ആദ്യ പാദത്തിലെ നഷ്ടം 940 കോടി രൂപ മാത്രം; സെപ്റ്റംബര്‍ മാസത്തെ കണക്ക് പ്രകാരം ബാങ്കിന്റെ കിട്ടാക്കടം 17.16%
ന്യൂഡെല്‍ഹി: നീരവ് മോദി വായ്പാ തട്ടിപ്പില്‍ കുടുങ്ങിയ പഞ്ചാബ് നാഷണല്‍ ബാങ്കിന് തിരിച്ചടികള്‍ തുടര്‍ക്കഥയാകുന്നു. 2018-19 സാമ്പത്തിക വര്‍ഷത്തിന്റെ സെപ്റ്റംബര്‍ മാസത്തില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ 4,532 കോടി രൂപയാണ് ബാങ്കിന്റെ നഷ്ടം. ആദ്യ പാദത്തിലെ നഷ്ടം 940 കോടി രൂപയായിരുന്നു. അഞ്ചിരട്ടി നഷ്ടമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 560 കോടി രൂപ ലാഭമുണ്ടാക്കിയ സ്ഥാനത്താണ് ബാങ്ക് കനത്ത നഷ്ടത്തിലേക്ക് വീണിരിക്കുന്നത്.
ബാങ്കിന്റെ രണ്ടാംപാദ നഷ്ടം സാമ്പത്തിക വിദഗ്ധരെയും ഞെട്ടിച്ചിട്ടുണ്ട്. 13 ബ്രോക്കര്‍മാരെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പ്രവചിച്ചത് 1,349.2 കോടി രൂപയുടെ നഷ്ടമായിരുന്നു. വായ്പാ തിരിച്ചടവും നിഷ്ക്രിയ ആസ്തികളും വര്‍ധിച്ചതോടെ മറ്റ് വരുമാനങ്ങളില്‍ നിന്നും പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വെക്കേണ്ടി വന്ന തുക 9,757 കോടി രൂപയായി വര്‍ധിച്ചിട്ടുണ്ട്. തൊട്ടു മുന്‍പത്തെ പാദത്തില്‍ 5,758 കോടി രൂപയും മുന്‍ വര്‍ഷത്തെ സമാന പാദത്തില്‍ 2,440 കോടി രൂപയും മാത്രമാണ് ഇപ്രകാരം നീക്കി വെക്കേണ്ടി വന്നിരുന്നത്.
നിഷ്്ക്രിയ ആസ്തികള്‍ കാരണമാണ് ഇതില്‍ 7,733 കോടി രൂപയും നീക്കി വെക്കേണ്ടി വന്നത്. ആദ്യ പാദത്തില്‍ 4,982 കോടി രൂപയും 2017-18 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 2,964 കോടി രൂപയും ഇപ്രകാരം നിഷ്ക്രിയാസ്തികള്‍ കൈകാര്യം ചെയ്യാനായി മറ്റ് വരുമാനങ്ങളില്‍ നിന്ന് വകയിരുത്തേണ്ടി വന്നിരുന്നു.
സെപ്റ്റംബര്‍ മാസത്തെ കണക്ക് പ്രകാരം ബാങ്കിന്റെ കിട്ടാക്കടം 17.16 ശതമാനമാണ്. ആദ്യ പാദത്തെക്കാള്‍ നിഷ്ക്രിയാസ്തി കുറഞ്ഞത് ബാങ്കിന് അല്‍പ്പം ആശ്വാസം പകരുന്നുണ്ട്. ജൂണിലവസാനിച്ച പാദത്തില്‍ 18.26 ശതമാനമായിരുന്നു നിഷ്ക്രിയാസ്തി. 2017-18 ലെ രണ്ടാം പാദത്തിലാവട്ടെ 13.31 ശതമാനം നിഷ്ക്രിയാസ്തിയാണ് രേഖപ്പെടുത്തിയിരുന്നത്. വജ്രവ്യാപാരിയായ നീരവ് മോദിയും മാതുലന് മെഹുല്‍ ചോക്സിയും ചേര്‍ന്ന് 11,400 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയതോടെയാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് കടക്കെണിയിലേക്ക് കൂപ്പുകുത്തിയിരുന്നത്. മുംബൈയിലെ ബ്രാഡി ഹൗസ് ബ്രാഞ്ചിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയായിരുന്നു തട്ടിപ്പ്. ബാങ്ക് സിബിഐക്ക് പരാതി നല്കാനൊരുങ്ങുന്നെന്ന് മനസിലാക്കി നീരവ് മോദിയും ചോക്സിയും വിദേശത്തേക്ക് കടക്കുകയായിരുന്നു.