ഇ- കാറുകളിലേക്ക് ഇനിയെത്ര ദൂരം?

ഇ- കാറുകളിലേക്ക് ഇനിയെത്ര ദൂരം?

അവകാശപ്പെടുന്നത്ര മൈലേജ് ലഭിക്കുന്നില്ല എന്ന് പ്രമുഖ കമ്പനികളുടെ കാറുകളുടെ പരീക്ഷണ ഓട്ടത്തില്‍ തെളിഞ്ഞ സാഹചര്യത്തില്‍ ഇ- കാര്‍ വിപണിയില്‍ ആശങ്ക

 

ഇലക്ട്രിക് കാറുകള്‍ക്ക് ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന കാറുകളുടെയത്ര മൈലേജ് ലഭിക്കുമോ എന്നത് തുടക്കം മുതലേയുള്ള സംശയമാണ്. എങ്കിലും ആധുനിക സാങ്കേതികസൗകര്യങ്ങളുടെ സഹായത്തോടെ ഈ പ്രശ്‌നം പരിഹരിക്കാമെന്നാണ് പ്രമുഖ ഇ- കാര്‍ നിര്‍മാതാക്കളുടെ വിശ്വാസം. ഒരു ഇ- വാഹനത്തില്‍ എത്ര ദൂരം താണ്ടാന്‍ കഴിയുമെന്നതിന് ഉത്തരം കണ്ടെത്താന്‍ നടത്തിയ ടെസ്റ്റ് ഡ്രൈവുകള്‍ ടെസ്‌ല, ഹുണ്ടായ് തുടങ്ങിയ വമ്പന്മാരുടെ അവകാശവാദങ്ങളുടെ മുനയൊടിച്ചതോടെ ഈ രംഗത്തെ കമ്പനികളുടെ വിശ്വാസ്യതയ്ക്കാണ് ഇടിവേറ്റത്. വൈദ്യുതി ചാര്‍ജ് ചെയ്ത ശേഷം ഒറ്റത്തവണ എത്ര ദൂരം ഇ- കാര്‍ ഓടിക്കാനാകും എന്നായിരുന്നു പരീക്ഷിച്ചത്. വാഹന നിര്‍മാതാക്കളുടെ അവകാശവാദങ്ങളില്‍ സംശയാലുക്കളായ ഉപയോക്താക്കളുടെ ചോദ്യമായിരുന്നു ഇത്. ഇക്കാര്യം പരീക്ഷിച്ചപ്പോള്‍ പല കാറുകളും ഓടിയത് അവകാശപ്പെട്ടതില്‍ നിന്നു 100 മൈല്‍ കുറവായിരുന്നു.

ബ്രിട്ടണിലെ പന്ത്രണ്ടോളം ഇ-കാര്‍ മോഡലുകളുടെ നിരത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. വാട്ട് കാര്‍ എന്ന ഓട്ടോ മാഗസിനാണ് പരീക്ഷണം സംഘടിപ്പിച്ചത്. പെട്രോള്‍, ഡീസല്‍, ഹൈബ്രിഡ് യന്ത്രങ്ങള്‍ എന്നിവയുടെ ഇന്ധനക്ഷമത പരിശോധിക്കാനുള്ള എംപിജി ടെസ്റ്റ് നടത്തിയ ശേഷമാണ് കാര്‍ നിര്‍മാതാക്കളുടെ അവകാശവാദം തെറ്റെന്നു സ്ഥിരീകരിച്ചത്. ഈ പരീക്ഷണത്തില്‍ ആളുകള്‍ യഥാര്‍ഥത്തില്‍ ഡ്രൈവ് ചെയ്യുന്ന പ്രതീതിയാണ് ഉണ്ടാകുക. വിവിധ മോഡലുകളുടെ ശ്രേണികളെ നേരിട്ട് താരതമ്യം ചെയ്യാനും ഇത് സഹായിക്കും. ഇതിനു പുറമെ ഒരു തവണ വാഹനം ഫുള്‍ചാര്‍ജ് ചെയ്യാന്‍ എന്തു ചെലവു വരുമെന്നും വിവിധ കാറുകള്‍ക്ക് എന്തുമാത്രം ഇന്ധനക്ഷമത കിട്ടുമെന്നും ഇതിലൂടെ മനസിലാക്കാന്‍ സാധിക്കും. ഇ- കാര്‍ വാഹനം വാങ്ങുന്നവര്‍ക്ക് വലിയൊരു മാര്‍ഗദര്‍ശിയാണിത്.
ഇപ്പോള്‍ പരീക്ഷിച്ച 12 കാറുകള്‍ക്കു പുറമെ ഭാവിയില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങളും പരീക്ഷണം നടത്താനാണ് മാസികയുടെ തീരുമാനം.

