റോയല്‍ എന്‍ഫീല്‍ഡ് ബോബര്‍ ഈ മാസം 6 ന്

റോയല്‍ എന്‍ഫീല്‍ഡ് ബോബര്‍ ഈ മാസം 6 ന്

മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ അനാവരണം ചെയ്യും

ന്യൂഡെല്‍ഹി : റോയല്‍ എന്‍ഫീല്‍ഡിന്റെ ഓള്‍-ന്യൂ ബോബര്‍ നവംബര്‍ 6 ന് അനാവരണം ചെയ്യും. മോട്ടോര്‍സൈക്കിളിന്റെ രണ്ടാമത്തെ ടീസര്‍ ചിത്രം റോയല്‍ എന്‍ഫീല്‍ഡ് പുറത്തുവിട്ടു. ഈയാഴ്ച്ചയുടെ തുടക്കത്തില്‍ ആദ്യ ടീസര്‍ പുറത്തിറക്കിയാണ് റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ അടുത്ത ‘മഹാ സംഭവം’ മാലോകരെ അറിയിച്ചത്. ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നീ 650 സിസി ഇരട്ടകളുടെ ലോഞ്ചിന് മുമ്പ് റോയല്‍ എന്‍ഫീല്‍ഡ് ബോബര്‍ തന്റെ വിശ്വരൂപം പുറത്തെടുക്കും. ഇറ്റലിയിലെ മിലാനില്‍ ഈ വര്‍ഷത്തെ ഐക്മയിലാണ് (മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോ) റോയല്‍ എന്‍ഫീല്‍ഡ് ബോബര്‍ അനാവരണം ചെയ്യുന്നത്. പുതിയ ബൈക്ക് ബോബര്‍ എന്നുതന്നെയെന്ന് സ്ഥിരീകരിക്കുന്നതാണ് രണ്ടാമത്തെ ടീസര്‍.

എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, സിംഗിള്‍ സീറ്റ്, ഉയര്‍ന്നതും ഫഌറ്റ്-ടൈപ്പുമായ ഹാന്‍ഡില്‍ബാര്‍ എന്നീ സവിശേഷതകള്‍ ആദ്യ ടീസര്‍ ചിത്രത്തില്‍നിന്ന് മനസ്സിലാക്കാമായിരുന്നു. ഇന്ധന ടാങ്കിന്റെ നിറം ഡാര്‍ക്ക് ഗ്രീന്‍ ആണെന്ന് രണ്ടാമത്തെ ടീസര്‍ പറഞ്ഞുതരുന്നു. അതേസമയം ഫ്യൂവല്‍ ടാങ്ക് ക്യാപ്, ഹെഡ്‌ലാംപ് ബേസല്‍, ഫ്രണ്ട് ഫോര്‍ക്കുകള്‍ എന്നിവയില്‍ ചെമ്പ് നിറമാണ് നല്‍കിയിരിക്കുന്നത്. മുന്‍, പിന്‍ ഫെന്‍ഡറുകളുടെ നീളം നന്നേ വെട്ടിക്കുറച്ചതായി ടീസര്‍ ചിത്രത്തില്‍ കാണാം. ബോബര്‍ സ്‌റ്റൈല്‍ മോട്ടോര്‍സൈക്കിളുകളുടെ പ്രധാന ഫീച്ചര്‍ ഇതുതന്നെയാണ്.

റോയല്‍ എന്‍ഫീല്‍ഡ് ബോബറിന്റെ എന്‍ജിന്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. പൂര്‍ണ്ണമായും പുതിയ എന്‍ജിനായിരിക്കും നല്‍കുകയെന്ന് കിംവദന്തികള്‍ പ്രചരിക്കുന്നുണ്ട്. രണ്ട് ചക്രങ്ങളിലും ഇരട്ട ഡിസ്‌ക് ബ്രേക്കുകള്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡുവല്‍ ചാനല്‍ എബിഎസ് നല്‍കാതിരിക്കാന്‍ വഴിയില്ല. റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ സൂപ്പര്‍താരമായിരിക്കും ഓള്‍-ന്യൂ ബോബര്‍. ട്രയംഫ് ബോണവില്‍ ബോബറും കസ്റ്റം ബൈക്കുകളും സാമ്പത്തികമായി വാങ്ങാന്‍ കഴിയാത്തവര്‍ക്ക് റോയല്‍ എന്‍ഫീല്‍ഡ് ബോബര്‍ മികച്ച ഓപ്ഷനായിരിക്കും. റോയല്‍ എന്‍ഫീല്‍ഡിന്റെ 650 സിസി ഇരട്ടകള്‍ ഇന്ത്യയില്‍ ഈ മാസം 14 ന് അവതരിപ്പിക്കും.

Comments

comments

Categories: Auto
Tags: RE Bober