പുതിയ സാന്‍ട്രോ ഹ്യുണ്ടായുടെ ഐശ്വര്യം

പുതിയ സാന്‍ട്രോ ഹ്യുണ്ടായുടെ ഐശ്വര്യം

ഇന്ത്യയില്‍ ഒരു മാസത്തെ എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പന 2018 ഒക്‌റ്റോബറില്‍ നേടി

ന്യൂഡെല്‍ഹി : പുതിയ സാന്‍ട്രോ വിപണിയില്‍ അവതരിപ്പിച്ചതോടെ ഹ്യുണ്ടായുടെ വില്‍പ്പന ഗ്രാഫ് കുത്തനെ വര്‍ധിച്ചു. ഇന്ത്യയില്‍ ഒരു മാസത്തെ എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പനയാണ് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ രേഖപ്പെടുത്തിയത്. 2018 ഒക്‌റ്റോബറില്‍ 52,001 യൂണിറ്റ് കാറുകള്‍ വിറ്റു. കയറ്റുമതി ഉള്‍പ്പെടെ കഴിഞ്ഞ മാസം ആകെ വിറ്റത് 65,020 യൂണിറ്റ്. കഴിഞ്ഞ വര്‍ഷം ഇതേ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 4.9 ശതമാനം ആഭ്യന്തര വില്‍പ്പന വളര്‍ച്ചയാണ് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ കൈവരിച്ചത്. അതേസമയം കയറ്റുമതി 3.7 ശതമാനം വര്‍ധിച്ചു. 2017 ഒക്‌റ്റോബറില്‍ 12,551 കാറുകളാണ് കയറ്റി അയച്ചതെങ്കില്‍ കഴിഞ്ഞ മാസം 13,019 യൂണിറ്റ് കയറ്റുമതി ചെയ്യാന്‍ സാധിച്ചു.

ഇതുവരെയായി 2018 സാന്‍ട്രോയുടെ 8,500 ലധികം യൂണിറ്റ് വിറ്റതായി ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ അറിയിച്ചു. ഒക്‌റ്റോബര്‍ 23 നാണ് പുതിയ സാന്‍ട്രോ വിപണിയില്‍ അവതരിപ്പിച്ചത്. 22 ദിവസത്തിനുള്ളില്‍ 28,800 ബുക്കിംഗ് കരസ്ഥമാക്കാന്‍ പുതിയ സാന്‍ട്രോ ഹാച്ച്ബാക്കിന് സാധിച്ചിരിക്കുന്നു. സ്വന്തം സെഗ്‌മെന്റില്‍ മറ്റൊരു കാറിനും എത്തിപ്പിടിക്കാനാവാത്ത നേട്ടം.

ഇന്ത്യയുടെ ഫേവറിറ്റ് ഫാമിലി കാറായ സാന്‍ട്രോയുടെ ബ്ലോക്ക്ബസ്റ്റര്‍ ലോഞ്ചാണ് ശക്തമായ ഡിമാന്‍ഡിന് പിന്നിലെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ നാഷണല്‍ സെയില്‍സ് ഹെഡ് വികാസ് ജെയ്ന്‍ പറഞ്ഞു. ഹ്യുണ്ടായുടെ ‘10,000 ക്ലബ്’ കാറുകളായ ക്രെറ്റ, ഐ20, ഗ്രാന്‍ഡ് ഐ10 മോഡലുകളും വില്‍പ്പന വളര്‍ച്ചയില്‍ വലിയ പങ്ക് വഹിച്ചു.

Comments

comments

Categories: Auto
Tags: New Santro