മരണാനന്തര ചടങ്ങുകള്‍ ഏറ്റെടുത്ത് മോക്ഷില്‍

മരണാനന്തര ചടങ്ങുകള്‍ ഏറ്റെടുത്ത് മോക്ഷില്‍

മരണാനന്തര ചടങ്ങുകള്‍ ഏറ്റെടുത്ത് നടത്തുന്ന അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് മോക്ഷില്‍. ഏതു മതവിഭാഗത്തില്‍ പെട്ടവര്‍ക്കും പ്രാര്‍ത്ഥന സഭ മുതല്‍ അന്തിമക്രിയകളും പത്ര പരസ്യവും വരെ വീട്ടുകാരെ ടെന്‍ഷനടിപ്പിക്കാതെ ഇവര്‍ കൃത്യമായി ചെയ്തു നല്‍കും

പുത്തന്‍ ആശയങ്ങളുടെയും ആധുനികതയുടേയും സമ്മിശ്രണമാണ് ഇന്ന് മിക്ക സ്റ്റാര്‍ട്ടപ്പുകളും. ഏതു മേഖലയിലേക്കും കടന്നു കയറി അധീശത്വം സ്ഥാപിക്കുന്ന പുതുതലമുറ അവരുടെ വേറിട്ട സേവന രീതികളിലൂടെയാണ് ജനങ്ങള്‍ക്കിടയില്‍ തങ്ങളുടേതായ സ്ഥാനം ഊട്ടിയുറപ്പിക്കുക. ഏതൊരാളുടേയും ജീവിതത്തില്‍ ആചാരങ്ങള്‍ക്കും ചടങ്ങുകള്‍ക്കും അതിന്റേതായ പ്രാധാന്യം കല്‍പ്പിച്ചു ചെയ്യുന്ന ചില സാഹചര്യങ്ങളുണ്ട്. ഇവിടെ ആധുനികതയ്ക്കു വലിയ സ്ഥാനമില്ല, പലപ്പോഴും ആചാരനിഷ്ഠകള്‍ പൂര്‍ത്തിയാക്കാനും അനുവര്‍ത്തിക്കാനുമാകും പലര്‍ക്കും താല്‍പ്പര്യം. വിവാഹം, കുട്ടികള്‍ക്കായുള്ള ചടങ്ങുകള്‍, മരണം ഇവയൊക്കെ അതില്‍ ഉള്‍പ്പെടുന്ന ചില വിഷയങ്ങളാണ്. പണ്ട് കാലങ്ങളില്‍ വീടുകളില്‍ മരണമുണ്ടായാല്‍ പരിചയക്കാരും നാട്ടുകാരും ചേര്‍ന്ന് ചടങ്ങുകള്‍ക്കാവശ്യമായ കാര്യങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു പതിവ്. ഇന്ന് കാലം മാറി. നഗരങ്ങളില്‍ ആളുകള്‍ ഫഌറ്റുകളിലേക്കും ഒറ്റപ്പെട്ടും താമസിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രദേശവാസികളുമായോ അയല്‍ക്കാരുമായോ ബന്ധമില്ലാതായി. അതോടെ വീടുകളില്‍ മരണമുണ്ടായാല്‍ ചടങ്ങുകള്‍ നിര്‍വഹിക്കാന്‍ ആളെ അന്വേഷിക്കുന്നതും മറ്റും ഏറെ ബുദ്ധിമുട്ടായി വരുകയും ചെയ്തു. അതുകൊണ്ടുതന്നെ ഇക്കാര്യങ്ങള്‍ മൊത്തമായി ഏറ്റെടുത്ത് ഒരു സംരംഭമായി പരിണമിച്ചിരിക്കുകയാണിപ്പോള്‍. അതെ, അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോക്ഷില്‍ ഇത്തരത്തിലുള്ള ഒരു സ്റ്റാര്‍ട്ടപ്പാണ്.

