മണ്ണില്ല, കീടാനാശിനി വേണ്ട, കൃഷിയില്‍ നൂറുമേനി കൊയ്യാം

മണ്ണില്ല, കീടാനാശിനി വേണ്ട, കൃഷിയില്‍ നൂറുമേനി കൊയ്യാം

സ്വന്തം പരീക്ഷണങ്ങളിലൂടെ ഹൈഡ്രോപോണിക്‌സ് കൃഷിയില്‍ പ്രാഗല്‍ഭ്യം തെളിയിച്ച വ്യക്തിയാണ് രുദ്രരൂപ്. ഇല വര്‍ഗത്തില്‍ പെട്ട പച്ചക്കറികളും ഔഷധസസ്യങ്ങളും മണ്ണിന്റെ സാന്നിധ്യമില്ലാതെ കൃഷിചെയ്യുന്നതോടൊപ്പം ഹൈഡ്രോപോണിക്‌സില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് മികച്ച പരിശീലനം നേടാന്‍ മേക്കേഴ്‌സ് ക്ലബ് എന്ന പേരില്‍ ഒരു സംരംഭവും അദ്ദേഹം നടത്തിവരുന്നു

മണ്ണില്ലാതെയുള്ള കൃഷിരീതിയാണ് ഹൈഡ്രോപോണിക്‌സ് എന്ന പേരില്‍ അറിയപ്പെടുന്നത്. ഹൈഡ്രോപോണിക്‌സില്‍ തന്നെ വ്യത്യസ്ത പരീക്ഷണങ്ങള്‍ നടത്തുന്ന കര്‍ഷകനാണ് രുദ്രരൂപ്. അടുക്കളയിലേക്കു വേണ്ട എല്ലാ പച്ചക്കറികളും വീട്ടില്‍ തന്നെയുണ്ടാക്കുന്നതിനു വേണ്ടി മാത്രമല്ല അദ്ദേഹം കൃഷി ചെയ്യുന്നത്. ഈ കൃഷി ഒരു ഹരമാണ്, പരീക്ഷണങ്ങളാണ് ഏറെയും. ഇല വര്‍ഗത്തിലുള്ള പച്ചക്കറികളും ഔഷധസസ്യങ്ങളുമാണ് രുദ്രരൂപ് ഏറെയും കൃഷി ചെയ്യുന്നത്. ചീര, മല്ലിയില, ഉലുവയില എന്നിവ മുതല്‍ തക്കാളി വരെ രുദ്രരൂപ് മണ്ണിന്റെ സഹായമില്ലാതെ കൃഷി ചെയ്‌തെടുക്കുന്നുണ്ട്.

രുദ്രരൂപിന്റെ അടുക്കളത്തോട്ടത്തെ ഒരു ഗ്രീന്‍ ലാബ് എന്നു വിശേഷിപ്പിക്കുന്നതാവും നല്ലത്. കൃഷിയിലെ പരീക്ഷണങ്ങള്‍ മാത്രമല്ല, മറിച്ച് സസ്യങ്ങള്‍ക്കാവശ്യമായ ന്യുട്രിയന്റുകളായ, പൊട്ടാസ്യം, ഫോസ്ഫറസ്, നൈട്രജന്‍ എന്നിവയുടെ നിര്‍മാണവും ഈ ലാബില്‍ നടക്കുന്നുണ്ട്.

എട്ടാം ക്ലാസില്‍ തുടങ്ങിയ കൃഷി പരിചയം

വളരെ ചെറുപ്പകാലം മുതല്‍ ഹൈഡ്രോപോണിക്‌സ് കൃഷികള്‍ പരിചയിച്ചു തുടങ്ങിയതാണ് രുദ്രരൂപ്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മെക്കാനിക്കല്‍ എന്‍ജിനീയറായ പിതാവ് ഹൈഡ്രോപോണിക്‌സിനെ കുറിച്ചുള്ള ഒരു പുസ്തകം ലൈബ്രറിയില്‍ നിന്നും നല്‍കിയതോടെയാണ് ഈ കൃഷിയെ കുറിച്ച് അറിയാനിടയായത്. അതോടെ ആ കൊച്ചുബാലനില്‍ കൃഷിയുടെ പുതുലോകം തുറക്കപ്പെട്ടു. ചെറിയ മണ്‍ചട്ടികളില്‍ ന്യുട്രിയന്റുകള്‍ തയാറാക്കി അച്ഛനും മകനും ചേര്‍ന്ന് തുടങ്ങിയ കൃഷി പാഠങ്ങളാണ് പില്‍ക്കാലത്ത് രുദ്രരൂപിന് മുതല്‍ക്കൂട്ടായത്. പിന്നീട് സ്‌കൂള്‍ പഠനം കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മാറിയതോടെ കൃഷിയുമായുള്ള ബന്ധം പാടെ ഇല്ലാതായി. ഇന്ന് 41 വയസായ രുദ്രരൂപ് പൂനെയില്‍ ഐടി പ്രൊഫഷണലായി ജോലി ചെയ്തുവരികയാണ്. ഐടി ജോലിക്കൊപ്പം ഹൈഡ്രോപോണിക്‌സ് വിദ്യ മറ്റുള്ളവരെ പഠിപ്പിക്കാനും അദ്ദേഹം മുന്‍കൈയെടുക്കുന്നുണ്ട്.

