ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തും: ക്രിസില്‍

ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തും: ക്രിസില്‍

മുംബൈ: ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ നഷ്ടത്തിലേക്ക് നടപ്പു സാമ്പത്തിക വര്‍ഷം രാജ്യത്തെ വിമാനക്കമ്പനികള്‍ കൂപ്പുകുത്തുമെന്ന് ക്രിസില്‍ റേറ്റിംഗ്‌സിന്റെ വിലയിരുത്തല്‍. വിമാന ഇന്ധനത്തിന്റെ വില വര്‍ധനയും രൂപയുടെ മൂല്യ തകര്‍ച്ചയും കാരണം പ്രവര്‍ത്തന ചെലവ് വര്‍ധിച്ചതാണ് രാജ്യത്തെ വിമാനക്കമ്പനികള്‍ വലിയ നഷ്ടം കുറിക്കാനുള്ള കാരണമായി ക്രിസില്‍ റേറ്റിംഗ്‌സ് പറയുന്നത്.

പലിശയും നികുതിയും അടക്കമുള്ള ചെലവുകള്‍ക്ക് മുന്‍പുള്ള വരുമാനത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷം മൊത്തം 9,300 കോടി രൂപയുടെ ഇടിവ് രാജ്യത്തെ വിമാനക്കമ്പനികള്‍ രേഖപ്പെടുത്തുമെന്നാണ് കണക്കുകൂട്ടല്‍.

പ്രതിസന്ധി നേരിട്ടിരുന്ന 2014ല്‍ 7,348 കോടി രൂപയുടെ നഷ്ടമാണ് വരുമാനത്തില്‍ രേഖപ്പെടുത്തിയിരുന്നതെന്ന് ക്രിസില്‍ റേറ്റിംഗ്‌സ് ചൂണ്ടിക്കാട്ടി. 2014 സാമ്പത്തിക വര്‍ഷം മുതല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരെയുള്ള കാലയളവില്‍ രാജ്യത്തെ വിമാനക്കമ്പനികള്‍ രേഖപ്പെടുത്തിയ സംയോജിത ലാഭം 4,000 കോടി രൂപയാണ്.

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് വിമാനക്കമ്പനികള്‍ സാമ്പത്തിക പ്രതിസന്ധി നേരിടാനുള്ള പ്രധാന കാരണം. ഈ വര്‍ഷം ഇതുവരെ ഏകദേശം 13 ശതമാനം ഇടിവാണ് രൂപയുടെ മൂല്യത്തില്‍ ഉണ്ടായത്. വിമാനക്കമ്പനികളുടെ ചെലവിന്റെ ഭൂരിഭാഗവും ഡോളറിലുള്ളതായതിനാല്‍ രൂപയുടെ മൂല്യതകര്‍ച്ച വലിയ ആഘാതമാണുണ്ടാക്കുന്നത്.

കമ്പനികളുടെ മൊത്തം ചെലവില്‍ 35-40 ശതമാനം പങ്കുവഹിക്കുന്നത് വിമാന ഇന്ധനത്തിനായുള്ള ചെലവിടല്‍ ആണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് എടിഎഫ് വിലയില്‍ ശരാശരി 28 ശതമാനം വര്‍ധനയാണ് നടപ്പു സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്നത്. ഇതും കമ്പനികളുടെ സാമ്പത്തികാരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് ക്രിസില്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ കുറച്ച് പാദങ്ങളായി യാത്രനിരക്ക് വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ക്ക് കഴിഞ്ഞിരുന്നില്ല. വിപണിയിലെ ശക്തമായ മത്സരവും യാത്ര നിരക്ക് വര്‍ധിപ്പിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കമ്പനികള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തിയതായി ക്രിസില്‍ ചൂണ്ടിക്കാട്ടി. 652.13 കോടി രൂപയുടെ നഷ്ടമാണ് ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡ് സെപ്റ്റംബര്‍ പാദത്തില്‍ രേഖപ്പെടുത്തിയത്. പബ്ലിക് ലിമിറ്റഡ് ആയതിനുശേഷം കമ്പനി ഇതാദ്യമായാണ് നഷ്ടം കുറിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ 551.56 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം.

സ്‌പൈസ് ജെറ്റ്, ജെറ്റ് എയര്‍വെയ്‌സ് എന്നിവ ജൂണ്‍ പാദത്തില്‍ നഷ്ടം കുറിച്ചിരുന്നു. ഇന്ത്യന്‍ വ്യോമയാന വിപണിയില്‍ അതിജീവനം ഉറപ്പിക്കുന്നതിന് ജെറ്റ് എയര്‍വെയ്‌സിന് വലിയ മൂലധനം ആവശ്യമാണ്.

വിമാനക്കമ്പനികളുടെ പ്രതിസന്ധി പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ജെറ്റ് ഇന്ധനത്തിന്റെ എക്‌സൈസ് തീരുവ 300 ബേസിസ് പോയ്ന്റ് കുറച്ച് 11 ശതമാനമാക്കിയിരുന്നു. എന്നാല്‍, ഇതും കമ്പനികള്‍ക്ക് വലിയ ആശ്വാസമാകില്ലെന്നാണ് ക്രിസില്‍ ചൂണ്ടിക്കാണിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ വിമാനക്കമ്പനികള്‍ 1.65-1.90 ബില്യണ്‍ ഡോളറിന്റെ നഷ്ടം കുറിക്കുമെന്നാണ് വ്യോമയാന ഗവേഷണ സംരംഭമായ സിഎപിഎ ഇന്ത്യയുടെ നിരീക്ഷണം.

Comments

comments

Tags: Airlines