ചെറുകിട സംരംഭകര്‍ക്ക് 59 മിനുട്ടിനുള്ളില്‍ 1 കോടി വായ്പ!

ചെറുകിട സംരംഭകര്‍ക്ക് 59 മിനുട്ടിനുള്ളില്‍ 1 കോടി വായ്പ!

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് വിപണിപിന്തുണയും സാമ്പത്തിക പിന്തുണയും കേന്ദ്രം നല്‍കും

ന്യൂഡെല്‍ഹി: പിന്നാക്കം നില്‍ക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുള്ള പ്രത്യേക പാക്കേജ്(സപ്പോര്‍ട്ട് ആന്‍ഡ് ഔട്ട്‌റീച്ച് പദ്ധതി) പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. വായ്പാ ലഭ്യത, കൈമാറ്റം, സുസ്ഥിരത ഉറപ്പുവരുത്തല്‍ എന്നിവ സംബന്ധിച്ച് പാക്കേജില്‍ വിശദീകരിച്ചിട്ടുണ്ട്.

ചെറുകിട സംരംഭകര്‍ക്ക് എളുപ്പത്തില്‍ വായ്പ ലഭിക്കുന്നതിനുള്ള നിര്‍ദേശത്തിന് പാക്കേജില്‍ പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. സംരംഭകര്‍ക്ക് 59 മിനുട്ടിനുള്ളില്‍ ഓണ്‍ലൈന്‍ വഴി ഒരു കോടി രൂപവരെ വായ്പ ലഭിക്കുന്ന പദ്ധതിയാണ് പാക്കേജില്‍ ശ്രദ്ധേയം. കൂടാതെ വിപണി പ്രവേശനം എളുപ്പാക്കുകയും ഈ മേഖലയിലേക്കുള്ള പണമൊഴുക്ക് മെച്ചപ്പെടുത്തുകയും ചെയ്യാനുള്ള പദ്ധതികളും പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംരംഭകര്‍ക്ക് എംഎസ്എംഇ മേഖലയിലേക്ക് കടന്നുവരാന്‍ പ്രോത്സാഹനം നല്‍കുന്നതിനും ലക്ഷ്യമിടുന്നു.

ഡെല്‍ഹിക്കു പുറമെ, രാജ്യത്തുടനീളമുള്ള 100 ഓളം മേഖലകളില്‍ സമാനമായ പദ്ധതികള്‍ അവതരിപ്പിച്ചിട്ടുണ്ട്. അതില്‍ കേന്ദ്രമന്ത്രിമാരും സംസ്ഥാനങ്ങളിലെ മന്ത്രിമാരും പങ്കെടുത്തു. രാജ്യത്തെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ഔട്ട്‌റീച്ച് ആന്‍ഡ് സപ്പോര്‍ട്ട് പ്രോഗ്രാം അടുത്ത 100 ദിവസത്തേക്കാണ് അവതരിപ്പിച്ചിരിക്കുന്നത്.

നോട്ടുനിരോധനവും ഏകീകൃത ചരക്കു സേവന നികുതിയും എംഎസ്എംഇ മേഖലയ്ക്ക് കനത്ത ആഘാതം ഏല്‍പ്പിച്ചിരുന്നു. തൊഴില്‍നഷ്ടത്തിന് വഴിവെക്കുകയും ചെയ്തു. ഈ പ്രതിസന്ധികള്‍ക്കുള്ള പരിഹാരം പുതിയ പാക്കേജിലൂടെ കണ്ടെത്താനാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സാങ്കേതിവിദ്യയുടെ ഉപയോഗം വര്‍ധിപ്പിക്കല്‍, പരിശീലനം, നികുതി സംബന്ധമായ ചില ഇളവുകള്‍ തുടങ്ങിയവയും എംഎസ്എംഇ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ജിഡിപിയിലേക്ക് 30 ശതമാനവും സംഭാവന ചെയ്യുന്നത് എംഎസ്എംഇ മേഖലയാണ്.

Comments

comments

Categories: FK News, Slider