ഹൈഡ്രോപോണിക്‌സില്‍ അനവധി പരീക്ഷങ്ങള്‍

മണ്ണില്ലാതെ, വെള്ളവും ന്യുട്രിയന്റും മാത്രം ഉപയോഗിച്ചുള്ള കൃഷിയില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തിയ രുദ്രരൂപ് വരും തലമുറയ്ക്ക് ഏറ്റവും മികച്ച കൃഷിരീതിയാകുമിതെന്നും അഭിപ്രായപ്പെടുന്നു. പരമ്പരാഗത രീതിയിലെ മണ്ണിലുള്ള കൃഷിയേക്കാള്‍ വളരെയധികം പ്രയോജനമുള്ള ഒന്നാണ് ഹൈഡ്രോപോണിക്‌സ്. സ്വന്തമായി ഭൂമി ആവശ്യമില്ല ഈ കൃഷിക്ക് എന്നതാണ് പ്രധാന സവിശേഷത. നഗരങ്ങളില്‍ സ്ഥലപരിമിതിയുള്ളവര്‍ക്ക് ഏറെ യോജിക്കുകയും ചെയ്യും. വീടിന്റെ ബാല്‍ക്കണിയിലോ ജനലിലോ പ്ലാസ്റ്റിക് കുപ്പികളിലോ മണ്‍ ചട്ടികളിലോ പ്ലാസ്റ്റിക് പൈപ്പുകളിലോ ഈ കൃഷി പരീക്ഷിക്കാവുന്നതാണ്.

മണ്ണിന്റെ സാന്നിധ്യമില്ലാത്തതിനാല്‍ മണ്ണില്‍ നിന്നും ചെടികളിലേക്ക് പടരുന്ന രോഗങ്ങളെയും ഭയപ്പെടേണ്ടതില്ല. അതുകൊണ്ടുതന്നെ കീടനാശിനികളുടെ ആവശ്യവുമില്ലെന്ന് രുദ്രരൂപ് പറയുന്നു. മണ്ണിലെ കൃഷികള്‍ക്കാവശ്യമുള്ളത്ര പരിചരണമോ സമയനഷ്ടമോ പരിശ്രമങ്ങളോ ഇവിടെ ആവശ്യമില്ല. മാത്രവുമല്ല വെള്ളവും ന്യുട്രിയന്റുകളും ആഴ്ചയില്‍ ഒരു ദിവസം മാത്രം നല്‍കിയാല്‍ മതിയാകും. ഇതിനെല്ലാം പുറമെ വെള്ളം വളരെ കുറവ് മാത്രം ഉപയോഗിക്കേണ്ടി വരുന്ന കൃഷിരീതി കൂടിയാണിത്. മറ്റു കൃഷിരീതികളില്‍ നിന്നും വ്യത്യസ്മായി ഇരുപതിലൊന്ന് അളവ് വെള്ളം മാത്രം മതി ഈ കൃഷിക്ക്.

എച്ച്ആര്‍ പ്രൊഫഷണലായ ഭാര്യയ്‌ക്കൊപ്പം ചേര്‍ന്ന് രണ്ടരവര്‍ഷം മുമ്പ് മേക്കേഴ്‌സ് ക്ലബ് എന്ന പേരില്‍ ഒരു സ്ഥാപനത്തിന് രുദ്രരൂപ് രൂപം നല്‍കി. ഈ പ്ലാറ്റ്‌ഫോമിനു കീഴില്‍ വിവിധ ഹൈഡ്രോപോണിക്‌സ് കര്‍ഷകര്‍ക്ക് കൃഷിയില്‍ താല്‍പ്പര്യമുള്ളവര്‍ക്കായി അനുഭവങ്ങള്‍ പങ്കുവെക്കാനും പരിശീലനം നല്‍കാനും കഴിയും. ഹൈഡ്രോപോണിക്‌സ് കൃഷിയേക്കുറിച്ച് ആളുകള്‍ക്കിടയില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് മേക്കേഴ്‌സ് ക്ലബിന് രൂപം നല്‍കിയിരിക്കുന്നത്.

