തൊഴില്‍ സൃഷ്ടിയെക്കുറിച്ച് സംതൃപ്തിയോ അസംതൃപ്തിയോ ഇല്ല: അരവിന്ദ് പനഗരിയ

തൊഴില്‍ സൃഷ്ടിയെക്കുറിച്ച് സംതൃപ്തിയോ അസംതൃപ്തിയോ ഇല്ല: അരവിന്ദ് പനഗരിയ

രാജ്യത്തെ തൊഴില്‍ സൃഷ്ടി കൃത്യമായി കണക്കാക്കാന്‍ ഭവന സര്‍വേ ആവശ്യമാണ്; ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വളരെ ശക്തം

ന്യൂഡെല്‍ഹി: രാജ്യത്തെ തൊഴില്‍ സൃഷ്ടിയില്‍ താന്‍ സന്തുഷ്ടനാണെന്ന് പറഞ്ഞാല്‍ അത് കള്ളമായിപ്പോകുമെന്നും എന്നാല്‍ അസന്തുഷ്ടനാണെന്ന് വെളിപ്പെടുത്തിയാല്‍ അത് അടിസ്ഥാനമില്ലാത്ത അഭിപ്രായ പ്രകടനമായിപ്പോകുമെന്നും വ്യക്തമാക്കി പ്രമുഖ സാമ്പത്തിക വിദഗ്ധനും നിതി ആയോഗ് മുന്‍ വൈസ് ചെയര്‍മാനുമായ അരവിന്ദ് പനഗരിയ. രാജ്യത്തെ തൊഴില്‍ സൃഷ്ടി കൃത്യമായി കണക്കാക്കാന്‍ ഭവന സര്‍വേ ആവശ്യമാണെന്നും ഇത്തരത്തിലൊരു സര്‍വേ ഇതുവരെ നടത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

”തൊഴില്‍ സൃഷ്ടി കൃത്യമായി കണക്കാക്കാന്‍ ഭവന സര്‍വേ ആവശ്യമാണ്. സംരംഭങ്ങളുമായി ബന്ധപ്പെട്ട സര്‍വേ നടത്തിയാല്‍ സമ്പദ് വ്യവസ്ഥയുടെ ഒരു ഭാഗത്തെ മാത്രം അഭിസംബോധന ചെയ്യാനേ നമുക്ക് സാധിക്കൂ. സമ്പദ് വ്യവസ്ഥയുടെ മറുപുറം കണക്കാക്കപ്പെടാതെ പോകും. മൊത്തം തൊഴില്‍ വളര്‍ച്ച കണക്കാക്കാന്‍ ഇവിടെ ഒരു സര്‍വെയും നടത്തപ്പെടുന്നില്ല. 2011 ല്‍ നടത്തിയതു പോലെ പൂര്‍ണ തോതിലുള്ള ഭവന സര്‍വേ നടത്തണം. അതുകൊണ്ടുതന്നെ നിലവിലെ തൊഴില്‍ സൃഷ്ടിയില്‍ താന്‍ സന്തുഷ്ടനാണെന്ന് പറഞ്ഞാല്‍ അത് കള്ളമായിപ്പോകും. എന്നാല്‍ അസന്തുഷ്ടനാണെന്ന് വെളിപ്പെടുത്തിയാല്‍ അതൊരു അടിസ്ഥാനമില്ലാത്ത അഭിപ്രായ പ്രകടനവുമാകും,” അദ്ദേഹം വിശദമാക്കി.

രാജ്യത്തെ വളര്‍ച്ചാ സാഹചര്യത്തെ കുറിച്ചും വര്‍ധിച്ച എണ്ണ വില സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വളരെ ശക്തമാണെന്നും എല്ലാ അടിസ്ഥാനഘടകങ്ങളും ഇവിടെയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ”ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനഘടകങ്ങളിലൂടെ കണ്ണോടിക്കുക. ഇവിടെ പണപ്പെരുപ്പം കുറവാണ്. കഴിഞ്ഞ നാലു വര്‍ഷത്തെ വാര്‍ഷിക ജിഡിപി വളര്‍ച്ച ശരാശരി 7.3 ശതമാനമാണ്. കഴിഞ്ഞ നാല് പാദങ്ങളിലും വളര്‍ച്ച വര്‍ധിച്ചിട്ടുണ്ട്. 2018 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇത് 8.2 ശതമാനമായിരുന്നു,” അദ്ദേഹം ചൂണ്ടിക്കാട്ടി.

