ്ധതി. ഒരു കോടി രൂപ വരെയുള്ള വായ്പയ്ക്ക് അംഗീകാരം ലഭിക്കാന്‍ ബാങ്കില്‍ പോകേണ്ട കാര്യമില്ലെന്ന തീരുമാനം വിപ്ലവാത്മകമാണ്. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടയില്‍ തന്നെ ഇതിന് വ്യാപകമായ പിന്തുണ അനുവദിക്കപ്പെട്ടുവെന്നെല്ലാം ചില മാധ്യമറിപ്പോര്‍ട്ടുകള്‍ വരികയും ചെയ്തു. സംരംഭത്തിന്റെ മൂലധനമെന്ന നിലയില്‍ ചെറിയ തുക വായ്പയെടുക്കാന്‍ ബുദ്ധിമുട്ടുന്ന വ്യവസായികളെ സംബന്ധിച്ചിടത്തോളം ഏറെ ഉപകാരപ്രദമാകും ഈ ഓണ്‍ലൈന്‍ വായ്പാ പദ്ധതി.

കൃത്യമായി പലിശ തിരിച്ചടയ്ക്കുന്ന സംരംഭകരുടെ പുതിയ വായ്പയ്ക്കും അധികവായ്പയ്ക്കും അഞ്ച് ശതമാനം പലിശയിളവ് ലഭിക്കുമെന്ന വാഗ്ദാനവും ആശ്വസമേകുന്നതാണ്. കയറ്റുമതിക്ക് മേലുള്ള ഇന്‍പുട് ടാക്‌സ് ക്രെഡിറ്റ് റിലീസ് ചെയ്യുന്നത് വേഗത്തിലാക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ കമ്പനികളുടെ പര്‍ച്ചേസില്‍ ഏറ്റവും ചുരുങ്ങിയത് മൂന്ന് ശതമാനമങ്കിലും വനിതാ സംരംഭകരുടെ പക്കലില്‍ നിന്നാകണമെന്നും മോദിയുടെ രക്ഷാ പദ്ധതിയില്‍ പരാമര്‍ശിക്കുന്നുണ്ട്.

ചെറുകിട സംരംഭങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളിയാണ് സാങ്കേതികവിദ്യയുടെ പുത്തന്‍ മാറ്റങ്ങളെ സ്വാംശീകരിക്കാന്‍ സാധിക്കാത്തത്. സാങ്കേതികവിദ്യകളില്‍ നവീകരണവും മറ്റും വരുത്തുന്നതിനായി 6,000 കോടി രൂപയും മോദി അനുവദിച്ചിട്ടുണ്ട്. കോര്‍പ്പറേറ്റുകളെപ്പോലെ തന്നെ ഇന്ത്യന്‍ സാമ്പത്തികരംഗത്തിന്റെ നട്ടെല്ലായി വര്‍ത്തിക്കുന്നതാണ് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍. അതുകൊണ്ടുതന്നെ ഈ മേഖലയുടെ പ്രശ്‌നങ്ങള്‍ കൃത്യമായി അഭിമുഖീകരിക്കപ്പെടേണ്ടതുമാണ്.

Comments

comments

Categories: Editorial, Slider
Tags: MSME