”എനിക്ക് സ്വന്തമായി കൃഷിയിടമില്ല. വീടിന്റെ ജനാലകള്‍ക്കരികിലും ബാല്‍ക്കണിയിലുമാണ് എന്റെ കൃഷി പരിശീലനങ്ങള്‍. വീട്ടിലേക്കുള്ള എല്ലാ പച്ചക്കറികളും കൃഷി ചെയ്യുന്നതിലല്ല, ഹൈഡ്രോപോണിക്‌സിലൂടെ ഏതെല്ലാം പച്ചക്കറികള്‍ വെച്ചുപിടിപ്പിക്കാമെന്നതിലാണ് പരീക്ഷണം. എന്നാല്‍ ഇതിനോടകം വീട്ടിലേക്ക് അത്യാവശ്യം വേണ്ട പച്ചക്കറികള്‍ നട്ടുവളര്‍ത്താന്‍ എനിക്ക് കഴിഞ്ഞിരിക്കുന്നു, ” രുദ്രരൂപ് പറയുന്നു. പഴയ ച്യവനപ്രാശം ബോട്ടിലുകള്‍, പിഇറ്റി ബോട്ടിലുകള്‍, ഹോട്ടലുകളിലും മറ്റും ഭക്ഷണം പായ്ക്ക് ചെയ്തു നല്‍കുന്ന ഡബ്ബകള്‍ എന്നിവയെല്ലാം പച്ചക്കറികളും ഔഷധസസ്യങ്ങളും നട്ടുവളര്‍ത്താനായി ഈ കര്‍ഷകന്‍ ഉപയോഗിക്കുന്നുണ്ട്. ചീര, മല്ലിയില, പൊതിനയില, തുളസി, ഉലുവ, മുളക്, തക്കാളി തുടങ്ങിയവ രുദ്രരൂപിന്റെ ബാല്‍ക്കണിയില്‍ തഴച്ചു വളരുന്നുണ്ട്.

കുട്ടിക്കാലത്ത് ഹൈഡ്രോപോണിക്‌സ് പുസ്തകത്തിലൂടെയും കൃഷി ചെയ്തും പഠിച്ച പാഠങ്ങള്‍, പിന്നീടുള്ള സ്വയം പരീക്ഷണങ്ങള്‍, ഇതൊക്കയാണ് രുദ്രരൂപിനെ ഹൈഡ്രോപോണിക്‌സ് കൃഷിയില്‍ മാസ്റ്ററാക്കി മാറ്റിയത്. ”കൃഷിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചപ്പോഴെക്കെയും പരിശീലന കേന്ദ്രങ്ങളുടെ അഭാവം വിലങ്ങുതടിയായി. അതോടെയാണ് ഞാന്‍ സ്വയം പഠിക്കാനും പരീക്ഷണത്തിനുമായി ഇറങ്ങിത്തിരിച്ചത്. ജോലിക്കിടെ ആറുമാസം ഗവേഷണങ്ങള്‍ക്കും പുതിയ കണ്ടുപിടിത്തങ്ങള്‍ക്കുമായി മാറ്റിവെച്ചാണ് ഹൈഡ്രോപോണിക്‌സിനെ കുറിച്ച് പഠിച്ചെടുത്തത്,” രുദ്രരൂപ് പറയുന്നു.

കൃഷിക്കു പുറമെ വളം നിര്‍മിക്കാനും വ്യത്യസ്തതരത്തില്‍ പെട്ട വിത്തിനങ്ങള്‍ വികസിപ്പിക്കുന്നതിലും രുദ്രരൂപ് വിജയിച്ചു കഴിഞ്ഞു. മേക്കേഴ്‌സ് ക്ലബിന്റെ തുടക്കത്തില്‍ പരിശീലനം നേടാനെത്തിയത് വെറും പന്ത്രണ്ട് പേര്‍ മാത്രമായിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള പരിശീലനങ്ങളില്‍ എണ്ണം ഇരട്ടിച്ചതായും രൂദ്രരൂപ് ചൂണ്ടിക്കാട്ടി.

Comments

comments

Categories: FK Special