പട്ടേലിനെ പിന്തുണച്ച് സ്വാമി; എതിര്‍ത്ത് ബിബേക് ദെബ്രോയ്

പട്ടേലിനെ പിന്തുണച്ച് സ്വാമി; എതിര്‍ത്ത് ബിബേക് ദെബ്രോയ്

ആര്‍ബിഐ എന്നല്ല ഒരു കേന്ദ്ര ബാങ്കും സ്വതന്ത്രമല്ലെന്ന് ബിബേക് ദെബ്രോയ്

ന്യൂഡെല്‍ഹി: സ്വയംഭരണാധികാരം സംബന്ധിച്ച് ധനമന്ത്രാലയവും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും തമ്മില്‍ നടക്കുന്ന തര്‍ക്കത്തില്‍ കേന്ദ്ര സര്‍ക്കാരിന് പിന്തുണയുമായി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാന്‍ ബിബേക് ദെബ്രോയ്. ആര്‍ബിഐയുടെ സ്വയംഭരണാധികാരത്തിന് പരിമിതികളുണ്ടെന്നും പൂര്‍ണമായ സ്വയംഭരണാവകാശം അവകാശപ്പെടാന്‍ കേന്ദ്ര ബാങ്കിന് കഴിയില്ലെന്നുമാണ് ബിബേക് ദെബ്രോയ് പറയുന്നത്.

കേന്ദ്ര ബാങ്കുമായുള്ള വിനിമയങ്ങള്‍ സ്വകാര്യമായി തന്നെ നിലനിര്‍ത്തുമെന്നും സാമ്പത്തികവിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നതും വിലയിരുത്തലുകള്‍ നടത്തുന്നതും തുടരുമെന്നും കഴിഞ്ഞ ദിവസം ധനമന്ത്രാലയം അറിയിച്ചിരുന്നു. തൊട്ടുപുറകെയാണ് വിഷയത്തില്‍ സര്‍ക്കാരിനെ പിന്തുണച്ച് ദെബ്രോയ് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

കേന്ദ്ര ബാങ്ക് യഥാര്‍ത്ഥത്തില്‍ സ്വതന്ത്രമല്ല. ഒരു കേന്ദ്ര ബാങ്കിനും പൂര്‍ണമായ സ്വാതന്ത്ര്യം ഇല്ല. ധനനയം പൂര്‍ണമായി സാമ്പത്തിക നയത്തില്‍ നിന്നും വേര്‍പ്പെടുത്തിയിട്ടില്ലെന്നും ദെബ്രോയ് പറഞ്ഞു. ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ വൈ വി റെഡ്ഡി അദ്ദേഹത്തിന്റെ ആത്മകഥയില്‍ (അഡൈ്വസ് ആന്‍ഡ് ഡിസന്റ്) പറഞ്ഞിട്ടുള്ള കാര്യങ്ങളെ ഉദ്ധരിച്ചാണ് ദെബ്രോയ് ഈ അഭിപ്രായം രേഖപ്പെടുത്തിയത്. ആര്‍ബിഐ സ്വതന്ത്രമാണ്, എന്നാല്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പരിധിക്കുള്ളിലാണ് കേന്ദ്ര ബാങ്കിന്റെ സ്വാതന്ത്ര്യം’ എന്നാണ് വൈ വി റെഡ്ഡി പുസ്തകത്തില്‍ പറഞ്ഞിട്ടുള്ളത്.

അതേസമയം സര്‍ക്കാരുമായുള്ള തര്‍ക്കത്തില്‍ ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് ബിജിപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. കേന്ദ്ര ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനെ പുറത്താക്കുന്നതിനായുള്ള കാംപെയ്‌നില്‍ മുന്‍നിരയിലുണ്ടായിരുന്ന ആളാണ് സുബ്രഹ്മണ്യന്‍ സ്വാമി. പട്ടേല്‍ ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്ത് തുടരണമെന്നാണ് അദ്ദേഹം പറയുന്നത്. വിവേക രഹിതമായ വായ്പ നിയന്ത്രിക്കുന്നതില്‍ കേന്ദ്ര ബാങ്ക് പരാജയപ്പെട്ടതാണ് രാജ്യത്തെ ബാങ്കിംഗ് മേഖലയില്‍ കിട്ടാക്കടം പെരുകാനുള്ള കാരണമെന്ന് കഴിഞ്ഞ ദിവസം ജയ്റ്റ്‌ലി കുറ്റപ്പെടുത്തിയിരുന്നു. ഉര്‍ജിത് പട്ടേല്‍ രാജിവെച്ചാല്‍ അത് ഈ ആരോപണത്തിന്റെ നേരിട്ടുള്ള അനന്തരഫലമാകുമെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നത്. യേല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബാങ്കിംഗില്‍ പിഎച്ച്ഡി നേടിയ ബഹുമാന്യനായ വിദഗ്ധനാണ് പട്ടേല്‍ എന്നും സ്വാമി ഓര്‍മിപ്പിച്ചു.

Comments

comments

Categories: Current Affairs
Tags: Bibek Debroy, RBI

Related Articles