അഭിജീത് സിംഗ്, ബില്‍വ ദേശായ് എന്നിവര്‍ ചേര്‍ന്ന് തുടങ്ങിയ സംരംഭമാണ് മോക്ഷില്‍. മരണാനന്തര ചടങ്ങുകള്‍ നിര്‍വഹിക്കുന്നതിന് ആവശ്യമായ എല്ലാ കാര്യങ്ങളും ഇവരെ ധൈര്യമായി ഏല്‍പ്പിക്കാം. തിരക്കുകള്‍ക്കിടയില്‍ വീട്ടുകാര്‍ ഇക്കാര്യങ്ങളോര്‍ത്ത് ഇനി ടെന്‍ഷനടിക്കേണ്ട ആവശ്യമേയില്ല.

സംരംഭത്തിലേക്ക് നയിച്ച ആശയം

മോക്ഷില്‍ സ്ഥാപകരില്‍ ഒരാളായ ബില്‍വ ദേശായിയുടെ അമ്മ മരിച്ചപ്പോഴാണ് മരണാനന്തര ചടങ്ങുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടിനെ കുറിച്ച് അവര്‍ നേരിട്ടറിയുന്നത്. പിന്നീട് ഇത് ഒരു സംരംഭം തുടങ്ങാനുള്ള മികച്ച ആശയമാണെന്നു മനസിലാക്കിയതോടെ സുഹൃത്തായ അഭിജീത്തിനേയും ഇതിലേക്കു ക്ഷണിച്ചു.

മാനേജ്‌മെന്റ് വിഷയത്തില്‍ പിഎച്ച്ഡി ബിരുദം കരസ്ഥമാക്കിയ ഇരുവരും പ്രൊഫസര്‍മാരായി ജോലി ചെയ്തു വരികയാണ്. ജോലിക്കൊപ്പം സംരംഭത്തിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ പ്രയാസമില്ലെന്നും ഇരുവരും പറയുന്നു. 2013ല്‍ മോക്ഷിലിന്റെ ആശയം ബില്‍വ അവരുടെ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും ഈ വിഷയത്തെ ആസ്പദമാക്കി റിസര്‍ച്ച് പ്രോജക്റ്റ് തയാറാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഈ ആശയത്തോടുള്ള ജനങ്ങളുടെ സമീപനം അറിയുകയായിരുന്നു പ്രധാനലക്ഷ്യം. സംരംഭം തുടങ്ങുന്നതിന് വിപണി സാധ്യതകള്‍ അറിയുന്നതിനായി അഹമ്മദാബാദില്‍ 4500 ല്‍ പരം ആളുകള്‍ക്കിടയില്‍ ഇതു സംബന്ധിച്ച് സര്‍വേ നടത്തുകയും ചെയ്തു. സര്‍വേയില്‍ 76 ശതമാനം ആളുകള്‍ക്ക് മരണാനന്തരക്രിയകള്‍ എങ്ങനെയൊക്ക ചെയ്യണമെന്ന് അറിവില്ലാത്തവരായിരുന്നു. പ്രാര്‍ത്ഥനാ സംഘങ്ങളെയും മറ്റും ഏതു തരത്തില്‍ സംഘടിപ്പിക്കുമെന്നും പലര്‍ക്കും അറിവുണ്ടായിരുന്നില്ല. ഒന്നാം നിര, രണ്ടാം നിര നഗരങ്ങളില്‍ അണുകുടുംബങ്ങള്‍ വര്‍ധിച്ചുവരുന്നത് ആളുകള്‍ക്ക് ഇത്തരത്തിലുള്ള ബുദ്ധിമുട്ട് കൂടുതലായി സൃഷ്ടിക്കപ്പെടാന്‍ കാരണമാകും. ഭാവി വിപണിയില്‍ ഈ സംരംഭത്തിന് ആവശ്യകത ഏറുമെന്ന് മനസിലാക്കിത്തന്നെയാണ് ബില്‍വയും അഭിജീത്തും ഇതിലേക്ക് ഇറങ്ങിത്തിരിച്ചത്.

സംരംഭകര്‍ ഉള്‍പ്പെടെ 11 അംഗ സംഘമാണ് മോക്ഷിലിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നത്. അഹമ്മദാബാദ്, ഗാന്ധിനഗര്‍, ബറോഡ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ടവരുടെ ചടങ്ങുകള്‍ ചെയ്യുന്നതിനായി 364 പണ്ഡിറ്റുകള്‍ കരാര്‍ അടിസ്ഥാനത്തില്‍ മോക്ഷിലില്‍ ജോലി ചെയ്തുവരുന്നു.