പരീക്ഷണത്തില്‍ നിലവില്‍ 259 മൈല്‍ ഇന്ധനക്ഷമതയുള്ള ഹുണ്ടായ് കോണയാണ് പട്ടികയില്‍ ഒന്നാമത്, കമ്പനി അവകാശപ്പെടുന്നത് 292 മൈലാണ്. തൊട്ടു പിന്നില്‍ 253 മൈല്‍ ഇന്ധനക്ഷമതയോടെ ജാഗ്വാര്‍ ഐ-പേസ് നിലയുറപ്പിക്കുന്നു. കമ്പനി ഇതിനും അവകാശപ്പെടുന്നത് 292 മൈല്‍ തന്നെ. 301 മൈലിന് അവകാശവാദം ഉന്നയിക്കുന്ന കിയ ഇ-നിറോയുടെയും യഥാര്‍ത്ഥ മൈലേജ് 253 മൈലാണ്. ലണ്ടന്‍ മുതല്‍ സ്‌നോഡെനിയ വരെയുള്ള ദൂരപരിധിയിലാണ് പരീക്ഷണം നടത്തിയത്. മൂന്നു വാഹനങ്ങളും കഷ്ടിച്ച് നിശ്ചിത ദൂരത്തിനാവശ്യമായ ഇന്ധനക്ഷമത പ്രദര്‍ശിപ്പിക്കുന്നു, എന്നാലിത് കാര്‍ നിര്‍മ്മാതാക്കള്‍ പ്രചരിപ്പിക്കുന്നതിനേക്കാള്‍ തീര്‍ച്ചയായും കുറവ് തന്നെ. സത്യത്തില്‍ മേല്‍പ്പറഞ്ഞ മൂന്നു മോഡലുകളും കമ്പനികളുടെ ഏറ്റവും മികച്ച സൃഷ്ടികളാണ്. കമ്പനികളുടെ പരസ്യത്തില്‍ ഇവയാണ് താരങ്ങള്‍. എന്നാല്‍ കമ്പനികള്‍ അവകാശപ്പെടുന്ന ഇന്ധനക്ഷമതയില്‍ നിന്ന് വളരെ കാതം പിന്നിലാണ് ഇവയുടെ യഥാര്‍ത്ഥ മൈലേജ് എന്നതിനാല്‍ ഉപയോക്താക്കള്‍ക്കിടയില്‍ കമ്പനിയുടെ വിശ്വാസ്യതയ്ക്കു മങ്ങലേല്‍ക്കുന്നു.

തങ്ങളുടെ എസ്‌യുവിയായ ഐ-പേസിന്റെ മൈലേജ് ഏകദേശം 250 മൈലായിരിക്കുമെന്ന് ജാഗ്വാര്‍ സെപ്റ്റംബറില്‍ത്തന്നെ സൂചിപ്പിച്ചിരുന്നു. യൂറോപ്പിലെ പരീക്ഷണ ഓട്ടത്തിനു ശേഷമാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. കമ്പനി നല്‍കുന്ന കണക്കനുസരിച്ച് 252 മൈല്‍ ആണ് ഇന്ധനക്ഷമത. അവകാശപ്പെട്ടതിനേക്കാള്‍ 40 മൈല്‍ കുറവ്. 70,100 പൗണ്ട് വില വരുന്ന ടെസ്‌ല മോഡല്‍ എസ് 75 ഡിയ്ക്ക് കമ്പനി അവകാശപ്പെട്ട ഇന്ധനക്ഷമത 304 മൈലായിരുന്നെങ്കിലും യഥാര്‍ത്ഥത്തില്‍ 204 മൈല്‍ മാത്രമാണ് ലഭിച്ചത്. ഒരു തവണ ഫുള്‍ ചാര്‍ജ് ചെയ്താല്‍ ദീര്‍ഘ ദൂര ഓട്ടം സാധ്യമാക്കുന്നതില്‍ നാലാംസ്ഥാനം കൈവരിക്കുന്ന ഇ- കാര്‍ എന്ന കമ്പനി പരസ്യം തെറ്റാണെന്ന് സ്ഥാപിക്കപ്പെടുകയാണിവിടെ. മുന്‍കാലം എന്‍ഇഡിസി ടെസ്റ്റ് പ്രകാരമാണ് കമ്പനി മൈലേജ് അവകാശപ്പെട്ടിരുന്നത്. എന്നാല്‍ പുതിയ ഡബ്ല്യുഎല്‍ടിപി മാനദണ്ഡമനുസരിച്ചാണ് വാട് കാര്‍ പരീക്ഷണങ്ങള്‍ നടത്തിയത്. ഇതാണ് കൂടുതല്‍ യാഥാര്‍ത്ഥ്യത്തോട് അടുത്തു നില്‍ക്കുന്നതായി കണക്കാക്കപ്പെടുന്നത്. എന്നാല്‍, ടെസ്‌ല ഇപ്പോഴും തങ്ങളുടെ കാറിന് 304 മൈല്‍ ഇന്ധനക്ഷമതയുണ്ടന്ന് നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്.

ഡബ്ല്യുഎല്‍ടിപി ടെസ്റ്റിനെയാണ് മാനിക്കേണ്ടതെന്ന് മാഗസിന്‍ എഡിറ്റര്‍ സ്റ്റീവ് ഹണ്ടിങ്‌ഫോര്‍ഡ് പറയുന്നു. തങ്ങളുടെ ഇന്ധനക്ഷമതാപരീക്ഷണമാണ് കൂടുതല്‍ ആധികാരിവും കാറിനു വേണ്ടിവരുന്ന ചെലവ് യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചുരുക്കാനാകുമെന്നു വ്യക്തമാക്കുന്നതെന്നും അദ്ദേഹം വാദിക്കുന്നു. എന്നാല്‍, ഇ- കാറുകള്‍ക്കു മേലുള്ള ഉപയോക്താക്കളുടെ താല്‍പ്പര്യം വര്‍ധിച്ചതോടെ ഇവ വാങ്ങിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഇതേ സേവനം ലഭ്യമാക്കാന്‍ ഇപ്പോള്‍ അവസരമുണ്ട്. ഇ- കാറുകള്‍ വാങ്ങുന്നതിലുള്ള ജനങ്ങളുടെ പ്രധാന ആശങ്ക, ബാറ്ററി നിന്നു പോയാല്‍ വഴിയില്‍ കുടുങ്ങുമോ എന്നുള്ളതാണ്. ഈ ആശങ്കയ്ക്ക് കാറിന്റെ യഥാര്‍ത്ഥ മൈലേജ് വെളിപ്പെടുത്തുന്ന വാട് കാറിന്റെ സര്‍വേ പരിഹാരമാകുന്നു. തങ്ങളുടെ ആവശ്യത്തിന് അനുയോജ്യമായ ശരിയായ കാര്‍ തിരഞ്ഞെടുക്കുന്നതിന് ഇത് ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നു. ഈയൊരു കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ വലിയൊരു സേവനമാണ് മാഗസിന്‍ ചെയ്തത്.

കൂടെക്കൂടെ കാര്‍ വൈദ്യുതി ചാര്‍ജ് ചെയ്യേണ്ടി വരുമോ എന്നുള്ളതാണ് അടുത്ത ആശങ്ക. മിക്കവാറും പേര്‍ ഭയക്കുന്നത് കാര്‍ ഓടിച്ചില്ലെങ്കില്‍ പോലും വൈദ്യുതി ചാര്‍ജ് ചെയ്യേണ്ടി വരുന്നതിനെക്കുറിച്ചും അങ്ങനെ ഭീമമാകുന്ന വൈദ്യുതി ബില്ലിനെക്കുറിച്ചുമൊക്കെയാണ്. എന്നാല്‍ മൊബീല്‍ ഫോണ്‍ ഒക്കെ ചാര്‍ജ് ചെയ്യുന്നതു പോലെ കൂടെക്കൂടെ ഇലക്ട്രിക് കാര്‍ ചാര്‍ജ് ചെയ്യേണ്ടതില്ലെന്നാണ് പഠനത്തില്‍ വ്യക്തമാകുന്നത്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ ഒരു മുഴുവന്‍ ആഴ്ച കാര്‍ ഇടതടവില്ലാതെ ഓടിക്കാനാകും. 500 ഇ- കാര്‍ ഉപയോക്താക്കള്‍ക്കിടയില്‍ ഡ്രൈവിംഗ്ഇലക്ട്രിക് എന്ന വെബ്‌സൈറ്റ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വിശകലനം. ഒരാഴ്ച ശരാശരി വാഹനയുടമ ചെയ്യുന്ന യാത്രകളെപ്പറ്റി പഠനത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ ഇങ്ങനെ- വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം 89 മൈല്‍, ഷോപ്പിംഗിന് 82 മൈല്‍, സ്‌കൂളിലേക്കും തിരിച്ചും 24 മൈല്‍, ജോലിസ്ഥലത്തേക്ക് 70 മൈല്‍. അങ്ങനെ വരുമ്പോള്‍ ഒരാഴ്ചത്തെ യാത്രയ്ക്ക് വേണ്ടിവരുന്ന ശരാശരി ഇന്ധനക്ഷമത പുതിയ തലമുറ ഇലക്ട്രിക് കാറുകള്‍ക്ക് നിര്‍വ്വഹിക്കാനാകുന്നതേ ഉള്ളൂ.

ഇ-കാറുകളുടെ ശരാശരി മൈലേജ് 265 മൈല്‍ ആയിരിക്കുമെന്ന് അവകാശപ്പെടുമ്പോള്‍ത്തന്നെ, ഈ ദൂരം റീചാര്‍ജ് ചെയ്യാതെ, പൂര്‍ണമായി ഓടിക്കാന്‍ കഴിയില്ലെന്ന് പരീക്ഷണഫലങ്ങള്‍ കാണിക്കുന്നു. ഇ-കാറുകളിലേക്ക് കളം മാറ്റുന്നതിന് സാദാ കാര്‍ ഉപയോക്താക്കള്‍ക്കു മുമ്പിലുള്ള പ്രധാന തടസമായി ഈ പ്രശ്‌നം നിലനില്‍ക്കുന്നു. എന്നാല്‍, മൈലേജിനെ ഭൂരിഭാഗവും ഭയപ്പെടുന്നില്ലെന്നതാണു വസ്തുത. ആളുകള്‍ ആശങ്കപ്പെടുന്നതു പോലെ യാത്രക്കിടെ ഇടവിട്ടു ചാര്‍ജ് ചെയ്യേണ്ടതില്ലെന്നതാണു വാസ്തവമെന്ന് വാട് കാറിന്റെ സഹപത്രാധിപര്‍ വിക്കി പാരറ്റ് വ്യക്തമാക്കുന്നു. ഇലക്ട്രിക് കാറുകളെയും അവയുടെ മേന്മകളെയും കുറിച്ച് ഉപയോക്താക്കളുടെ തെറ്റിദ്ധാരണകള്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ആദ്യപഥികര്‍ക്ക് ഏതു രംഗത്തുമെന്നതു പോലെ ഇ-വാഹന രംഗത്തും പ്രത്യേക സ്ഥാനം കല്‍പ്പിക്കപ്പെടുന്നുവെന്നതൊരു വാസ്തവമാണ്. ഉദാഹരണത്തിന് ആദ്യമായി രംഗത്തു വന്ന നിസാന്‍ ലീഫ് പോലുള്ള ഇലക്ട്രിക് വാഹനങ്ങളും അവയുടെ കുറഞ്ഞ ഇന്ധനക്ഷമതയും ജനങ്ങളുടെ മനസ്സില്‍ ആഴ്ന്നിറങ്ങിയതാണ് തെറ്റിദ്ധാരണകള്‍ക്കു കാരണം. ആദ്യമിറങ്ങിയ നിസാന്‍ ലീഫിന്റെ ഇന്ധനക്ഷമത വെറും 124 മൈല്‍ മാത്രമായിരുന്നു. അതേസമയം ഇന്നത്തെ ലീഫ് 235 മൈല്‍ താണ്ടും.

