കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച; വൈദ്യുതി വിതരണം തടസപ്പെട്ടു

കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച; വൈദ്യുതി വിതരണം തടസപ്പെട്ടു

ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് റോഡ് ഗതാഗതം തടസപ്പെട്ടു. അവശ്യ സേവന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ആശുപത്രി, വൈദ്യുതി വിതരണം എന്നിവയെയും ബാധിച്ചു. കാഴ്ച മൂടുന്നതിനാല്‍ ശനിയാഴ്ച ഉച്ചയ്ക്കു ശേഷം ശ്രീനഗര്‍ വിമാനത്താവളത്തില്‍നിന്നുമുള്ള എല്ലാ ഫ്‌ളൈറ്റുകളും സര്‍വീസ് നിറുത്തിവയ്ക്കാന്‍ നിര്‍ബന്ധിതരായി. നിരവധി ആപ്പിള്‍ തോട്ടങ്ങള്‍ മഞ്ഞുപാളികള്‍ കൊണ്ട് മൂടപ്പെട്ട നിലയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ ജവഹര്‍ ടണലിനു സമീപമുണ്ടായ മഞ്ഞുവീഴ്ചയെ തുടര്‍ന്നു കുടുങ്ങിപ്പോയ സുരക്ഷാ ഉദ്യോഗസ്ഥരെ ഉള്‍പ്പെടെയുള്ള 300-ാളം യാത്രക്കാരെ ശനിയാഴ്ട രക്ഷപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.ശനിയാഴ്ച രാത്രി രജൗറി ജില്ലയില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ഒന്‍പതു വയസുകാരി കൊല്ലപ്പെട്ടു. നാടോടി കുടുംബത്തിലെ മൂന്നു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. റംബാന്‍, ബനിഹാല്‍ മേഖലകളിലെ വിവിധ സ്ഥലങ്ങളില്‍ മണ്ണിടിച്ചിലുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഇവിടെ കുടുങ്ങിപ്പോയവര്‍ക്കു ജമ്മു ഭാഗത്തേയ്ക്കു സഞ്ചരിക്കാനും സാധിക്കുന്നില്ല. സര്‍ക്കാര്‍ മുന്‍കരുതലെടുക്കാത്തതിനാല്‍ കനത്ത മഞ്ഞുവീഴ്ചയില്‍ ദുരിതമനുഭവിക്കുകയാണെന്നു ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ആരോപിച്ചു. 2009-നു ശേഷം ആദ്യമായിട്ടാണു കശ്മീര്‍ താഴ്‌വരയില്‍ നവംബര്‍ മാസം മഞ്ഞുവീഴ്ചയുണ്ടാകുന്നത്.

Comments

comments

Categories: Current Affairs
Tags: Kashmir