മഹീന്ദ്ര അല്‍റ്റുറാസ് ; എസ്‌യുവി സെഗ്‌മെന്റിലെ പുതിയ അതിഥി

മഹീന്ദ്ര അല്‍റ്റുറാസ് ; എസ്‌യുവി സെഗ്‌മെന്റിലെ പുതിയ അതിഥി

സാംഗ്‌യോംഗ് റെക്‌സ്ടണ്‍ ജി4 അടിസ്ഥാനമാക്കി നിര്‍മ്മിച്ച അല്‍റ്റുറാസ് മഹീന്ദ്ര നിരയിലെ ഫഌഗ്ഷിപ്പ് വാഹനമായിരിക്കും

ന്യൂഡെല്‍ഹി : സാംഗ്‌യോംഗ് റെക്‌സ്ടണ്‍ ജി4 അടിസ്ഥാനമാക്കി നിര്‍മ്മിച്ച മഹീന്ദ്ര അല്‍റ്റുറാസ് ജി4 എസ്‌യുവി ഈ മാസം 24 ന് ഇന്ത്യയില്‍ അവതരിപ്പിക്കും. വൈ400 എന്ന കോഡ് നാമത്തില്‍ അറിയപ്പെട്ടിരുന്ന എസ്‌യുവിക്ക് എക്‌സ്‌യുവി 700, ഇന്‍ഫര്‍നോ എന്നീ പേരുകളിലൊന്ന് നല്‍കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. വാഹനം പരീക്ഷണ ഓട്ടം നടത്തുന്നത് പലപ്പോഴായി കാമറക്കണ്ണുകള്‍ ഒപ്പിയെടുത്തിരുന്നു. പുണെയക്ക് സമീപമുള്ള ചാകണ്‍ പ്ലാന്റില്‍ ഉല്‍പ്പാദനം ആരംഭിച്ചതായാണ് വിവരം. ഡീലര്‍മാര്‍ക്ക് വൈകാതെ അയച്ചുതുടങ്ങും.

മഹീന്ദ്ര നിരയില്‍ ഏറ്റവും വിലയേറിയ ഫഌഗ്ഷിപ്പ് വാഹനമായിരിക്കും അല്‍റ്റുറാസ് ജി4. പുതിയ എസ്‌യുവി വരുന്നതിന് മുന്നോടിയായി നിലവിലെ മഹീന്ദ്ര ഡീലര്‍ഷിപ്പുകളില്‍ പുതിയ ഷോറൂമുകള്‍ ഒരുക്കിയിട്ടുണ്ട്. ‘എസ്‌യുവികളുടെ ലോകം’ എന്ന് വിളിക്കപ്പെടുന്ന ഇവിടങ്ങളില്‍ കൂടുതല്‍ പ്രീമിയം അനുഭവം പ്രതീക്ഷിക്കാം.

അകവും പുറവും നിരവധി പ്രീമിയം ഫീച്ചറുകളുമായാണ് മഹീന്ദ്ര അല്‍റ്റുറാസ് എസ്‌യുവി വിപണിയിലെത്തുന്നത്. ഡുവല്‍ ടോണ്‍ ഫ്രണ്ട് ബംപര്‍, ഇലക്ട്രിക് സണ്‍റൂഫ്, അലോയ് വീലുകള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റുകള്‍, റെയ്ന്‍ സെന്‍സിംഗ് വൈപ്പറുകള്‍, പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ ഫീച്ചറുകളില്‍ ചിലത് മാത്രമാണ്. ഹീറ്റിംഗ്, വെന്റിലേഷന്‍ എന്നീ ഫംഗ്ഷനുകള്‍ സഹിതം തുകല്‍ സീറ്റുകള്‍, ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയും ലഭിച്ചു. ഒമ്പത് എയര്‍ബാഗുകള്‍, കീലെസ് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് തുടങ്ങിയവയാണ് സുരക്ഷാ ഫീച്ചറുകള്‍. ആക്റ്റിവ് റോള്‍ഓവര്‍ പ്രൊട്ടക്ഷന്‍, എബിഎസ്, ഇബിഡി എന്നിവയും സ്റ്റാന്‍ഡേഡ് ആയിരിക്കും.

2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ മഹീന്ദ്ര അല്‍റ്റുറാസിന് കരുത്തേകും. ഈ മോട്ടോര്‍ 179 ബിഎച്ച്പി കരുത്തും 420 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 7 സ്പീഡ് മെഴ്‌സിഡീസ് ബെന്‍സ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നാല് ചക്രങ്ങളിലേക്കും പവര്‍ കൈമാറും. ലിറ്ററിന് 15 കിലോമീറ്ററാണ് ഇന്ധനക്ഷമത. 20-25 ലക്ഷം രൂപയായിരിക്കും വിലയെന്ന് പ്രതീക്ഷിക്കുന്നു. ടൊയോട്ട ഫോര്‍ച്യൂണര്‍, സ്‌കോഡ കോഡിയാക്ക് എന്നിവയെ വെല്ലുവിളിക്കും.

Comments

comments

Categories: Auto
Tags: Mahindra Xuv