എണ്ണ വില വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്നും എന്നാല്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യയെപ്പോലുള്ള ഒരു സമ്പദ് വ്യവസ്ഥയ്ക്ക് ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ”നമ്മുടെ ഇറക്കുമതി ചെലവ് തീര്‍ച്ചയായും ഇതുവഴി വര്‍ധിക്കും. എന്നാല്‍ രൂപയുടെ മൂല്യം ഇടിയുന്നതിനാല്‍ കയറ്റുമതി രംഗത്ത് നമുക്ക് മെച്ചപ്പെട്ട പ്രതികരണമുണ്ടാക്കാം. രൂപയുടെ മൂല്യം കുറയുകയും ഇറക്കുമതി ചെലവേറിയതാകുകയും ചെയ്യുമ്പോള്‍, ചില ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി കുറയാന്‍ സാധ്യതയുണ്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഡോളറിന് 74 രൂപ എന്ന തോതില്‍ രൂപയുടെ മൂല്യമിടിയുന്നത് അഭികാമ്യമല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ”എന്നാല്‍ ഇത് സര്‍ക്കാരിന്റെ കൈകളിലല്ല, ഇതിന്റെ ഉത്ഭവം രാജ്യത്തിന്റെ പുറത്തു നിന്നാണ്, യുഎസില്‍ പലിശ നിരക്ക് ഉയരുന്നതാണ് രൂപയുടെ മൂല്യച്യൂതിക്ക് കാരണം,” അദ്ദേഹം വ്യക്തമാക്കി.

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിലും മികച്ച മുന്നേറ്റമാണ് ഇന്ത്യ നടത്തിയതെന്ന് അദ്ദേഹം വിലയിരുത്തി. കഴിഞ്ഞ വര്‍ഷം 33 സ്ഥാനങ്ങള്‍ മുന്നേറിയ ഇന്ത്യ ഈ വര്‍ഷം 23 സ്ഥാനങ്ങള്‍ കൂടി മെച്ചപ്പെടുത്തിയെന്നും ഇത് അഭൂതപൂര്‍വമായ നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമ്പദ് വ്യവസ്ഥയിലുണ്ടായിക്കൊണ്ടിരിക്കുന്ന പുരോഗതിയുടെയും പരിഷ്‌കാരങ്ങള്‍ ക്രമേണ നടപ്പിലാക്കപ്പെടുന്നതിന്റെയും സൂചനയാണിതെന്നും പനഗരിയ പറഞ്ഞു. ”നമ്മുടെ റാങ്ക് 142 ആയിരുന്നപ്പോള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ 50ാം റാങ്ക് എന്ന ലക്ഷ്യം അയഥാര്‍ത്ഥ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ 70 കളില്‍ എത്തി നില്‍ക്കുമ്പോള്‍ ഇത് എത്തിപ്പിടിക്കാവുന്നതേയുള്ളു,” അദ്ദേഹം വ്യക്തമാക്കി. മൂന്നു വര്‍ഷത്തിനുള്ളില്‍ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗ് 50 ല്‍ എത്തിക്കുമെന്ന് 2014 ല്‍ അധികാരത്തിലെത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.

കേന്ദ്ര സര്‍ക്കാര്‍-റിസര്‍വ് ബാങ്ക് ഏറ്റുമുട്ടലിനെ കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല. ‘ആര്‍ബിഐക്കും സര്‍ക്കാരിനുമിടയില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും നാം കാത്തിരിക്കേണ്ടതുണ്ട’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK News