ഡിജിറ്റല്‍ പിസിആറിന് കേന്ദ്ര ബാങ്ക് നടപടികള്‍ തുടങ്ങി

ഡിജിറ്റല്‍ പിസിആറിന് കേന്ദ്ര ബാങ്ക് നടപടികള്‍ തുടങ്ങി

ന്യൂഡെല്‍ഹി: ബാങ്ക് വായ്പയെടുത്തിട്ടുള്ള എല്ലാവരുടെയും വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനായി വിശാലമായ ഡിജിറ്റല്‍ പബ്ലിക് ക്രെഡിറ്റ് രജിസ്ട്രി (പിസിആര്‍) രൂപീകരിക്കാനുള്ള നടപടികള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആരംഭിച്ചു.

വായ്പാ കുടിശ്ശികയില്‍ മനഃപൂര്‍വം വീഴ്ചവരുത്തിയവരുടെ വിവരങ്ങളും സാമ്പത്തിക കൃത്യവിലോപങ്ങള്‍ പരിശോധിക്കുന്നതിനായുള്ള നിയമപരമായ നടപടികള്‍ നേരിടുന്ന വായ്പാ കേസുകളുംം ഡിജിറ്റല്‍ പബ്ലിക് ക്രെഡിറ്റ് രജിസ്ട്രിയില്‍ രേഖപ്പെടുത്തും.

വിപണി നിയന്ത്രണ അതോറിറ്റിയായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി), കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയം, ജിഎസ്ടി നെറ്റ്‌വര്‍ക്ക്, ഐബിബിഐ (ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്‌സി ബോര്‍ഡ് ഓഫ് ഇന്ത്യ) എന്നിവിടങ്ങളില്‍ നിന്നുള്ള വിവരങ്ങളും പിസിആറില്‍ ഉള്‍പ്പെടുത്തും.

ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിലവില്‍ വായ്പയെടുത്തിട്ടുള്ളവരുടെയും ഭാവിയില്‍ വായ്പയെടുക്കാന്‍ എത്തുന്നവരുടെയും മുഴുവന്‍ വായ്പാ വിവരങ്ങള്‍ കൃത്യസമയത്ത് ലഭ്യമാക്കുന്നതിനായാണ് ഡിജിറ്റല്‍ പിസിആര്‍ സംവിധാനം രൂപീകരിക്കുന്നത്.

രജിസ്ട്രി വികസിപ്പിക്കുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കമ്പനികളില്‍ നിന്നും താല്‍പ്പര്യ പത്രം ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി 100 കോടി രൂപയിലധികം വിറ്റുവരവ് നേടുന്ന കമ്പനികള്‍ക്കാണ് താല്‍പ്പര്യ പത്രം സമര്‍പ്പിക്കാനാകുക.

വായ്പാ വിവരങ്ങളുടെ ലഭ്യത സംബന്ധിച്ച അസമത്വം പരിഹരിക്കുന്നതിനും വായ്പാ നടപടികള്‍ വേഗത്തിലാക്കുന്നതിനും സമ്പദ്‌വ്യവസ്ഥയില്‍ വായ്പാ സംസ്‌കാരം ശക്തിപ്പെടുത്തുന്നതിനുമായി പിസിആര്‍ രൂപീകരിക്കുമെന്ന് ഈ വര്‍ഷം ജൂണില്‍ ആര്‍ബിഐ പ്രഖ്യാപിച്ചിരുന്നു. വായ്പാ വിവരങ്ങളുടെ ലഭ്യതയും ഉപയോഗവും സംബന്ധിച്ച നിലവിലെ സാഹചര്യം വിലയിരുത്തുന്നതിന് ഒരു ഉന്നതതല ദൗത്യ സേനയും ആര്‍ബിഐ രൂപീകരിച്ചിരുന്നു.

വിശദമായ വായ്പാ വിവരങ്ങള്‍ അടങ്ങുന്ന ആധികാരികമായ ഡിജിറ്റല്‍ രജിസ്ട്രിയായിരിക്കും പിസിആര്‍. ഫിനാന്‍ഷ്യല്‍ ഇന്‍ഫൊര്‍മേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എന്ന നിലയിലായിരിക്കും പിസിആറിന്റെ പ്രവര്‍ത്തനമെന്ന് ആര്‍ബിഐ വ്യക്തമാക്കുന്നു. നിലവില്‍ ഇന്ത്യയില്‍ വായ്പാ വിവരങ്ങള്‍ സൂക്ഷിക്കുന്ന ഒന്നിലധികം സംവിധാനങ്ങളുണ്ട്.

ഓരോന്നിനും വ്യത്യസ്തമായ അജണ്ടയും കവറേജുമാണുള്ളത്. ആര്‍ബിഐക്കകത്ത് സിആര്‍ഐഎല്‍സിയാണ് വായ്പാ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ഡാറ്റസെറ്റ്. ഇതുകൂടാതെ നാല് സ്വകാര്യ ക്രെഡിറ്റ് ഇന്‍ഫൊര്‍മേഷന്‍ കമ്പനികളും (സിഐസി) ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ നാല് സിഐസികള്‍ക്കും വായ്പാ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ തങ്ങളുടെ നിയന്ത്രണത്തിലുള്ള എല്ലാ സ്ഥാപനങ്ങളോടും ആര്‍ബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

Comments

comments

Categories: Business & Economy, Slider
Tags: RBI