എല്ലാ മതവിഭാഗ ചടങ്ങുകളും ഏറ്റെടുക്കും

സംരംഭത്തിന്റെ തുടക്കത്തില്‍, ഹിന്ദു മതവിഭാഗത്തിന്റെ ചടങ്ങുകള്‍ മാത്രമായിരുന്നു മോക്ഷില്‍ ഏറ്റെടുത്തിരുന്നത്. പിന്നീട് ബിസിനസ് വികസിപ്പിച്ചതിന്റെ ഭാഗമായി പാഴ്‌സി, ക്രിസ്ത്യന്‍, ജെയ്ന്‍, സിഖ്, ബുദ്ധമതവിശ്വാസികള്‍ എന്നിവരുടേയും മരണാനന്തരക്രിയകള്‍ ഏറ്റെടുത്ത് തുടങ്ങി. 2015 ല്‍ തുടക്കമിട്ട സംരംഭം ഇതിനോടകം 1600 ല്‍ പരം ചടങ്ങുകള്‍ നടത്തിക്കഴിഞ്ഞു.

മരണാനന്തരക്രിയകള്‍ക്കായി സംരംഭത്തിലേക്ക് വിളി എത്തിയാല്‍ ചുരുങ്ങിയത് ഒരു മണിക്കൂറിനകം ചടങ്ങുകള്‍ക്ക് ആവശ്യമായ കിറ്റും ക്രിയ ചെയ്യാനുള്ള പണ്ഡിറ്റിനെയും സഹിതം മോക്ഷില്‍ മാനേജര്‍ കൃത്യസ്ഥലത്ത് എത്തിയിരിക്കും. കിറ്റ് ഉള്‍പ്പെടെ സാധാരണഗതിയിലുള്ള ചടങ്ങുകള്‍ക്ക് 5000 രൂപയാണ് നിരക്ക്. മരണപ്പെട്ട ചില ആളുകള്‍ അവയവം ദാനം ചെയ്തിട്ടുണ്ടാകും. അത്തരം സംഘടനകളുമായും മോക്ഷിലിന് പങ്കാളിത്തമുണ്ട്. മരണാനന്തര ചടങ്ങുകള്‍ക്കൊപ്പം പ്രാര്‍ത്ഥന സഭ, പത്ര പരസ്യം, 12, 13 ദിവസങ്ങളിലെ അനുബന്ധ ചടങ്ങുകള്‍, അസ്ഥി നിമഞ്ജനം തുടങ്ങിയവയെല്ലാം ഉള്‍പ്പെട്ടതാണ് ഇവരുടെ സേവനങ്ങള്‍.

ഭാവി പദ്ധതികള്‍

2017ലെ കണക്കുകള്‍ അനുസരിച്ച് 13000 ത്തോളം മരണം മോക്ഷിലിന് വേരുകളുള്ള പ്രദേശങ്ങളില്‍ സാധാരണഗതിയില്‍ ഉണ്ടാകുന്നുണ്ട്. ഇതില്‍ 30-40 ശതമാനം മാത്രമേ സംരംഭം ഏറ്റെടുക്കുന്നുളളൂ. ഈ വര്‍ഷം സംരംഭത്തിന്റ വരുമാനം 13 ലക്ഷം രൂപയാണെന്നും ബില്‍വ പറയുന്നു. മോക്ഷിലിന്റെ പ്രവര്‍ത്തനം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നതിനൊപ്പം ഫ്രാഞ്ചൈസി മാതൃകയില്‍ പ്രവര്‍ത്തനം തുടങ്ങാനും ആലോചനയുണ്ട്. ബെംഗളൂരു, പൂനെ, ചെന്നൈ എന്നിവിടങ്ങളില്‍ ബ്രാഞ്ചുകള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളും നടത്തിവരികയാണ്.

Comments

comments

Categories: Entrepreneurship
Tags: Mokshil