47 സ്‌റ്റോറുകള്‍ കൂടി തുറക്കും; ഇന്ത്യയെ മുറുകെപ്പിടിച്ച് വാള്‍മാര്‍ട്ട്

47 സ്‌റ്റോറുകള്‍ കൂടി തുറക്കും; ഇന്ത്യയെ മുറുകെപ്പിടിച്ച് വാള്‍മാര്‍ട്ട്

3,200 കോടിയോളം രൂപ വാള്‍മാര്‍ട്ട് നിക്ഷേപിക്കും; ആകെ സ്റ്റോറുകളുടെ എണ്ണം 70 ലേക്ക് ഉയര്‍ത്തും

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയ്‌ലറായ ഫഌപ്കാര്‍ട്ടിനെ ഏറ്റെടുത്തതിന്റെ ആവേശം അവസാനിക്കുന്നതിന് മുന്‍പ് അമേരിക്ക ആസ്ഥാനമായുള്ള വാള്‍മാര്‍ട്ട് രാജ്യത്ത് 47 മൊത്ത വില്‍പ്പന സ്റ്റോറുകള്‍ കൂടി ആരംഭിക്കാന്‍ പദ്ധതിയിടുന്നു. 2022 അവാനത്തോടെയാവും പുതിയ സ്റ്റോറുകള്‍ ആരംഭിക്കുക. 3,200 കോടിയോളം രൂപയാവും ഇതിനായി വാള്‍മാര്‍ട്ട് നിക്ഷേപിക്കുക. ഫഌപ് കാര്‍ട്ടിലൂടെ ഓണ്‍ലൈനില്‍ സാന്നിധ്യം സജീവമാക്കിയെങ്കിലും ഓഫ്‌ലൈന്‍ വിപണിയും അതിശക്തമായി മുന്നോട്ടു കൊണ്ടുപോകാനാണ് കമ്പനിയുടെ തീരുമാനമെന്ന് പ്രഖ്യാപനം സൂചിപ്പിക്കുന്നു. നിലവില്‍ വാള്‍മാര്‍ട്ടിന് 23 ഔട്ട്‌ലെറ്റുകളാണ് ഇന്ത്യയിലുള്ളത്.

കഴിഞ്ഞ ദിവസമാണ് വാള്‍മാര്‍ട്ട് ഇന്ത്യയുടെ 23 ാം സ്റ്റോര്‍ വിശാഖപട്ടണത്ത് ആരംഭിച്ചത്. നഗരത്തില്‍ രണ്ടാമത്തെ സ്‌റ്റോര്‍ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങളും കമ്പനി നടത്തുന്നുണ്ടെന്ന് പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ കൃഷ് അയ്യര്‍ പറഞ്ഞു. 56,000 ചതുരശ്ര അടി വലിപ്പമുള്ളതാണ് വിശാഖപട്ടണത്തെ ഔട്ട്‌ലെറ്റ്. പ്രത്യക്ഷമായും പരോക്ഷമായും ഏതാണ്ട് 2,000 പേര്‍ക്ക് ഇവിടെ തൊഴില്‍ ലഭ്യമാക്കിയിട്ടുണ്ട്. ആന്ധ്രാ പ്രദേശിലെ നാലാമത്തെ ഔട്ട്‌ലെറ്റാണിത്. കൂടാതെ വാള്‍മാര്‍ട്ട് ഇന്ത്യ, വാള്‍മാര്‍ട്ട് കമ്പനിയുടെ പൂര്‍ണ്ണ അനുബന്ധ കമ്പനി ആയതിനുശേഷമുള്ള സംസ്ഥാനത്തെ ആദ്യ സ്റ്റോറുമാണിത്. ‘വിശാഖപട്ടണത്ത് പുതിയ സ്റ്റോര്‍ ആരംഭിക്കുന്നതിന് ഞങ്ങള്‍ പദ്ധതിയിടുന്നുണ്ട്. ഇതിനു വേണ്ടിയുള്ള സ്ഥലങ്ങള്‍ അന്വേഷിച്ച് വരികയാണ്. വരുന്ന മൂന്ന്, നാല് മാസങ്ങള്‍ക്കുളളില്‍ സ്ഥലം ഏറ്റെടുക്കല്‍ കരാര്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരാര്‍ സാധ്യമായാല്‍ മൂന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പുതിയ സ്റ്റോര്‍ ഞങ്ങള്‍ യാഥാര്‍ത്യമാക്കും,’ കൃഷ് അയ്യര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ടെലികോം ഭീമനായ ഭാരതി എന്റര്‍പ്രൈസസുമായി ചേര്‍ന്ന് വാള്‍മാര്‍ട്ട് 2007 ല്‍ ഭാരതി വാള്‍മാര്‍ട്ട് എന്ന സംയുക്ത സരംഭത്തിന് രൂപം നല്‍കിയിരുന്നു. എന്നാല്‍ 2014 ല്‍ ഇരു കമ്പനികളും വഴി പിരിഞ്ഞു. വാള്‍മാര്‍ട്ട് ഇന്ത്യ, വാള്‍മാര്‍ട്ട് കമ്പനിയുടെ പൂര്‍ണ ഉടമസ്ഥതയിലേക്ക് എത്തിച്ചേരുകയും ചെയ്തു. 5,000 ല്‍ അധികം ഉല്‍പ്പന്നങ്ങളാണ് വാള്‍മാര്‍ട്ട് ഇന്ത്യ സ്റ്റോറുകളിലൂടെ ലഭ്യമാക്കുന്നത്. ഇക്കഴിഞ്ഞ മേയിലാണ് 77 ശതമാനം ഓഹരികള്‍ ഏറ്റെടുത്ത് കൊണ്ട് ഫഌപ്കാര്‍ട്ടിനെ വാള്‍മാര്‍ട്ട് സ്വന്തമാക്കിയത്. ഏതാണ്ട് 21 ബില്യണ്‍ ഡോളറിനായിരുന്നു ഏറ്റെടുക്കല്‍.

Comments

comments

Categories: FK News
Tags: Walmart