കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോള സാധ്യതകളേറെ: ഷെറി ലാസിറ്റര്‍

കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോള സാധ്യതകളേറെ: ഷെറി ലാസിറ്റര്‍

ബാന്‍ഡികൂട്ട് പോലെയുള്ള സ്റ്റാര്‍ട്ടപ്പ് ഉല്‍പ്പന്നങ്ങള്‍ ആഗോള തലത്തില്‍ സാധ്യതകളേറെയെന്ന് ഫാബ് ലാബ് പ്രസിഡന്റും എംഐടി പ്രൊഫസറുമായ ഷെറി ലാസിറ്റര്‍

കോട്ടയം: മാന്‍ഹോളുകള്‍ വൃത്തിയാക്കാന്‍ കേരളത്തില്‍ വികസിപ്പിച്ചെടുത്ത ബാന്‍ഡികൂട്ട് മാതൃകയിലുള്ള സ്റ്റാര്‍ട്ടപ്പ് ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാദേശികമായ ആവശ്യങ്ങള്‍ക്കപ്പുറം ആഗോളതലത്തില്‍ അസാമാന്യ സാധ്യതയും മത്സരശേഷിയുമാണുള്ളതെന്ന് ഫാബ്ലാബ് പ്രസിഡന്റും അമേരിക്കയിലെ എംഐടി പ്രൊഫസറുമായ ഷെറി ലാസിറ്റര്‍ പറഞ്ഞു.

ആഗോള സാങ്കേതികവിദ്യയിലെ അടുത്ത ‘വലിയ കാര്യം’ ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ ‘ചെറിയ’ കണ്ടുപിടുത്തങ്ങളായിരിക്കുമെന്നും അവര്‍ പറഞ്ഞു.
കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളെജ് ഓഫ് എന്‍ജിനീയറിംഗില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച ഐഇഡിസി സമ്മേളനം, മേക്കര്‍ഫെസ്റ്റ് എന്നിവ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അവര്‍. അന്താരാഷ്ട്ര തലത്തില്‍ എഴുപതോളം രാജ്യങ്ങളില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഫാബ് ലാബ്.

ഇന്ത്യയില്‍ പലയിടത്തും നിസ്സാരമെന്നു തോന്നാവുന്നതും എന്നാല്‍ പ്രാദേശികമായി വലിയ ഉപയോഗങ്ങള്‍ ഉള്ളതുമായ കണ്ടുപിടുത്തങ്ങള്‍ നടക്കുന്നുണ്ട്. കണ്ടുപിടുത്തങ്ങള്‍ എല്ലായ്‌പ്പോഴും താഴെത്തട്ടില്‍ നിന്നുമാണ് വരേണ്ടത്. ഇന്ത്യയില്‍ നിന്നുള്ള അത്തരം പല കണ്ടുപിടുത്തങ്ങളും ഇന്ന് ലോകശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് രംഗം ഏറെ ശുഭപ്രതീക്ഷ നല്‍കുന്നുവെന്ന് അവര്‍ പറഞ്ഞു. മേക്കര്‍ ഫെസ്റ്റില്‍ വിദ്യാര്‍ത്ഥികള്‍ പ്രദര്‍ശിപ്പിച്ച മാതൃകകള്‍ മികച്ച നിലവാരം പുലര്‍ത്തുന്നവയാണ്. എന്നാല്‍ ഇത് പ്രാദേശികമായി ഒതുങ്ങിപ്പോകാതെ ആഗോളതലത്തില്‍ പ്രദര്‍ശിപ്പിക്കണം. ഫാബ് ലാബിന്റെ നയം തന്നെ ‘ഹലോ വേള്‍ഡ’് എന്നാണെന്നും അവര്‍ പറഞ്ഞു.

എല്ലാ കണ്ടുപിടുത്തങ്ങളും ജനോപകാരപ്രദമായിരിക്കണം. കലാലയത്തിലെ പഠനത്തിനു വേണ്ടി പ്രൊജക്ടുകള്‍ ചെയ്യുന്നതിനു പകരം സ്വയം തൃപ്തിപ്പെടുത്തുന്ന ഉത്പന്നങ്ങള്‍ക്ക് വേണ്ടി ശ്രമിച്ചാല്‍ അത് സമൂഹത്തിന് ഉതകുന്നതാകുമെന്ന് അവര്‍ പറഞ്ഞു.

Comments

comments

Categories: Current Affairs