ഒക്‌റ്റോബറില്‍ എഫ്പിഐകള്‍ പിന്‍വലിച്ചത് 38,900 കോടി രൂപ

ഒക്‌റ്റോബറില്‍ എഫ്പിഐകള്‍ പിന്‍വലിച്ചത് 38,900 കോടി രൂപ

ന്യൂഡെല്‍ഹി: ഒക്‌റ്റോബര്‍ മാസം ഇന്ത്യന്‍ മൂലധന വിപണികളില്‍ നിന്നും വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) 38,900 കോടി രൂപയുടെ (5.2 ബില്യണ്‍ ഡോളര്‍) നിക്ഷേപം പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പിന്‍വലിക്കലാണിത്. ആഗോള വ്യാപാരസാമ്പത്തിക പ്രതിസന്ധികളും ക്രൂഡ് ഓയില്‍ വില വര്‍ധനയും രൂപയുടെ മൂല്യ തകര്‍ച്ചയും കറന്റ് എക്കൗണ്ട് കമ്മി ഉയരുന്നതുമാണ് നിക്ഷേപകര്‍ കൂട്ടത്തോടെ നിക്ഷേപം പിന്‍വലിക്കാനുള്ള കാരണം.

ഒരു ലക്ഷം കോടിയിലധികം രൂപയുടെ അറ്റ നിക്ഷേപമാണ് ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണികളില്‍ നിന്നും പിന്‍വലിച്ചത്. ഏറ്റവും പുതിയ ഡെപ്പോസിറ്ററി ഡാറ്റ അനുസരിച്ച് ഒക്‌റ്റോബറില്‍ 28,921 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് ഇക്വിറ്റികളില്‍ നിന്നും എഫ്പിഐകള്‍ പിന്‍വലിച്ചത്. ഇക്കാലയളവില്‍ കടപത്ര വിപണിയില്‍ നിന്നും 9,979 കോടി രൂപയുടെ അറ്റ നിക്ഷേപവും എഫ്പിഐകള്‍ പിന്‍വലിച്ചു. 2016 നവംബര്‍ മുതലുള്ള ഏറ്റവും ഉയര്‍ന്ന പിന്‍വലിക്കലാണിത്. 39,396 രൂപയുടെ നിക്ഷേപമാണ് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം നടന്ന 2016 നവംബറില്‍ എഫ്പിഐകള്‍ പുറത്തേക്ക് വലിച്ചത്.

ഈ വര്‍ഷം സെപ്റ്റംബര്‍ അവസാനത്തോടെയാണ് വിദേശ നിക്ഷേപകര്‍ വലിയ തോതില്‍ നിക്ഷേപം പിന്‍വലിച്ചുതുടങ്ങിയത്. സെപ്റ്റംബറില്‍ മൊത്തം 21,000 കോടി രൂപയുടെ അറ്റ പിന്‍വലിക്കലാണ് ഇന്ത്യന്‍ മൂലധന വിപണികളില്‍ നിന്നും എഫ്പിഐകള്‍ നടത്തിയത്. ജനുവരി, മാര്‍ച്ച്, ജൂലൈ, ഓഗസ്റ്റ് എന്നീ മാസങ്ങളൊഴിച്ചാല്‍ ഈ വര്‍ഷം പൊതുവേ വലിയ തോതില്‍ നിക്ഷേപം പിന്‍വലിക്കുന്ന പ്രവണതയാണ് ഇന്ത്യന്‍ മൂലധന വിപണികളില്‍ നിരീക്ഷിച്ചിട്ടുള്ളത്. ഈ നാല് മാസങ്ങളിലായി മൊത്തം 32,000 കോടി രൂപയുടെ നിക്ഷേപം ആഭ്യന്തര മൂലധന വിപണികളില്‍ എഫ്പിഐകള്‍ നടത്തിയിരുന്നു.

യുഎസ് ഫെഡ് പലിശ നിരക്ക് ഉയര്‍ത്തിയതും ക്രൂഡ് ഓയില്‍ വില വര്‍ധനയും രൂപയുടെ മൂല്യ തകര്‍ച്ചയും കറന്റ് എക്കൗണ്ട് കമ്മി ഉയരുന്നതും ഇന്ത്യയുടെ ധനക്കമ്മി സംബന്ധിച്ച ആശങ്കകളും ഈ ഘടകങ്ങള്‍ രാജ്യത്ത് ബൃഹത് സാമ്പത്തിക സാഹചര്യത്തിലുണ്ടാക്കിയ ആഘാതവുമാണ് വിപണിയില്‍ നിക്ഷേപകരുടെ ആത്മവിശ്വാസം കുറയാനുള്ള പ്രധാന കാരണമെന്ന് മോണിംഗ്സ്റ്റാര്‍ സീനിയര്‍ അനലിസ്റ്റ് മാനേജര്‍ ഹിമാന്‍ഷു ശ്രീവാസ്തവ പറഞ്ഞു. അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പും യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം ശക്തിപ്രാപിക്കുന്നതും ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിലെ ഇക്വിറ്റി വിപണികള്‍ക്ക് കൂടുതല്‍ തിരിച്ചടിയാകുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy, Slider
Tags: FPI