2019 ഹോണ്ട സിവിക് ഇന്ത്യയില്‍ അസംബിള്‍ ചെയ്യും

2019 ഹോണ്ട സിവിക് ഇന്ത്യയില്‍ അസംബിള്‍ ചെയ്യും

2019 മോഡല്‍ സിവിക് 68 ശതമാനം പ്രാദേശികമായിരിക്കും

ന്യൂഡെല്‍ഹി : 2019 മോഡല്‍ ഹോണ്ട സിവിക് ഇന്ത്യയില്‍ അസംബിള്‍ ചെയ്യുമെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ. പ്രാദേശികമായി നിര്‍മ്മിച്ച ഉല്‍പ്പന്നം എന്ന നിലയിലായിരിക്കും 2019 ഫെബ്രുവരിയില്‍ വാഹനം വിപണിയിലെത്തിക്കുന്നത്. സികെഡി (കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍) കിറ്റുകള്‍ ഉപയോഗിച്ച് ഗ്രേറ്റര്‍ നോയ്ഡയിലെ പ്ലാന്റില്‍ മിഡ്‌സൈസ് സെഡാന്റെ വാഹനഘടകങ്ങളും പാര്‍ട്‌സുകളും കൂട്ടിയോജിപ്പിക്കും. 2019 മോഡല്‍ സിവിക് 68 ശതമാനം പ്രാദേശികമായിരിക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. സിആര്‍-വിയുടെ കാര്യത്തില്‍ ഇത് 65 ശതമാനം മാത്രമാണ്. സിവിക് കൂടുതല്‍ പ്രാദേശികമാകുന്തോറും മല്‍സരാധിഷ്ഠിതമായി വില നിശ്ചയിക്കാന്‍ ഹോണ്ടയ്ക്ക് കഴിയും.

ഇന്ത്യയില്‍ പുതു വര്‍ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ലോഞ്ചുകളിലൊന്നാണ് പത്താം തലമുറ ഹോണ്ട സിവിക്. ഇന്ത്യാ-സ്‌പെക് മോഡല്‍ സംബന്ധിച്ച് പ്രതീക്ഷകള്‍ ഏറെയാണ്. ഈയിടെ വിപണിയിലെത്തിച്ച 2018 ഹോണ്ട സിആര്‍-വി നിര്‍മ്മിച്ച അതേ അസംബ്ലി ലൈനിലായിരിക്കും പുതിയ സിവിക് അസംബിള്‍ ചെയ്യുന്നത്. പുതിയ മോഡലുകള്‍ കണക്കിലെടുത്ത് 2018 ഹോണ്ട സിആര്‍-വി യുടെ ഉല്‍പ്പാദനം ആരംഭിക്കുന്നതിനുമുമ്പ് ഗ്രേറ്റര്‍ നോയ്ഡയിലെ ഫസിലിറ്റി വിപുലീകരിച്ചതായി ഹോണ്ട വക്താവ് അറിയിച്ചു. ഗ്രേറ്റര്‍ നോയ്ഡയിലെയും രാജസ്ഥാനിലെ തപുക്കരയിലെയും പ്ലാന്റുകളിലെ അസംബ്ലി ലൈനുകള്‍ ഫ്‌ളെക്‌സിബിള്‍ ആണെന്നും ഇവയില്‍ ഒന്നിലധികം മോഡലുകള്‍ നിര്‍മ്മിക്കാമെന്നും വക്താവ് വ്യക്തമാക്കി.

സിആര്‍-വിയുടെ അതേ ഡ്രൈവ്‌ട്രെയ്‌നുകളാണ് സിവിക്കില്‍ നല്‍കുന്നത്. പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ പ്രതീക്ഷിക്കാം. പുതിയ സിആര്‍-വി യിലൂടെ ഇന്ത്യയില്‍ അരങ്ങേറിയ 1.6 ലിറ്റര്‍ എര്‍ത്ത് ഡ്രീംസാണ് ഡീസല്‍ എന്‍ജിന്‍. ഗ്രേറ്റര്‍ നോയ്ഡയിലെ പ്ലാന്റിലാണ് ഈ മോട്ടോര്‍ നിര്‍മ്മിച്ചത്. 4,000 ആര്‍പിഎമ്മില്‍ 118 ബിഎച്ച്പി കരുത്തും 2,000 ആര്‍പിഎമ്മില്‍ 300 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നത്. 2.0 ലിറ്റര്‍ പെട്രോള്‍ ഐ-വിടെക് എന്‍ജിനായിരിക്കും പെട്രോള്‍ വേരിയന്റ് മിക്കവാറും ഉപയോഗിക്കുന്നത്. 6,500 ആര്‍പിഎമ്മില്‍ 152 ബിഎച്ച്പി കരുത്തും 4,300 ആര്‍പിഎമ്മില്‍ 189 എന്‍എം പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കും. സ്റ്റാന്‍ഡേഡായി സിവിടി ഗിയര്‍ബോക്‌സ് ചേര്‍ത്തുവെയ്ക്കും. മാന്വല്‍ ഓപ്ഷനില്‍ സിവിക് ലഭിക്കുമോയെന്ന് വ്യക്തമല്ല.

Comments

comments

Categories: Auto