ഇ- കാറുകള്‍ അന്തരീക്ഷമലിനീകരണം ഇല്ലാതാക്കുന്നുവെന്ന ബോധ്യം ഉള്ളപ്പോള്‍ത്തന്നെ ആരും ഇവ വാങ്ങാന്‍ മുന്നിട്ടിറങ്ങുകയോ താല്‍പര്യപ്പെടുകയോ ചെയ്യുന്നില്ല. ആരെങ്കിലും വാങ്ങിയ ശേഷം ലാഭകരമാണോ എന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം ഇ- കാറുകള്‍ വാങ്ങാമെന്നാണ് ഭൂരിഭാഗത്തിന്റെയും ചിന്ത. ചാര്‍ജ്ജിംഗ് പോയിന്റ് ഇല്ലാത്തതാണ് പലരും ചൂണ്ടിക്കാട്ടുന്ന പ്രശ്‌നം. ഇത്തരം അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പായ ശേഷം മതി ഇ- കാറുകളിലേക്ക് മാറുന്നതെന്ന് ആളുകള്‍ വിചാരിക്കുന്നതില്‍ തെറ്റു കാണാനാകില്ല. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി അതിജീവന പരിധി 200 മൈല്‍ കടക്കുകയും ഇലക്ട്രിക് കാറുകളുടെ വില യുഎസ്സില്‍ 30,000 ഡോളറായി കുറയുകയും ചെയ്യുമ്പോള്‍ ഇലക്ട്രിക് കാര്‍ വില്‍പ്പന അതിന്റെ ഉന്നതിയില്‍ എത്താന്‍ തുടങ്ങും. കുറഞ്ഞ ചെലവ്, സൗകര്യം, കാര്യക്ഷമത തുടങ്ങിയ കാരണങ്ങളാണ് ഇലക്ട്രിക് വാഹങ്ങളുടെ സ്വീകാര്യതയ്ക്ക് പിന്നില്‍.

ഇലക്ട്രിക് കാര്‍ രംഗം നേരിട്ടിരുന്ന പ്രധാനപ്രശ്‌നം മോശം റീ ചാര്‍ജിംഗ് സൗകര്യങ്ങളാണ്. പ്രധാന നഗരങ്ങളില്‍പ്പോലും വാഹനങ്ങള്‍ക്കു വേണ്ടി മതിയായ പൊതുവൈദ്യുതിനിറയ്ക്കല്‍ കേന്ദ്രങ്ങളില്ല. ആദ്യ ഘട്ടത്തില്‍ കേടായ സോക്കറ്റുകളും അഡോപ്റ്ററുകളും ഉപയോഗശൂന്യമാകുന്ന അവസ്ഥയുമുണ്ടായിരുന്നു. ഇത് ഇ- കാറുകളുടെ വ്യാപനത്തിന്റെ ഉദ്ദേശ്യശുദ്ധിയെത്തന്നെ തകര്‍ക്കുന്ന നിലയാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍ എളുപ്പം പ്രതിവിധി കാണാവുന്ന ഒരു പ്രശ്‌നമാണിത്. പുതിയ വാഹനങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള ഇന്നൊവേഷനുകളുടെ സഹായം ഇതിനെ നേരിടാന്‍ ഉതകും. അതിനാല്‍ ഇ- വാഹനങ്ങളെക്കുരിച്ചുള്ള പല തെറ്റിദ്ധാരണകളും അവസാനിപ്പിക്കാന്‍ സമയമായി. ഫോസില്‍ ഇന്ധനങ്ങളുടെ ക്ഷാമം വാഹനമേഖലയെ വലിയ പരിവര്‍ത്തനത്തിലേക്കു മാറ്റുകയാണ്. ഏതായാലും ഇത്തരമൊരു പഠനം നടന്നത് പൊതുവേ വാഹനമേഖലയില്‍ ആവേശം വിതറിയിട്ടുണ്ട്. കാരണം ആധുനികവാഹനവ്യവസായ രംഗത്ത് ഇ-കാറുകള്‍ മുഖ്യധാരയില്‍ ഒരു നിര്‍ണായക സ്ഥാനം കൈവരിക്കാന്‍ പോകുകയാണ്.

Comments

comments

Categories: FK News
Tags: e cars